National

പ്രതീക്ഷക്കൊത്ത് കച്ചവടം ഉയര്‍ന്നില്ല; കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷം കാറുകള്‍

മുംബൈ: കഴിഞ്ഞ മാസം പ്രതീക്ഷക്കൊത്ത് വാഹന വിപണിയില്‍ കച്ചവടം നടക്കാത്തതിനാല്‍ കെട്ടിക്കിടക്കുന്നത് എട്ടു ലക്ഷത്തോളം കാറുകള്‍. മൊത്തം യാത്രാ വാഹനങ്ങളുടെ വില്‍പനയില്‍ സെപ്റ്റംബറില്‍ മാത്രം ഉണ്ടായത് 19 ശതമാനത്തിന്റെ ഇടിവാണ്. 79,000 കോടി രൂപയുടെ കാറുകളാണ് രാജ്യത്തെ വിവിധ ഡീലര്‍മാരുടെ ഷോറൂമുകളിലും ഗോഡൗണുകളിലുമെല്ലാമായി വിറ്റുപോകാതെ കിടക്കുന്നത്.

നവരാത്രിയും ദീപാവലിയും ഉള്‍പ്പെടെ എത്തുന്ന ഒക്ടോബര്‍ മാസത്തില്‍ കച്ചവടം പൊടിപാറിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാവും ഡീലര്‍മാരെ കാത്തിരിക്കുകയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നവരാത്രി കാലത്ത് കച്ചവടം അല്‍പം മെച്ചപ്പെട്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. എന്തായാലും ദീപാവലികൂടി കഴിഞ്ഞാലെ ചിത്രം വ്യക്തമാവൂ. ഉത്തരേന്ത്യയില്‍ പിതൃതര്‍പ്പണവും അവര്‍ക്കായുള്ള പ്രാര്‍ഥനകളുമെല്ലാമായാണ് സെപ്റ്റംബര്‍ മാസം കടന്നുപോയത്. ഇതുമൂലം 16 ദിവസത്തേക്ക് പുതിയതൊന്നും വാങ്ങാന്‍ ആളുകള്‍ എത്താത്തതാണ് തിരിച്ചടിയായി മാറിയത്.

കഴിഞ്ഞ ഒരൊറ്റ മാസത്തില്‍ 73,000 കോടി രൂപയുടെ ഏഴ് ലക്ഷത്തോളം കാറുകള്‍ വിവിധ ഷോറൂമുകളില്‍ ഉണ്ടായിരുന്നെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍(ഫാഡ) ഈ മാസം ആദ്യം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 സെപ്റ്റംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മൊത്തം വാഹനങ്ങളുടെ വില്‍പനയില്‍ 9.2 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

ഓണത്തിനുപോലും പ്രതീക്ഷിച്ച വില്‍പ ഉണ്ടായില്ലെന്ന് ഫാഡ ചെയര്‍മാന്‍ സി എസ് വിഗ്നേശ്വര്‍ വ്യക്തമാക്കി. ഇത് സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ദീപാവലിയോടനുബന്ധിച്ചും കച്ചവടം വേണ്ടത്ര ഉയരില്ലെന്നതിലേക്കാണെന്നും അദ്ദേംഹ പറഞ്ഞു.

ട്രാക്ടര്‍, ത്രീവീലര്‍, ടൂവീലര്‍ എന്നിവയുടെ വില്‍പന മാത്രമാണ് ആശ്വാസത്തിന് വകനല്‍കിയത്. ട്രാക്ടറിന്റെ വില്‍പനയില്‍ കടുത്ത മാന്ദ്യത്തിനിടയിലും 15 ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. മുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ 0.66 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ വില്‍ന കഴിഞ്ഞ മാസവും മോശമാക്കിയില്ല. ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. എന്നാല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പനയിലും 10.45 ശതമാനത്തിന്റെ ഇടിവ് നേരിട്ടിട്ടുണ്ട്. മഹീന്ദ്രയും ടൊയോട്ടയും കിയക്കുമാണ് കാര്‍ വിപണിയില്‍ നേട്ടമുക്കാന്‍ സാധിച്ചത്. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, ഹ്യൂണ്ടായ് എന്നിവയുടെ വില്‍പനയുടെ ഗ്രാഫും താഴ്ന്നാണ് നിലകൊണ്ടത്.

Related Articles

Back to top button