National

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണം; ഇനി ബുക്ക് ചെയ്യാനാകുക 60 ദിവസം മുമ്പ് മാത്രം

റെയിൽവേ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ ബോർഡ്. ഇനി മുതൽ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയപരിധിയാണിപ്പോൾ വെട്ടിച്ചുരുക്കിയിരിക്കുന്നത്. 4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്ര സമയം അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയത്.

നിയന്ത്രണം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കും.വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും. പുതിയമാറ്റം യാത്രക്കാരെ സഹായിക്കാനാണെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിംഗ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന.

അതേസമയം, അടുത്ത അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ വെയ്റ്റിംഗ് ലിസ്റ്റുകളുടെ ദീർഘകാല പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പടെ ഐആർസിടിസി അടുത്തിടെ നിരവധി മാറ്റങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ടിക്കറ്റ് ബുക്കിംഗ് മുതൽ യാത്രാ ആസൂത്രണം, ഇന്ത്യൻ റെയിൽവേയുമായി വ്യക്തികൾ ഇടപഴകുന്ന രീതിയിൽ വിപ്ലവം സൃഷ്ടിക്കൽ തുടങ്ങി നിരവധി സേവനങ്ങൾ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന റെയിൽവേ സൂപ്പർ ആപ്പ് പുറത്തിറക്കാനും പദ്ധതി ആവുകയാണ്.

 

Related Articles

Back to top button