50000 രൂപയിലധികമുള്ള തുക കൊണ്ടുപോകാൻ രേഖകൾ വേണം; വയനാട്ടിൽ പരിശോധന ശക്തം
ലോക്സഭാ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ പരിശോധന ശക്തമാക്കി. ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം തുടങ്ങി സർവസന്നാഹങ്ങളുമായാണ് ജില്ലയിൽ പരിശോധന നടക്കുന്നത്. നവംബർ 13നാണ് വയനാട് ഉപതിരഞ്ഞെടുപ്പ്. വയനാടിനൊപ്പം ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിൽ ഇൻഡ്യാ മുന്നണിയുടെ സ്ഥാനാർത്ഥി. സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർത്ഥിയായും നവ്യ ഹരിദാസ് ബിജെപി സ്ഥാനാർത്ഥിയായും മത്സരിക്കും.
വോട്ടർമാർക്ക് പണമോ മദ്യമോ മറ്റ് പാരിതോഷികങ്ങളോ നൽകി വോട്ട് പിടിക്കുന്നതിനെതിരെ 1951ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായസംഹിത പ്രകാരവും നടപടിയെടുക്കും. വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടത്തും. പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ വാഹനങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് കർശന പരിശോധനകൾ നടത്തും. 50,000 രൂപയ്ക്ക് മുകളിലുള്ള പണം കൊണ്ടുപോകാൻ മതിയായ രേഖകൾ കയ്യിലുണ്ടാവണം. മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കും മതിയായ രേഖകൾ കയ്യിൽ കരുതണം.
ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളുടെ തീയതി എ ഈ മാസം 15നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് വോട്ടെടുപ്പ്. 23 ന് വോട്ടെണ്ണല്‍ നടക്കും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും ഇതേ ദിവസം തന്നെ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചിരുന്നു. ഇതോടെയാണ് വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ പരാജയപ്പെടുത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. വയനാട്ടിൽ നിന്ന് മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ട അനുഭവസമ്പത്തുണ്ട്. ആത്മവിശ്വാസവുമുണ്ട്. മുൻപ് വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ പരാജയപ്പെട്ടത് 20,400 വോട്ടുകൾക്കാണ്. അതുകൊണ്ട് തന്നെ ജയിക്കാനുള്ള വാശിയോടെയാണ് ഇത്തവണ മത്സരിക്കുന്നത്. പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നുറപ്പാണ്. ഇന്ദിരാ ഗാന്ധി, രാഹുൽ ഗാന്ധി, കെ കരുണാകരൻ എന്നിവർ മുമ്പ് പരാജയത്തിന്റെ രുചി അറിഞ്ഞവരാണെന്നും അദ്ദേഹം പറഞ്ഞു.