പോര് പ്രഖ്യാപിച്ച ഗവർണറെ നേരിടാനുറച്ച് സിപിഎം; പ്രചാരണം ശക്തമാക്കും
മുഖ്യമന്ത്രിക്കെതിരെ തുറന്ന പോര് പ്രഖ്യാപിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിടാനുറച്ച് സിപിഎം. കാലാവധി കഴിഞ്ഞ ഗവർണർ സംഘ്പരിവാറിന് വേണ്ടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന പ്രചാരണം സർക്കാർ ശക്തമാക്കും. ഇടതുമുന്നണി നേതാക്കളും വരുന്ന ദിവസങ്ങളിൽ ഗവർണർക്കെതിരെ രംഗത്തുവരും.
മലപ്പുറം ജില്ലയിൽ നിന്ന് പിടിക്കുന്ന സ്വർണവും ഹവാല പണവുമെല്ലാം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഗവർണർ ആയുധമാക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നത് തന്നെ അറിയിച്ചില്ല എന്ന പരാതി ഉന്നയിച്ചായിരുന്നു ഗവർണറുടെ തുടക്കം
താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും ഗവർണർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ വിളിച്ചുവരുത്താൻ ശ്രമം നടത്തി. എന്നാൽ ഗവർണർക്ക് ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഇത് തടഞ്ഞു.
ഗവർണറുടെ നീക്കത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. ഇത് ചൂണ്ടിക്കാട്ടിയാകും ഗവർണർക്കെതിരെ പ്രചാരണം ശക്തമാക്കുക. സിപിഎം മാത്രമല്ല, എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളും ഗവർണർക്കെതിരെ വരും ദിവസങ്ങളിൽ രംഗത്തുവരും.