പി സരിൻ നടത്തിയത് അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് എഐസിസി തീരുമാനം
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്ന കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ പി സരിന്റെ വിമർശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെപിസിസി. സരിൻ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്നു എന്നും കെപിസിസി വിലയിരുത്തുന്നു
നേരത്തെ സരിൻ വാർത്താ സമ്മേളനം വിളിച്ച് രൂക്ഷ വിമർശനം നടത്തിയിരുന്നു. പാർട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങരുത്, വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ പറഞ്ഞു. പാലക്കാട് പുനഃപരിശോധന വേണം. അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല, മറിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാകും. സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നു. രണ്ട് മുഖം പാടില്ല രാഷ്ട്രീയക്കാർക്ക്. പാർട്ടി പുനഃപരിശോധിക്കണം
2016ൽ പാർട്ടിയിലേക്ക് വന്ന സാധാരണക്കാരനാണ് താൻ അതിന് മുൻപ് ആരായിരുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല, അത് അന്വേഷിക്കേണ്ട കാര്യമില്ല. നാടിൻറെ നല്ലതിന് വേണ്ടിയാണ് ജോലി രാജിവെച്ചത്. നാടിന്റെ നല്ലതിന് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന ബോധ്യമാണ് 33-ാംവയസിൽ സിവിൽ സർവീസിൽ നിന്ന് ഇറങ്ങി വരുന്നതിന് ഞാൻ കാണിച്ച ധൈര്യം. അതിനെ പലർക്കും പൊട്ടത്തരമായി തോന്നും. തന്റെ നല്ലതിനായിരുന്നുവെങ്കിൽ ജോലി രാജിവെച്ച് വരില്ലായിരുന്നു സരിൻ പറഞ്ഞു.