27,870 കോടിയുടെ ഹ്യൂണ്ടായിയുടെ ഐപിഒ ഇന്നു മുതൽ
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാളെ ഹ്യൂണ്ടായിയുടെ ദിനമാവുമെന്നാണ് വിലയിരുത്തല്‍. മറ്റൊന്നും കൊണ്ടല്ല 27,870 കോടി രൂപയുടെ ഐപിഒയുമായാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായി ചരിത്രം സൃഷ്ടിച്ച് ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഒക്ടോബര്‍ 15 (ചൊവ്വ)മുതല്‍ 17(വ്യാഴം)വരെയാണ് ഐപിഒയ്ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ ഓപ്പണ്‍ ചെയ്യുന്നത്.
നിക്ഷേപകര്‍ വലിയ പ്രതീക്ഷയോടെയാണ് ഈ വാഹന ഭീമന്റെ ഐപിഒയെ വീക്ഷിക്കുന്നതെന്നാണ് വിപണി നല്‍കുന്ന പ്രതികരണം. 2003ല്‍ മാരുതിയുടെ ലിസ്റ്റിങ്ങിന് ശേഷം പബ്ലിക്കാവാന്‍ പോകുന്ന ഓട്ടോ മേക്കറാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. എല്‍ഐസിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയുമായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ എത്തുന്നത് ചരിത്ര സംഭവംതന്നെയായി മാറുമെന്നാണ് കരുതുന്നത്. 27,870 കോടി രൂപയുടേതാണ് ഐപിഒ. ഇതോടെ 2022 മെയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ 21,008 കോടി രൂപയുടെ ഐ.പി.ഒയുടെ റെക്കോര്‍ഡ് പഴങ്കഥയാകുമെന്ന് ഉറപ്പാണ്.
1,366 സെയില്‍സ് പോയിന്റുകളുടെയും 1,550 സര്‍വീസ് പോയിന്റുകളുടെയും ശൃംഖലയുമായാണ് ഹ്യൂണ്ടായി കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20, ഐ20 എന്‍ ലൈന്‍, ഓറ, എക്‌സ്റ്റര്‍, വെന്യൂ, വെന്യൂ എന്‍ ലൈന്‍, വെര്‍ണ, ക്രെറ്റ, ക്രെറ്റ എന്‍ ലൈന്‍, അല്‍കസര്‍, ടക്‌സണ്‍ എന്നിവയുള്‍പ്പെടെ വിവിധ ഉപഭോക്തൃ സെഗ്മെന്റുകളിലുടനീളമുള്ള കാര്‍ മോഡലുകള്‍ മോഡല്‍ ലൈനപ്പില്‍ ഉള്‍പ്പെടുന്നു.
ഓഹരി വില ഒരു ഇക്വിറ്റി ഷെയറിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. 10 രൂപയാണ് ഒരു ഓഹരിയുടെ മുഖവില. ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് കമ്പനി ഓഹരികള്‍ വിറ്റഴിക്കുന്നത്. അതിനാല്‍ ഐപിഒയിലൂടെ സമാഹരിക്കുന്ന പണം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് ലഭിക്കില്ല. ഹ്യുണ്ടായി, കമ്പനിയിലെ 14.2 കോടി ഓഹരികള്‍ ആണ് വിറ്റഴിക്കുന്നത്. ഹ്യുണ്ടായ് ജീവനക്കാര്‍ക്ക് ഓഹരി ഒന്നിന് 186 രൂപയുടെ ഇളവ് ലഭിക്കും.
50 ശതമാനം ഓഹരികള്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായും റീടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരികളും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്കായി 15 ശതമാനം ഓഹരികളുമാണ് മാറ്റി വെച്ചിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഏഴ് ഓഹരികളുള്ള ലോട്ടുകളായി അപേക്ഷിക്കാം. ഒരു ലോട്ടിന് 13,720 രൂപ. 14 ലോട്ട് വരെ വാങ്ങാം. വിവിധ വിഭാഗങ്ങളിലുള്ള നിക്ഷേപകര്‍ക്കായി ഓഫര്‍ ഡിവൈഡ് ചെയ്തിരിക്കുന്നു.
കെഫിന്‍ ടെക്‌നോളജീസ് ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ രജിസ്ട്രാര്‍. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജെപി മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാലി ഇന്ത്യ കമ്പനി ലിമിറ്റഡ് എന്നിവയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
(അറിയിപ്പ്: ഐപിയോയുമായി മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യാതൊരു വിധത്തിലും ആരേയും നിക്ഷേപം നടത്താന്‍ പ്രേരണ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം ലാഭത്തിനെന്നപോലെ നഷ്ടത്തിനും അതേ അളവില്‍ സാധ്യതയുള്ളതായതിനാല്‍ ആവശ്യമായ പഠനവും അന്വേഷണങ്ങളും നടത്തിയ ശേഷം സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളേണ്ടതാണ്. നിക്ഷേപം നടത്തിയുണ്ടാവുന്ന നഷ്ടത്തിന് മെട്രോ ജേണല്‍ ഓണ്‍ലൈനോ, ലേഖകനോ ഉത്തവാദികളായിരിക്കില്ലെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു).