National

അമേരിക്കന്‍ കുത്തകയായ സ്റ്റാര്‍ബക്സിന് ഇന്ത്യയില്‍ കാലിടറിയത് എന്തുകൊണ്ട്

മുംബൈ: ഉദാരവത്കരണത്തിന്റെ കരുത്തില്‍ ധാരാളം വിദേശ കുത്തകകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് എത്തുകയും തങ്ങളുടേതായ സാമ്രാജ്യം വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ബക്‌സിന് എവിടെയാണ് പിഴച്ചതെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. 2007ലാണ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സ്റ്റാര്ബക്സ് ആദ്യചുവടുവെപ്പ് നടത്തുന്നത്.

ഇന്ത്യയുടെ രുചിഭേദങ്ങളെയും വൈവിധ്യങ്ങളെയും മനസ്സിലാക്കാന്‍ വേണ്ട ഒരു പ്രയത്നം ഈ കമ്പനി നടത്തിയില്ല എന്നിടത്താണ് ആദ്യ പിഴവ് സംഭവിച്ചത്. പാളിച്ച ബോധ്യപ്പെട്ട് 2012ല്‍ രണ്ടാമതൊരു ശ്രമം ഇവര്‍ നടത്തി. അന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി ചേര്‍ന്ന് 50 50 സംയുക്ത സംരംഭമായിട്ടായിരുന്നു രണ്ടാം വരവ് പക്ഷേ ഇതും വേണ്ടത്ര വിജയിച്ചില്ലെന്നതാണ് ചരിത്രം.

മുന്‍പ് 1,218 കോടി രൂപയോളം വിറ്റുവരവുണ്ടായിരുന്ന കമ്പനിക്ക് 2024ല്‍ ലഭിച്ചതാവട്ടെ വെറും 82 കോടിയാണ്. സ്റ്റാര്‍ബക്സ് പ്രതിസന്ധി നേരിടുന്നത് ഇന്ത്യയില്‍ മാത്രമല്ലെന്നതാണ് യാഥാര്‍ഥ്യം. തങ്ങളുടെ ജന്മനാടായ അമേരിക്കയിലും ഒപ്പം ചൈനയുള്‍പ്പെടെയുള്ള പല നാടുകളിലും സമാനമായ അവസ്ഥായാണ് ഈ അമേരിക്കന്‍ ഭീമന്‍ അഭിമുഖീകരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്റ്റാര്‍ബക്സ് ഇന്ത്യ വിടുമോ അതോ പുത്തന്‍ തന്ത്രങ്ങളുമായി കളംനിറഞ്ഞു കളിക്കാന്‍ ശ്രമിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

പ്രീമിയം കോഫി എന്ന ആശയത്തിലേക്ക് ഇന്ത്യാക്കാരെ ആകര്‍ഷിക്കുന്നതില്‍ സ്റ്റാര്‍ബക്‌സ് ഒരു പരിധിവരെ വിജയിച്ചെങ്കിലും തുടക്കത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തോളം ഉയര്‍ത്താന്‍ സാധിച്ചെങ്കിലും പിന്നീട് കച്ചവടം കുത്തനെ ഇടിഞ്ഞമരുന്നതാണ് കണ്ടത്. ഇന്ത്യയിലേക്ക് സ്റ്റാര്‍ബക്സ് എത്തിയപ്പോള്‍ ഇത്തരം കോഫി സംസ്‌കാരം ഇന്ത്യയിലെ പലയിടത്തും പുതിയ ഒന്നായിരുന്നു കാപ്പിയും ചായയുമൊക്കെ ദക്ഷിണേന്ത്യയില്‍ സുലഭമാണെങ്കിലും ഇതിന്റെയൊക്കെ ഒരു വെറൈറ്റിയെ ഭാരതീയര്‍ കൈനീട്ടി സ്വീകരിച്ചു. പ്രത്യേകിച്ചും ചെറുപ്പക്കാര്‍ എന്നതാണ് യാഥാര്‍ഥ്യം.

കോവിഡ് കാലമെത്തിയതോടെ ഇത്രയും ഉയര്‍ന്ന തുകക്ക് കാപ്പി കുടിക്കണോയെന്ന് സാമ്പത്തികമായി നട്ടംതിരിയുന്ന ഘട്ടത്തില്‍ ആളുകള്‍ ചിന്തിച്ചത് സ്വാഭാവികം. പലയിടങ്ങളിലും സ്റ്റാര്‍ബക്സ് സ്‌റ്റൈല്‍ കോഫികള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നതും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഇന്ത്യ തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് സ്റ്റാര്‍ബക്‌സ് തന്നെയാണ്. എന്തായാലും കാത്തിരിക്കാം.

Related Articles

Back to top button