ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചതല്ല; നിലത്തുവീണപ്പോൾ എടുത്തുകൊണ്ട് പോയതാണെന്ന് മൊഴി: കേസെടുക്കുന്നില്ലെന്ന് പോലീസ്
പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാത്രം മോഷ്ടിച്ചതിൽ കേസെടുക്കുന്നില്ലെന്ന് പോലീസ്. കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല. നിലത്തുവീണ പാത്രം ആരും തടയാതിരുന്നതോടെ എടുത്തുകൊണ്ട് പോവുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. മൂന്ന് പേരെയാണ് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്. ഹരിയാനയിലെ ഗുഡ്ഗാവ് പോലീസിൻറെ സഹായത്തോടെയായിരുന്നു കേരള പോലീസിൻ്റെ നടപടി.
ദർശനത്തിനിടെ തട്ടത്തിലുണ്ടായ പൂജാസാധനങ്ങൾ നിലത്തുവീണു എന്ന് കസ്റ്റഡിയിലായ മൂന്ന് പേരിൽ ഒരാളായ ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ഝാ പറഞ്ഞു. മറ്റൊരാളാണ് ഇതൊക്കെ എടുത്തുതന്നത്. ഇയാൾ നിലത്തിരുന്ന ഒരു പാത്രത്തിൽ വച്ചാണ് ഇതൊക്കെ നൽകിയത്. ഈ പാത്രവുമായി പുറത്തേക്ക് പോയപ്പോൾ ആരും തടഞ്ഞില്ല. അതുകൊണ്ടാണ് പാത്രം കൊണ്ടുപോയത്. ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ല എന്നും ഇയാൾ മൊഴിനൽകി. ഇതോടെ സംഭവത്തിൽ കേസെടുക്കണ്ട എന്ന് പോലീസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ
ഈ മാസം 13നാണ് മോഷണം നടന്നത്. 15നാണ് ക്ഷേത്രം അധികൃതർ വിവരം പോലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് കുറ്റക്കാരിലേക്ക് നയിച്ചത്.
ഓസ്ട്രേലിയൻ സ്വദേശിയായ ഗണേഷ് ഝായും ഭാര്യയും ഭാര്യയുടെ സുഹൃത്തുമാണ് കഴിഞ്ഞ വ്യാഴാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയത്. സംഘം പൂജയ്ക്ക് ഉപയോഗിക്കുന്ന ഉരുളി ക്ഷേത്രത്തിനുള്ളിൽ നിന്ന് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാർ തുടങ്ങി ഉന്നത പോലീസുദ്യോഗസ്ഥർ അടക്കം 200 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്. ഇതോടൊപ്പം മെറ്റൽ ഡിറ്റക്ടറും സിസിടിവിയും ഉൾപ്പെടെ മറ്റ് സുരക്ഷാ സംവിധാനങ്ങൾ വേറെ. ഇത്രയധികം സുരക്ഷയുണ്ടായിട്ടും പാത്രവുമായി സംഘത്തിന് ക്ഷേത്രത്തിന് പുറത്തെത്താനായി. സംഘം ഉരുളിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത് വഴിത്തിരിവായി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു.
അതീവ സുരക്ഷയുള്ള മേഖലയായ ക്ഷേത്രത്തിൽ നിന്ന് പാത്രം മോഷണം പോയത് പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന.