ബംഗളൂരുവിൽ ബാറ്റിംഗ് വിരുന്നുമായി ന്യൂസിലാൻഡ്; കൂറ്റൻ ലീഡിലേക്ക്
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിന് മികച്ച സ്‌കോർ. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് എന്ന നിലയിലാണ്. നിലവിൽ കിവീസിന് 299 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 46 റൺസിന് പുറത്തായിരുന്നു
സെഞ്ച്വറി നേടിയ രചിൻ രവിന്ദ്രയും ടിം സൗത്തിയുമാണ് ക്രീസിൽ. 125 പന്തിൽ രണ്ട് സിക്‌സും 11 ഫോറും സഹിതം 104 റൺസ് രചിൻ രവിന്ദ്ര ഇതിനോടകം നേടിയിട്ടുണ്ട്. 50 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 49 റൺസാണ് സൗത്തിയുടെ സമ്പാദ്യം.
180ന് 3 വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാൻഡ് മൂന്നാം ദിനം ആരംഭിച്ചത്. സ്‌കോർ 193ൽ അവർക്ക് 18 റൺസെടുത്ത ഡാരിൽ മിച്ചലിനെ നഷ്ടമായിരുന്നു. ടോം ബ്ലൻഡൽ 5 റൺസിനും ഗ്ലെൻ ഫിലിപ്‌സ് 14 റൺസിനും മാറ്റ് ഹെന്റി 8 റൺസിനും വീണതോടെ ന്യൂസിലാൻഡ് ഏഴിന് 233 റൺസ് എന്ന നിലയിലേക്ക് വീണു. ഇവിടെ നിന്നാണ് സൗത്തിയും രചിനും ചേർന്ന് സ്‌കോറിംഗ് ഏറ്റെടുത്തത്
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ നേടി. ബുമ്ര, സിറാജ്, അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.