National

പ്രായമുള്ളവർ വർധിക്കുന്നു; രണ്ടിൽ കൂടുതൽ കുട്ടികളെക്കുറിച്ച് ചിന്തിക്കണം: വിചിത്രവാദവുമായി ചന്ദ്രബാബു നായിഡു

വിചിത്രവാദവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രായമായവരുടെ എണ്ണം വർധിക്കുന്നുവെന്നും അതിനാൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു നായിഡുവിന്റെ അഭ്യർത്ഥന. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നിർത്തിവച്ചിരുന്ന അമരാവതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം

രണ്ടിൽ കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പല കാര്യങ്ങളിലും പ്രത്യേക പരിഗണന ഉണ്ടാകുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഇവർക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കുടുംബങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകാൻ ആലോചിക്കുന്നുവെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

യുവതലമുറ രാജ്യത്തിന്റെ പ‌ല ഭാഗത്തേക്കും വിദേശത്തേക്കും പോയെന്നും ഇതോടെ പലയിടത്തും പ്രായമായവർ മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളിൽ 6.2 ശതമാനത്തിൽ നിന്ന് 2021 ൽ 2.1 ആയി കുറഞ്ഞുവെന്നും ആന്ധ്രാപ്രദേശിൽ ഇത് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2047ന് ശേഷം സംസ്ഥാനത്ത് യുവാക്കളേക്കാൾ പ്രായമായവരാകും ഉണ്ടാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. നിങ്ങൾ ഇത് നിങ്ങൾക്കായി ചെയ്യുന്നില്ല, അത് രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഇത് സമൂഹത്തിനും ഒരു സേവനമാണ്.രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും, ചന്ദ്രബാബു നായിഡു പറഞ്ഞു.

Related Articles

Back to top button