Business

91,000 കോടി നിക്ഷേപത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ രത്തന്‍ ടാറ്റ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ ടാറ്റ, ഇലക്ട്രോണിക്‌സ് മേഖലയില്‍ 91,000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ലാഭത്തിനു പകരം പാവപ്പെട്ട ജനങ്ങളുടെ ക്ഷേമവും ഇന്ത്യയുടെ വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ടാറ്റയുടെ അധിപന്‍ രത്തന്‍ ടാറ്റ ഇത്തരം ഒരു ഉദ്യമത്തിന് ഒരുങ്ങുന്നത്. ഇന്ത്യക്കാര്‍ക്ക് ടാറ്റ ഗ്രൂപ്പ് എന്നതു കേവലം ഒരു കമ്പനിയല്ല; മറിച്ച് അതൊരു വികാരമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ നിക്ഷേപ പദ്ധതിയിലൂടെ.

ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ധോലേരയില്‍ സ്ഥാപിക്കുന്ന ടാറ്റ ഇലക്ട്രോണിക്‌സ് ചിപ്പ് നിര്‍മാണ യൂണിറ്റിനുള്ള നിക്ഷേപമായാണ് 91,000 കോടി രൂപ മുതല്‍ മുടക്കാന്‍ ടാറ്റ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക നിര്‍മ്മാണ പ്ലാന്റിനായി തായ്‌വാനിലെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പ്പറേഷനു (പിഎസ്എംസി)മായി ടാറ്റ കരാര്‍ ഒപ്പുവച്ചു കഴിഞ്ഞൂവെന്നതിനാല്‍ പദ്ധതി അതിവേഗം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കാം.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും അര്‍ദ്ധചാലക ബിസിനസില്‍ കണ്ണുള്ളപ്പോഴാണ് രത്തന്‍ ടാറ്റ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എഐ പ്രാപ്തമാക്കിയ ഗ്രീന്‍ഫീല്‍ഡ് ഫാബ് നിര്‍മ്മിക്കും. സാങ്കേതികവിദ്യകളുടെ വിശാലമായ ഒരു പോര്‍ട്ട്‌ഫോളിയോയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനും ഫാബ് യൂണിറ്റിന് എന്‍ജിനീയറിംഗ് പിന്തുണ നല്‍കുന്നതിനും പിഎസ്എംസിയുടെ ഡിസൈനും നിര്‍മ്മാണ പിന്തുണയും ലഭ്യമാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

ധോലേരയിലെ ടാറ്റ ഗ്രൂപ്പിന്റെ മള്‍ട്ടി-ഫാബ് വിഷന്‍ പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രതിമാസം 50,000 വേഫറുകള്‍ വരെ നിര്‍മ്മിക്കാനാകുന്ന വമ്പന്‍ പ്ലാന്റാണ് വരാന്‍ പോകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ വഴി എഫ്എംജിസി ഉല്‍പ്പന്നങ്ങള്‍ മുതല്‍ വാഹനങ്ങള്‍ വരെ കൈകാര്യം ചെയ്യുന്ന വമ്പന്‍ സാമ്രാജ്യമാണ് ടാറ്റ ഗ്രൂപ്പ്. പിഎസ്എംസിയുമായി കരാറിലെത്തിയ കാര്യം രത്തന്‍ ടാറ്റ തന്നെയാണ് വെളിപ്പെടുത്തിയത്.

ടാറ്റ ഗ്രൂപ്പ് ജീവനകാരുണ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്കെടുത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ഇന്നത്തെ ആസ്തിയിലും കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ നേതൃത്വത്തിന് കീഴിലുള്ള ഗ്രൂപ്പിന്റെ ലാഭത്തില്‍ 66 ശതമാനവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ശ്രേഷ്ഠവ്യക്തിത്വം കൂടിയാണ് രത്തന്‍ ടാറ്റ. ഇതുകൊണ്ടു തന്നെയാണ് ഫോബ്‌സ് ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷാവര്‍ഷം ശതകോടീശ്വര•ാരുടെ പട്ടിക പുറത്തുവിടുമ്പോള്‍ രത്തന്‍ ടാറ്റ അതില്‍ ഉള്‍പ്പെടാതെ പോകുന്നത്.

Related Articles

Back to top button