Kerala

എഡിജിപി അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിലേക്ക്

എഡിജിപി എംആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും. ഡിജിപി കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അജിത്കുമാർ നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് വിവരം

എഡിജിപി രണ്ട് ഉന്നത ആർഎസ്എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലും സിപിഐ സ്വീകരിച്ചത്

എഡിജിപിക്കെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലും അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടാണ് എംവി ഗോവിന്ദൻ അറിയിച്ചത്.

Related Articles

Back to top button