കോഴിക്കോട്: കണ്ണൂര്‍ എ ഡി എം കെ. നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്ന പ്രതികരണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിവാദത്തിന് കാരണമായ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റെ സുഹൃത്തിന്റേതാണെന്നും ദിവ്യക്ക് വേണ്ടിയാണോ ഈ പമ്പെന്ന് സംശയിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിലേക്ക് വന്നതിലും പരാതിക്ക് പിന്നിലും ഗൂഢാലോചന സംശയിക്കുന്നതായി കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തുമ്പോള്‍ ഇടത് പ്രൊഫൈലുകള്‍ കൂടുതലും ദിവ്യയെ അനുകൂലിക്കുകയാണ്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.റോഡില്‍ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാവില്ല. ട്രാന്‍സ്ഫര്‍ ആയി പോകുന്ന പോക്കില്‍ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നില്‍ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് എഡിഎമ്മിനെ ഇന്നുരാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നവീന്‍ ബാബുവിന് ഇന്നലെ യാത്രയയപ്പ് നല്‍കിയിരുന്നു. ഈ ചടങ്ങിലേയ്ക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്