ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരിനെതിരെ കേരള നിയമസഭയിൽ പ്രമേയം. ജനാധിപത്യ വിരുദ്ധ പരിഷ്‌കരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിക്കുക.
സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടുമ്പോൾ ഈ പ്രമേയം ഐക്യകണ്ഡഠേന പാസാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം സഭയിലെത്തിയിട്ടില്ല. അങ്ങനെയെങ്കിൽ മറ്റേതെങ്കിലും മുതിർന്ന മന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.