Sports

മെസ്സി, റോണോ ഇവര്‍ക്കു ശേഷം അടുത്ത ഇതിഹാസമായില്ല; എവിടെ നെയ്മര്‍

ലോക ഫുട്‌ബോള്‍ ഒരു സമയത്തു ഏറെ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടേത്. മുന്‍ ഇതിഹാസം പെലെയുടെ പിന്‍ഗാമിയെന്നു പോലും ആദ്യകാലത്തു അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. അത്രയുമധികം പ്രതിഭാശാലിയാണ് നെയ്മറെന്നായിരുന്നു ഫുട്‌ബോള്‍ പണ്ഡിതരുടെ നിരീക്ഷണം. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കു ശേഷം ആധുനിക ഫുട്‌ബോളിലെ ഇതിഹാസം അദ്ദേഹം തന്നെയെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു.

പക്ഷെ ഇപ്പോള്‍ നെയ്മര്‍ എവിടെ? ഒരു ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം കരിയറില്‍ കത്തിക്കയറേണ്ട പ്രായമാണ് 30കള്‍. എന്നാല്‍ ഇപ്പോള്‍ കളിക്കളത്തില്‍ നെയ്‌റുടെ പൊടി പോലുമില്ലെന്നതാണ് ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് നിരാശാജനകമായ കാര്യം. ഒരു വര്‍ഷത്തോളമായി അദ്ദേഹം കളിക്കളത്തിനു പുറത്താണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17ന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വേയുമായുള്ള മല്‍സരത്തിലാണ് നെയ്മര്‍ അവസാനം പന്തു തട്ടിയത്. പക്ഷെ ഈ കളിക്കിടെ അദ്ദേഹത്തിന്റെ ഇടതു കാല്‍മുട്ടിനു സാരമായി പരിക്കേല്‍ക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് മെസ്സി, റൊണാള്‍ഡോ എന്നിവരുടെ ലെവലിലേക്ക് ഫുട്‌ബോളിലെ ഒരു അദ്ഭുതമായി മാറാന്‍ മെസ്സിക്കു സാധിക്കാതെ പോയത്? ഇതിന്റെ കാരണങ്ങള്‍ നോക്കാം.

ശാരീരിക ദൗര്‍ബല്യം

ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ നെയ്മറുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് ശാരീരികമായിട്ടുള്ള ദൗര്‍ബല്യം തന്നെയാണ്. മെസ്സിയും റൊണാള്‍ഡോയും കളി മിടുക്ക് കൊണ്ടു മാത്രമല്ല, ഫിറ്റ്‌നസും ശാരീരികശേഷി കൊണ്ടും അസാധാരണ മികവ് പുലര്‍ത്തുന്ന ഫുട്‌ബോളര്‍മാരാണ്. ഈ ഗെയിമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവ് മാത്രം പോരാ. ശാരീരികയുമായുള്ള ശേഷിയും വളരെ പ്രധാനമാണ്.

നെയ്മറെ സംബന്ധിച്ച് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം ശാരീരികമയി അദ്ദേഹം വളരെയധികം ദുര്‍ബലനാണ് എന്നതു തന്നെയാണ്. പക്ഷെ കഠിനാധ്വാനത്തിലൂടെ അദ്ദേഹത്തിനു ഈ വീക്ക്‌നെസിനെ മറികടക്കാന്‍ സാധിക്കുമായിരുന്നു. കുട്ടിക്കാലത്തു ഇതിനേക്കാള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മെസ്സിയെ അലട്ടിയിട്ടുണ്ട്. എന്നിട്ടും അദ്ദേഹം ഇപ്പോള്‍ ഈ ലെവലിലേക്കു ഉയര്‍ന്നത് ഫുട്‌ബോളിനോടുള്ള ആത്മസമര്‍പ്പണവും കഠിനാധ്വാനവും കൊണ്ടാണ്.

ശാരീരികമായുള്ള ദൗര്‍ബല്യം കാരണം ചെറിയ ടാക്കിളുകള്‍ പോലും പലപ്പോഴും അതിജീവിക്കാന്‍ നെയ്മര്‍ക്കു സാധിക്കാറില്ല. ഇതു അദ്ദേഹത്തിനു നിരന്തരം പരിക്കുകളേല്‍ക്കാന്‍ ഇടയാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. കരിയറിന്റെ പകുതിയിലേറെയും നെയ്മര്‍ക്കു പുറത്തിരിക്കേണ്ടി വന്നതും ഈ കാരണത്താല്‍ തന്നെയാണ്.

പലപ്പോഴും എതിര്‍ താരങ്ങളാല്‍ ഫൗള്‍ ചെയ്യപ്പെട്ട് അദ്ദേഹം ഗ്രൗണ്ടില്‍ വീണുരുളുന്നത് പതിവു കാഴ്ചയാണ്. ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം ഒരു സമയത്തു നെയ്മര്‍ക്കു നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

എന്നാല്‍ മെസ്സിയെയും റൊണാാള്‍ഡോയെയും ഈ തരത്തില്‍ പതിവായി ഫൗളിനു ഇരയാവുന്നത് നമുക്കു കാണാന്‍ സാധിക്കില്ല. വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ അവരെ ഫൗളുകള്‍ ബാധിക്കാറുള്ളൂ. ഈ കാരണത്താല്‍ പരിക്കുകള്‍ രണ്ടു പേരുടെയും കരിയറിനെ വലയ്ക്കുകയും ചെയ്തിട്ടില്ല.

ബെസ്റ്റാവാനുള്ള ആഗ്രഹം

നെയ്മറുടെ കരിയറിനെ പിന്നോട്ടടുപ്പിച്ച രണ്ടാമത്തെ കാര്യം ഫുട്‌ബോളിനോടുള്ള പാഷനില്ലായ്മയാണ്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അന്നും ഇന്നും ലോകത്തിലെ ഏറ്റവും ബെസ്റ്റാവണമെന്ന് ആഗ്രഹിക്കുന്നവരും ഇതിനായി തങ്ങളുടെ എല്ലാം സമര്‍പ്പിക്കാന്‍ തയ്യാറായവരുമാണ്. രണ്ടു പേരും നേടിയിട്ടുള്ള ലോക ഫുട്‌ബോളര്‍ പുരസ്‌കാരങ്ങള്‍ ഇതിനുള്ള നേര്‍ക്കാഴ്ചയുമാണ്.

പക്ഷെ മെസ്സി, റൊണാള്‍ഡോ എന്നിവരോളം പാഷന്‍ നെയ്മറില്‍ നമുക്കു കാണാന്‍ സാധിക്കില്ല. കളിക്കളം വിട്ടാല്‍ മറ്റു പലതുമാണ് അദ്ദേഹത്തിനു പ്രധാനം. സെലിബ്രിറ്റി ജീവിതം ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ബ്രസീല്‍ സൂപ്പര്‍ താരം. പാര്‍ട്ടികളും പോക്കര്‍ ഗെയിമുമെല്ലാം നെയ്മറുടെ പ്രധാന വിനോദങ്ങളാണ്.

ഫുട്‌ബോളിനെയും അതിനോടൊപ്പം കൊണ്ടുപോവാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. ഈ കാരണത്താല്‍ തന്നെ നെയ്മറുടെ കരിയര്‍ എവിടെയുമെത്താതെ ഇപ്പോഴും വഴിമുട്ടി തന്നെ നില്‍ക്കുകയാണ്. ഇനി അദ്ദേഹത്തിനു ഒരു തിരിച്ചുവരവ് നടത്തി ലോകത്തിലെ ബെസ്റ്റാവുകയെന്നത് ഏറെക്കുറേ അസാധ്യം തന്നെയായിരിക്കും.

Related Articles

Back to top button