വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുത്; കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കൂടിയാലോചന നടത്താതേയും എല്ലാം സംസ്ഥാനങ്ങളുടേയും നിലപാട് പരിശോധിക്കാതെയും തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും, സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ട് കേന്ദ്രം വ്യക്തമാക്കി.
വൈവാഹിക ബലാത്സംഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യത്ത് വളരെ ദൂരവ്യാപകമായ സാമൂഹിക-നിയമ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, കർശന നിയമ സമീപനത്തിന് പകരം സമഗ്രമായ സമീപനമാണ് ആവശ്യമെന്നും, സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഒരു വിവാഹ ബന്ധത്തിൽ പങ്കാളിക്ക് ലൈംഗിക പ്രതീക്ഷ ഉണ്ടാകുമെന്നും, അതിനാൽ വിവാഹത്തെ മറ്റു സാഹചര്യങ്ങളിൽ നിന്നു വ്യത്യസ്തമായി പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, വിവാഹം സ്ത്രീകളുടെ സമ്മതം എന്ന ആശയം ഇല്ലാതാക്കുന്നില്ലെന്നും, എന്നാൽ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ഭർത്താവിനെ ശിക്ഷിക്കുന്നതും ഉചിതമായ പ്രതിവിധി അല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിവാഹബന്ധത്തില്‍ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി വ്യത്യസ്തമായ പരിഹാരങ്ങള്‍ പാർലമെന്റ് മുന്നോട്ടുവെച്ചിട്ടുണ്ടെന്നും കേന്ദ്രം പറയുന്നു.
വൈവാഹിക ലൈംഗികാതിക്രമത്തിൽ, ഭർത്താക്കന്മാരെ ബലാത്സംഗ കുറ്റം ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിന്റെ സാധുത സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധിക്കെതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.