ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാനാണ് മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത്: അൻവർ
മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നത് ചില കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ വേണ്ടിയാണെന്ന് പിവി അൻവർ. വേണ്ടി വന്നാൽ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവിടും. പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോർത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അൻവർ പറഞ്ഞു
പോലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് ഗവർണറെ കണ്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഗവർണർ അറിയിച്ചു. സ്വർണം പൊട്ടിക്കൽ അടക്കം എല്ലാ വിവരങ്ങളും പോലീസിന്റെ കയ്യിലുണ്ട്. എന്നാൽ ഇതൊന്നും പോലീസ് അന്വേഷിക്കുന്നില്ല.
ഹൈക്കോടതിയിൽ കേസ് വന്നാൽ സഹായിക്കണമെന്ന് അറിയിക്കാനാണ് ഗവർണറെ കണ്ടത്. കോടതി ഗവർണറുടെ വാക്കുകൾക്ക് വില കൽപ്പിക്കും. ഗവർണറുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കാണാതിരുന്നതെന്നും അൻവർ പറഞ്ഞു.