Sports

1988ന് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ച് ന്യൂസീലൻഡ്; ജയം എട്ട് വിക്കറ്റിന്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ട് വിക്കറ്റ് ജയം. രണ്ടാം ഇന്നിംഗ്സിൽ 110 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിച്ചു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിൻ്റെ നട്ടെല്ലായ യുവതാരം രചിൻ രവീന്ദ്രയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച ന്യൂസീലൻഡ് 1-0ന് മുന്നിലെത്തി.

ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന് തകർന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ തിരിച്ചുവന്നെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയാവുമായിരുന്നില്ല. സർഫറാസ് ഖാൻ (150), ഋഷഭ് പന്ത് (99) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ മുന്നിൽ നിന്നതാണ്. ഭേദപ്പെട്ട ലീഡെടുത്താൽ ഇന്ത്യക്ക് വിജയത്തിലേക്ക് ശ്രമിക്കാനാവുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. എന്നാൽ, രണ്ടാം ന്യൂബോൾ ഇന്ത്യയുടെ പദ്ധതികളൊക്കെ തകർത്തു. ന്യൂബോളിൻ്റെ ആനുകൂല്യത്തിൽ ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ട ന്യൂസീലൻഡ് വിജയലക്ഷ്യം കൈയ്യകലത്ത് നിർത്തി. 408ന് നാല് വിക്കറ്റ് എന്ന നിലയിൽ നിന്ന് 462 റൺസെടുക്കുമ്പോഴേക്കും ഇന്ത്യ ഓൾ ഔട്ടായി. മറ്റ് ഹെൻറിയും വില്ല്യം ഒറൂർകെയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ടോം ലാതമിനെയും (0) ഡെവോൺ കോൺവെയെയും (17) ജസ്പ്രീത് ബുംറ വീഴ്ത്തിയെങ്കിലും ന്യൂസീലൻഡ് പതറിയില്ല. ന്യൂബോൾ ആനുകൂല്യം അവസാനിച്ചപ്പോൾ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച വിൽ യങ് – രചിൻ രവീന്ദ്ര സഖ്യം കിവീസിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. മൂന്നാം വിക്കറ്റിൽ 75 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് സഖ്യം പങ്കാളികളായത്. യങ് 48 റൺസിലും രചിൻ 39 റൺസിലും നോട്ടൗട്ടാണ്.

36 വർഷത്തിന് ശേഷമാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുൻപ് കിവീസ് ഇന്ത്യയിൽ ഒരു ടെസ്റ്റ് വിജയിച്ചത് 1988ലായിരുന്നു. വാംഖഡെയിൽ 136 റൺസിനായിരുന്നു അന്ന് കിവീസിൻ്റെ ജയം.

Related Articles

Back to top button