Automobile

വെറും 5.99 ലക്ഷത്തിന് 20 കി.മീ. മൈലേജുള്ള പുത്തന്‍ മാഗ്‌നൈറ്റുമായി നിസാന്‍

അതും മാരുതി സ്വിഫ്റ്റിനേക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ പതിപ്പ് എത്തുന്നത്

ചെന്നൈ: ഹാച്ച്ബാക്കുകളുടെ വിലയ്ക്ക് എസ്യുവി എന്നാല്‍ അതാണ് നിസ്സാന്റെ മാഗ്നൈറ്റ്. ഇപ്പോള്‍ മാഗ്‌നൈറ്റിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് നിസാന്‍. അതും മാരുതി സ്വിഫ്റ്റിനേക്കാള്‍ വിലക്കുറവിലാണ് പുത്തന്‍ പതിപ്പ് എത്തുന്നതെന്ന് കേട്ടാല്‍ ആരാണ് ഞെട്ടാത്തത്. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വില നിലനിര്‍ത്തിയാണ് മുഖംമിനുക്കിയ എസ്യുവി് എത്തുന്നത്.

ഹാച്ച്ബാക്കുകളുടെ മൂല്യത്തില്‍ എസ്‌യുവി വാങ്ങാനാവുമെന്ന് ആരും സ്വപ്നംപോലും കാണാതിരുന്ന കാലത്തായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മാഗ്‌നൈറ്റ് എന്ന സബ്-4 മീറ്റര്‍ എസ്യുവിയിലൂടെ ലോകത്തെ ഞെട്ടിച്ചത്. വെറും 4.99 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം പുറത്തിറക്കിയ നിസ്സാന് അതോടെ ശുക്രനുദിക്കുകയായിരുന്നു. മാഗ്‌നൈറ്റിന്റെ വരവോടെ വന്നവരും പോയവരുമെല്ലാം ഷോറൂമുകളുടെ മുന്നില്‍ വരിനിന്ന ഒരു കാലവുമുണ്ടായിരുന്നു.

മാഗ്നൈറ്റ് നിസ്സാന്‍ വരവറിയിച്ചത് 2020 ഡിസംബറിലായിരുന്നു. എന്നാല്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ സെഗ്മെന്റിലെ എതിരാളികളെല്ലാം തങ്ങളുടെ വാഹനങ്ങളില്‍ പരിഷ്‌കാരം വരുത്തി മുന്നേ പറന്നു. ഇതോടെ ഈ വാഹനം പിന്‍നിരയിലേക്ക് തള്ളപ്പെട്ടു. പക്ഷേ വീണ്ടും ഫ്‌ളാഗ്ഷിപ്പായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെയ്‌സ് ലിഫ്റ്റ് മോഡലുമായി എത്തുന്നത്.

ആദ്യം വാങ്ങുന്ന 10,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് 5.99 ലക്ഷം എന്ന ഈ പ്രാരംഭ വില ബാധകമാവുകയുള്ളൂവെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം വിലയില്‍ മാറ്റമുണ്ടാവാമെന്നാണ് ഇത് നല്‍കുന്ന സൂചന. ടോപ്പ് എന്‍ഡിന് 11.50 ലക്ഷമാണ് വില വരിക. പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ആറ് വേരിയന്റുകളിലായി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്സുകളിലുമായാണ് നിസാന്റെ കുഞ്ഞന്‍ എസ്യുവി കളംനിറയാന്‍ എത്തുന്നത്.

ഒറ്റനോട്ടത്തില്‍ എന്ത് മാറ്റമിരിക്കുന്നുവെന്ന് സംശയിച്ചേക്കാമെങ്കിലും ക്രോം, ഗ്ലോസ്-ബ്ലാക്ക് ഘടകങ്ങള്‍ ഉള്ള വിശാലമായ പുതിയ ഗ്രില്ലാണ് എടുത്തുകാട്ടുന്ന മാറ്റം. പഴയ രൂപമാണെങ്കിലും അതിലെ പാറ്റേണിലാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്. ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതല്‍ പൊമിനന്റായ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്. എന്നാല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലുകളും പുതിയ സിഗ്‌നേച്ചര്‍ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാന്‍ അവകാശപ്പെടുന്നത്.

പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളില്‍ പുതുമയുണ്ട്. പിന്നില്‍ ടെയില്‍ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗില്‍ മാറ്റമുണ്ട്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, റിയര്‍ എസി വെന്റുകള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകള്‍ക്കൊപ്പം പുതുക്കിയ ഗ്രാഫിക്സ്, പുതിയ ഓട്ടോ ഹെഡ്ലാമ്പുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, പുതിയ ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിമോട്ട് സ്റ്റാര്‍ട്ടോടുകൂടിയ പുതിയ കീ ഫോബ്, അപ്ഡേറ്റ് ചെയ്ത 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മാഗ്‌നൈറ്റില്‍ കാണാം.

എഞ്ചിന്‍ ഓപ്ഷനുകളിലേക്കു വന്നാല്‍ നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഗിയര്‍ബോക്സ് കോമ്പിനേഷന്‍ തന്നെയാണ് മാഗ്നൈറ്റ് തുടര്‍ന്നും നല്‍കുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 ബിഎച്ച്പി കരുത്തില്‍ 96 എന്‍എം ടോര്‍ക്കുവരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം മാഗ്‌നൈറ്റിന്റെ ടര്‍ബോ പതിപ്പ് 99 എന്‍എം ടോര്‍ക്കുവരെയാണ് നല്‍കുന്നത്.

5-സ്പീഡ് മാനുവല്‍, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോള്‍ ടര്‍ബോ-പെട്രോളിലാണ് സിവിടി ഓപ്ഷന്‍ തെരഞ്ഞെടുക്കാനാവുന്നത്. മാനുവലില്‍ 20 കിലോമീറ്ററും സിവിടി ടര്‍ബോ വേരിയന്റുകള്‍ക്ക് 17.4 കിലോമീറ്ററുമാണ് മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button