കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 101
രചന: റിൻസി പ്രിൻസ്
അങ്ങനെയാണെങ്കിൽ ഈസി ആയിട്ട് ആ കട നമുക്ക് എടുക്കാൻ പറ്റും. ഇന്ന് തന്നെ കെഎസ്എഫ്ഇ പോയി ചിട്ടിയുടെ കാര്യങ്ങൾ സംസാരിക്കണം.
സുധി അത് പറഞ്ഞപ്പോൾ സതിയുടെ ഇടനെഞ്ചിൽ ഒരു മിന്നലേറ്റു
“അതു മോനെ ഈ ബേക്കറിയിൽ നിന്നൊക്കെ എന്ത് കിട്ടാനാ…? നമ്മുക്ക് ഒന്നും കൂടി ഒന്ന് ആലോചിച്ചിട്ട് ഇതിനെക്കുറിച്ച് ചിന്തിച്ചാൽ പോരെ…?
പെട്ടെന്ന് രക്ഷപ്പെടാൻ എന്നവണ്ണം സതി പറഞ്ഞു, ആ മറുപടി സുധിയ്ക്ക് ഒട്ടും തന്നെ അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. എന്തുകൊണ്ടാണ് അമ്മ ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് അവൻ ചിന്തിച്ചത്. അതേ അമ്പരപ്പ് തന്നെ ആ നിമിഷം മീരയിലും ഉണ്ടായിരുന്നു.. മകന്റെ ജോലി പോയതിൽ ഏറ്റവും കൂടുതൽ വിഷമിച്ചിരുന്ന ആളാണ്, എന്നിട്ട് എന്താണ് ഇപ്പോൾ ഇവർ ഇങ്ങനെ സംസാരിക്കുന്നത് എന്നാണ് അവൾ ആ നിമിഷം ചിന്തിച്ചിരുന്നത്..
” അതെന്തിനാ അതിന് മാറ്റിവയ്ക്കുന്നത്.. കയ്യോടെ ചെയ്യുന്നതല്ലേ നല്ലത്,
” അതല്ല മോനെ ശ്രീജിത്ത് വന്ന് അവനോടു കൂടി ഒന്ന് സംസാരിച്ചിട്ട് ഒരു തീരുമാനം എടുത്താൽ പോരെ,
“ശ്രീജിത്ത് ഈ കാര്യത്തിൽ എന്ത് തീരുമാനം എടുക്കാൻ..? മാത്രമല്ല ഞാനിത് ഉറപ്പിച്ചത് ആണ്. അതിപ്പോൾ ശ്രീജിത്ത് വേണ്ടെന്ന് പറഞ്ഞാലും ഞാൻ ഈ തീരുമാനം മാറാനും പോകുന്നില്ല. പിന്നെ ഈ ഒരു കാര്യത്തിൽ അല്ലെങ്കിലും മറ്റു ചില ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ആ പണം എനിക്ക് അത്യാവശ്യമാണ്. അതുകൊണ്ട് അമ്മ വേഗം റെഡിയായി പേപ്പർ എടുക്കാൻ നോക്ക്,
സുധി ഉറപ്പിച്ചത് പോലെ പറഞ്ഞപ്പോൾ ഇനി തന്റെ മുൻപിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലെന്ന് അവർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. മോനെ അതുകൊണ്ടല്ല ആ പേപ്പർ ഒക്കെ ശ്രീജിത്തിന്റെ അലമാരയിലാ അവരുടെ മുറിയിൽ കയറി ഞാനത് എടുക്കുക എന്ന് പറഞ്ഞാൽ അത് ശരിയല്ലല്ലോ… മാത്രമല്ല അലമാരിയുടെ താക്കോൽ രമ്യയുടെ കയ്യിൽ ആണ്… അവര് വരട്ടെ, അവൻ വൈകിട്ട് വന്നിട്ട് നാളെ നമുക്ക് പോയാ പോരെ,
” അമ്മ എന്തിനാ അതിന്റെ പേപ്പർ ഒക്കെ ശ്രീജിത്തിന്റെ കൈയിൽ കൊടുത്തത്. അതൊക്കെ അമ്മയ്ക്ക് സൂക്ഷിച്ചാൽ പോരായിരുന്നോ..? ഞാൻ അമ്മയുടെ പേരിൽ അയച്ചു തന്നിരുന്ന കാശല്ലേ അതിന്റെ പേപ്പർ ഒന്നെങ്കിൽ എന്റെ അലമാരയിലോ അല്ലെങ്കിൽ അമ്മയുടെ കൈയിലോ സൂക്ഷിച്ചാൽ പോരായിരുന്നോ…?
അല്പം മുഷിച്ചിലോട് കൂടി തന്നെയാണ് അവനത് പറഞ്ഞത്. ഈ സാഹചര്യത്തിൽ താനാ പണം ശ്രീജിത്തിന് കൊടുത്തു എന്ന് ഇവൻ അറിഞ്ഞാൽ എന്തായിരിക്കും ഉണ്ടാവാൻ പോകുന്നത് എന്ന് ഒരു നിമിഷം അവർ ചിന്തിച്ചിരുന്നു. അത് എന്റെ അലമാരി മാറ്റിയ സമയത്ത് കൊടുത്തത് ആണ്.. അതൊന്നും നശിച്ചു പോകണ്ടാന്ന് കരുതി, എന്റെ അലമാരിയിൽ നിറയെ പാറ്റയാണ്, അതുകൊണ്ട് അതിൽ വച്ചിട്ട് പോയാലോ എന്ന് കരുതി. ഞാൻ രമ്യയുടെ കൈയ്യിൽ കൊടുത്തത് ആണ്.. അന്ന് നിന്റെ കല്യാണം കഴിഞ്ഞിട്ടില്ല, പിന്നെ കല്യാണം കഴിഞ്ഞ സമയത്ത് അതൊക്കെ രമ്യയോട് തിരിച്ചു വാങ്ങാൻ ഞാൻ മറന്നു പോയി, ഏതായാലും വൈകിട്ട് അവൻ വരട്ടെ… എന്നിട്ട് നമുക്കത് വാങ്ങാം, അത്രയും പറഞ്ഞ് അവന്റെ മുഖത്ത് പോലും നോക്കാതെ അടുക്കളയിലേക്ക് പോയിരുന്നു ആ നിമിഷം തന്നെ സതി….
പെട്ടെന്നുള്ള അവരുടെ ഈ പ്രവർത്തികളിൽ ഒക്കെ എന്തോ ഒരു അരുതായ്മ ആ നിമിഷം തന്നെ മീരയ്ക്ക് തോന്നിയിരുന്നു. എന്നാൽ അവൾ അത് അവനോട് പറഞ്ഞിരുന്നില്ല. താൻ എന്തെങ്കിലും പറഞ്ഞ് ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് അവൾ ആഗ്രഹിച്ചിരുന്നു എന്നതാണ് അതിനു പിന്നിലെ സത്യം.
” ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ,നല്ല തലവേദന
” ഭക്ഷണം കഴിക്കേണ്ട ഏട്ടാ..? ഒന്ന് കിടന്ന് കുളിച്ച് എഴുന്നേറ്റിട്ട് മതി. വിശപ്പില്ല, പിന്നെ വിനോദിന്റെ കൂടെ പോയപ്പോൾ ചെറിയൊരു സാൻവിച്ചും ജ്യൂസും കുടിച്ചിരുന്നു, അതുകൊണ്ട് ഇപ്പോൾ ഒന്നും വേണ്ട, പക്ഷേ നീ വല്ലതും കഴിക്കാൻ നോക്ക്, നിന്റെ മുഖത്ത് നല്ല ക്ഷീണമുണ്ട്. ഞാൻ വിളമ്പി തരണോ..?
ഏറെ സ്നേഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു. അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി. കുളി കഴിഞ്ഞതും സുധി നേരെ കട്ടിലിൽ കയറി ഉറങ്ങാനായികിടന്നു. അവൻ നന്നേ ക്ഷീണിച്ചതാണ് എന്ന് മനസ്സിലായത് കൊണ്ട് തന്നെ അവനെ ശല്യപ്പെടുത്താൻ അവൾ പോയില്ല.
മീര തനിക്ക് ചെയ്യാനുള്ള വർക്കുകൾ ഒക്കെ തീർത്ത് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും സതിയെ കാണുന്നില്ല, സാധാരണ ഒരു മണിയായാൽ കൃത്യമായി ഭക്ഷണം കഴിക്കുന്ന ആളാണ്. അവൾ അകത്തു ചെന്ന് നോക്കിയപ്പോൾ കിടക്കുകയാണ്, മുഖത്ത് നല്ല പരിഭ്രമവും ഉണ്ട്.. എന്താണ് കാരണമെന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല.
” അമ്മ ഭക്ഷണം കഴിക്കുന്നില്ലേ…? അവൾ അവരോട് ചോദിച്ചു,
” എനിക്ക് ഒന്നും വേണ്ട..!
അവളോട് താല്പര്യമില്ലാത്ത രീതിയിൽ മറുപടി പറഞ്ഞ് അവർ തിരിഞ്ഞു കിടന്നിരുന്നു.. മനസ്സിൽ മുഴുവൻ ആധിയാണ്, വളരെയധികം ഭയപ്പെട്ട ഒരു നിമിഷം തന്നെയാണ് ഇപ്പോൾ മുൻപിൽ നിലനിൽക്കുന്നത്.. താൻ എന്താണ് പറയുന്നത് തനിക്ക് അറിയില്ല, ഇത്രയും വലിയൊരു തുക ഇന്ന് രാത്രി കൊണ്ട് ശ്രീജിത്തിന് തനിക്ക് തരാൻ സാധിക്കില്ല. ഈ വിഷയം അറിയുമ്പോൾ എന്തായിരിക്കും സുധിയുടെ പ്രതികരണം..? അവൻ തീർച്ചയായും ദേഷ്യപ്പെടും എന്ന് അവർക്ക് ഉറപ്പായിരുന്നു. വല്ലാത്തൊരു അവസ്ഥയിലൂടെയും മാനസികാവസ്ഥയിലൂടെയും ആയിരുന്നു ആ നിമിഷം സതി കടന്നു പോയിരുന്നത്. വൈകുന്നേരം ആകുംതോറും അവർക്ക് നെഞ്ചിടിച്ച് തുടങ്ങി. ഒന്നും കഴിക്കാനും കുടിക്കാനും പോലും സാധിക്കുന്നില്ല. അത്രത്തോളം മനസ്സിനെ വിഷമിപ്പിക്കുന്നുണ്ട് ഈ കാര്യം.
വൈകുന്നേരം ആദ്യം വന്നത് രമ്യയാണ്. രമ്യ വന്ന ഉടനെ തന്നെ സതി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി രമ്യയുടെ അരികിലേക്ക് ചെന്നിരുന്നു. പതിവില്ലാതെ തന്റെ മുറിയിലേക്ക് കയറിവരുന്ന അമ്മായിയമ്മയെ കണ്ടതും അവൾ മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി..
” ശ്രീജിത്ത് വന്നില്ലേ..?
” ശ്രീയേട്ടൻ ഇപ്പോ വരില്ലാന്ന് അമ്മയ്ക്ക് അറിയാലോ..? പിന്നെന്താ അങ്ങനെ ഒരു ചോദ്യം.?
അവൾ മനസ്സിലാകാതെ അവരോട് ചോദിച്ചു
” ഞാൻ പണ്ട് അവന് കുറച്ചു പൈസ കൊടുത്തത് നീ ഓർക്കുന്നുണ്ടോ..,? അന്ന് സുധിയുടെ കെഎസ്എഫ്ഇ പിടിച്ച ഞാൻ കൊടുത്തത് നീ ഓർക്കുന്നില്ലേ..? കെഎസ്എഫ്ഇ കിടന്ന ചിട്ടി, അന്ന് വെറും ഒരു മാസം അവധി പറഞ്ഞാൽ അവൻ എന്റെ കയ്യീന്ന് ആ പണം വാങ്ങിയത്.. ഇപ്പോൾ കൊല്ലം ഒന്നായിട്ടും നിങ്ങൾ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഇന്നിപ്പോൾ സുധി എന്നോട് ആ കാശിനെ കുറിച്ച് ചോദിച്ചു. അവന് അത്യാവശ്യം ആയിട്ട് ആ പണം വേണമെന്ന്, ഞാനിപ്പോൾ എന്താ ചെയ്യുന്നത്…? നീ വേഗം തന്നെ ശ്രീജിത്തിനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ. അത് കേട്ടതും പെട്ടെന്ന് രമ്യയും ഒന്ന് ഞെട്ടിയിരുന്നു, പക്ഷേ ഒട്ടും തന്നെ കൂസലില്ലാതെ അവരുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.
” എനിക്കിതിനെപ്പറ്റി ഒന്നും അറിയില്ല. അമ്മയും മോനും തമ്മിലുള്ള പ്രശ്നങ്ങളൊക്കെ നിങ്ങൾ തന്നെ തീർക്കണം. അമ്മയ്ക്ക് ശ്രീജിത്തിന്റെ നമ്പർ അറിയാല്ലോ നേരിട്ട് വിളിച്ചു പറഞ്ഞുകൂടെ..? എന്നെ എന്തിനാ മീഡിയേറ്റർ ആക്കുന്നത്..? മാത്രമല്ല അന്ന് ആ കാശ് കൊടുക്കാൻ നേരം ഞാൻ അമ്മയോട് പറഞ്ഞൊ പണം കൊടുക്കാൻ
” അവനെ വിളിച്ച് നിനക്കൊന്നു പറഞ്ഞുകൂടെ, ജോലിയിൽ നിൽക്കുന്നവനെ ഞാനായിട്ട് ടെൻഷൻ അടിപ്പിക്കണ്ട എന്ന് കരുതിയ നിന്നോട് പറഞ്ഞത്.
” അതുകൊള്ളാം അമ്മയുടെ മോൻ ടെൻഷൻ അടിക്കാൻ പാടില്ല, പകരം ഞാൻ ടെൻഷൻ അടിച്ചോളാൻ..? അതായിരിക്കും വന്നു കയറി ഉടനെ എന്നോട് പറഞ്ഞത്.
” അതുകൊണ്ടൊന്നുമല്ല, അവനെക്കൊണ്ട് ഒരു രാത്രി കൊണ്ട് ഇത്രയും വലിയ തുകയൊന്നും ഉണ്ടാക്കിയെടുക്കാൻ പറ്റില്ല എന്ന് എനിക്കും അറിയാം നിനക്കും അറിയാം. എന്താണെങ്കിലും ഈ കാശ് സുധിക്ക് തിരികെ കൊടുക്കുകയും വേണം. അവൻ അറിയാതെ ഞാൻ നിങ്ങളെ സഹായിച്ചത് ആണ്.. ഇത് നന്നായിട്ട് നിനക്ക് അറിയാമല്ലോ, അതുകൊണ്ട് എത്രയും പെട്ടെന്ന് ആ പൈസ എനിക്ക് വേണം. അവനെ കൊണ്ട് കൂട്ടിയാൽ കൂട്ടില്ലാന്ന് എനിക്കറിയാം. അതുകൊണ്ട് നിന്നോട് പറയുന്നത്,
” മനസ്സിലായില്ല..! അമ്മ എന്താണ് ഉദ്ദേശിക്കുന്നത്
” നിന്റെ അച്ഛനോട് വിളിച്ച് കുറച്ചു പണം തരാൻ പറ, അപ്പൊൾ പിന്നെ എനിക്ക് വൈകിട്ട് ധൈര്യമായിട്ട് ആ പൈസ എടുത്തു കൊടുക്കാമല്ലോ.
” അത് കൊള്ളാല്ലോ, എന്റെ അച്ഛനോട് പറഞ്ഞിട്ടായിരുന്നോ അമ്മ മകന് പണം കൊടുത്തത്..? അല്ലെങ്കിൽ ഞാൻ പറഞ്ഞൊ അമ്മയോട് മകനെ പണം കൊടുക്കാൻ, നിങ്ങൾ അമ്മയും മകനും തമ്മിലുള്ള ഇടപാട് അല്ലേ..? എന്നെയും എന്റെ അച്ഛനെയും എന്തിനാ ഇതിൽ വലിച്ചിഴയ്ക്കുന്നത്..? അച്ഛനോട് ശ്രീജിത്ത് പണം ചോദിച്ചിട്ടില്ല, എന്റെ അച്ഛൻ ശ്രീജിത്തിന് പണം കൊടുത്തിട്ടുമില്ല.. പിന്നെ ഏതു വകയിലാ ഈ പണം അച്ഛൻ ഉണ്ടാക്കണം എന്ന് അമ്മ പറയുന്നത്. അമ്മ മോനോട് പറഞ്ഞാൽ മതി, മോന് ടെൻഷൻ ആകുമെന്നു പറഞ്ഞു മരുമകളുടെ അമ്മായിഅപ്പനെ കൊണ്ട് പൈസ മുടക്കുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ഒട്ടും ടെൻഷനില്ലാതെ വൈകിട്ട് മോൻ വരുമ്പോൾ അമ്മ പണം വാങ്ങിയാൽ മതി. അല്ലാതെ എന്റെ വീട്ടിലെ പണം കണ്ടുകൊണ്ട് അമ്മ സമാധാനപ്പെടാൻ നിൽക്കണ്ട. അച്ഛൻ കൊടുക്കാം എന്ന് പറഞ്ഞാലും ഞാൻ അതിന് സമ്മതിക്കില്ല. അമ്മയുടെ മോനേ ഒന്നും രണ്ടും ഒന്നുമല്ല ലക്ഷങ്ങൾ ആണ് എന്റെ കയ്യിൽ നിന്ന് മേടിച്ച് അനാവശ്യമാക്കി കളഞ്ഞത്. ഇപ്പൊ അമ്മയുടെ കയ്യിൽ നിന്നും മേടിച്ചിട്ടുണ്ട് എന്ന് പറയുന്നു, ഇതിലൊന്നും ഞാൻ പെട്ടിട്ടില്ല.. അമ്മയും മോനും കൂടി എന്താണെന്ന് വെച്ചാൽ ചെയ്തോ..!
അത്രയും പറഞ്ഞവൾ തിരിഞ്ഞു നടന്നപ്പോൾ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട നിൽക്കുകയായിരുന്നു സതി…കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…