Kerala

കെ എസ് ആര്‍ ടി സി ഡ്രൈവര്‍ – മേയര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനും ക്ലീന്‍ ചിറ്റ്

എം എല്‍ എ ബസില്‍ അതിക്രമിച്ചു കയറിയിട്ടില്ലെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ എല്‍ എച്ച് യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് ഹാജരാക്കി. റിപോര്‍ട്ടില്‍ എം എല്‍ എ സച്ചിന്‍ ദേവിനും മേയര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയാണ് പോലീസ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപോര്‍ട്ട് ഹാജരാക്കിയത്. കേസില്‍ 30 വിധി പറയും. റിപ്പോര്‍ട്ടില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടില്ല, ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നുനല്‍കിയതിന് ശേഷമാണ് എംഎല്‍എ ബസിനകത്ത് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മേയറും എംഎല്‍എയും മോശം ഭാഷ ഉപയോഗിച്ചതിന് സാക്ഷിമൊഴികളില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.എംഎല്‍എ സച്ചിന്‍ ദേവിനെതിരായ രണ്ട് കുറ്റങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്നീ കുറ്റങ്ങളാണ് ഒഴിവാക്കിയത്. അസഭ്യം പറഞ്ഞതിന് മേയര്‍ക്കെതിരായ കുറ്റവും ഒഴിവാക്കിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ബസ്സില്‍ യാത്രക്കാരായിരുന്ന രണ്ട് പേരുടെ മൊഴിയെടുത്തു. സംഭവം നേരില്‍കണ്ട മൂന്ന് ദൃക്‌സാക്ഷികളുടെ മാെഴിയും രേഖപ്പെടുത്തും. കെ എസ് ആര്‍ ടി സി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോ?ഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സി സി ടി വി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. അന്വേഷണം ശരിയായ ദിശയില്‍ ആണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

യദു ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നത് മാധ്യമ ശ്രദ്ധ നേടാനാണെന്നും യദു നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസടക്കം മൂന്ന് കേസുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേ സമയം ഏപ്രില്‍ മാസത്തില്‍ ആണ് സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എം എല്‍ എയുമായ സച്ചിന്‍ദേവും ബസ് ഡ്രൈവര്‍ യദുവും തമ്മില്‍ നടുറോഡില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. വാഹനം ഓവര്‍ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. കെ എസ് ആര്‍ ടി സി താത്ക്കാലിക ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തിരുന്നു. ഒവര്‍ ടേക്ക് ചെയ്യുന്നതിനിടെ യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ കേസെടുത്തിരുന്നു. യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Articles

Back to top button