Novel

ശിശിരം: ഭാഗം 66

രചന: മിത്ര വിന്ദ

മീനാക്ഷിയാണെങ്കിൽ കോപത്തോടെ യദുവിനെ തുറിച്ചു നോക്കി.

ചേട്ടന്റെ ഭാര്യയോട് ഇത്രമാത്രം സ്നേഹോം കടപ്പാടും ഒക്കെ കാണിക്കാനും മാത്രം എന്ത് സ്നേഹമാണ് നിങ്ങൾ തമ്മിലുള്ളത്, അതൊന്നറിഞ്ഞ ശേഷം നിങ്ങളീ വീട്ടിലേക്ക് കേറിയാൽ മതി.

പെട്ടെന്ന് ആയിരുന്നു യദുവിന്റെ വലതു കൈ വന്നു മീനാക്ഷിയുടെ കവിളിൽ ആഞ്ഞു പതിഞ്ഞത്.

ഇപ്പൊ മനസ്സിലായോടി കാരണമെന്തണെന്ന്..
ചോദിച്ചു കൊണ്ട് അവൻ അവളുടെ മുടിക്കുത്തിനു പിടിച്ചു.

കണ്ണിൽ എരിയുന്ന കനലോടെ അവൾ വീണ്ടും യദുവിനെ ഉറ്റു നോക്കി നിന്നു.

ട…. നീഎന്താടാ ഈ കാണിച്ചേ. തല്ലികൊല്ലാൻ ആണോ നിന്റെ ഭാവം..

ഗിരിജ വന്നു മകനെ വഴക്ക് പറഞ്ഞതും യദു അവരുടെ നേർക്ക് തിരിഞ്ഞു.

മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നോണം. ഇല്ലെങ്കിൽ ഈ യദു ആരാണെന്ന് നിങ്ങളറിയും.

എന്നിട്ട് അവൻ മീനാക്ഷിയെ നോക്കി.
നീ ഒരുത്തിയല്ലെടി എന്റെ കുടുംബം നശിപ്പിച്ചു രണ്ടാക്കിയത്. മനസിലാകുന്ന ഭാഷയിൽ എല്ലാം കാര്യങ്ങളും ഞാൻ നിനക്ക് പറഞ്ഞു തന്നു.പറ്റുന്ന ജോലികൾ ചെയ്താൽ മതീന്ന് ഞാൻ നിന്നോട് ആവർത്തിച്ചു പറഞ്ഞു.അപ്പോൾ നിനക്ക് അഹങ്കാരം കൂടി,ഞാൻ പറയുന്നതോന്നും കേൾക്കാൻ പോലും വയ്യാരുന്നു.. പിന്നെ നിന്റെ വഷളത്തരത്തിനു മുഴുവൻ ചുക്കാൻ പിടിച്ചു കൊണ്ട് കൂടെ നിന്നത് എന്റെ അമ്മയും . അപ്പൊ പിന്നെ കാര്യങ്ങൾ എളുപ്പമായ്. എന്താരുന്നു കരുതിയെ, നിങ്ങളുടെ ആട്ടുo തുപ്പും സഹിച്ചു ശ്രുതിയിവിടെ കിടക്കുമെന്നോ,,,,

അതും പറഞ്ഞുകൊണ്ട് അവൻ മീനാക്ഷിയെ പിടിച്ചു ഒന്നുടെ വലിച്ചു. പിടി വിട്ടു പോയ മീനാക്ഷി പിന്നിലേക്ക് വീണു.
ഗിരിജ ഓടിചെന്നു പൊക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒരു പ്രകാരത്തിൽ അവൾ ഒരു മേശയിൽ പിടിച്ചു എഴുന്നേറ്റു.

ഞാൻ എന്റെ അച്ഛനെ വിളിക്കും, എന്നെ തല്ലിയ കാര്യം പറയും, നോക്കിക്കോ, നിങ്ങളെ ഞാൻ വെറുത വിടില്ല.

പല്ലിരുമ്മിക്കൊണ്ട് പറയുകയാണ് അവൾ.

പെട്ടെന്ന് ആയിരുന്നു യദു അവൾക്കിട്ട് ഒരെണ്ണം കൂടി കൊടുത്തത്.

ഹമ്.. പറയുമ്പോൾ ഇതും കൂടി കൂട്ടി പറഞ്ഞൊ. എന്നാലല്ലേ നിന്റ അച്ഛൻ വന്നിട്ടെന്നെ മൂക്കിൽ കേറ്റുവൊള്ളൂ.

പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങി പോയി.

***
എന്റെ വീട്ടിലേക്ക് പോകാം കിച്ചേട്ടാ.. രണ്ട് ദിവസം അവിടെ നിന്നിട്ട്, ഏതെങ്കിലും ഒരു വാടകവീട് നോക്കാം. അല്ലാണ്ട് ഇപ്പൊ എന്താ ചെയ്ക.

കുറച്ചു ദൂരം ചെന്നതും ശ്രുതി അവനോട് പറഞ്ഞു.

ഹേയ് അതൊന്നും വേണ്ട ശ്രുതി, തന്റെ വീട്ടിലേക്ക് എന്തായാലുമില്ല. രണ്ട് ദിവസത്തേക്ക് നമ്മൾക്ക് ഏതെങ്കിലും ലോഡ്ജിൽ റൂം എടുക്കാം.

വേണ്ടന്നെ….. ഇനിയിപ്പോ ലോഡ്ജ് ഒന്നും വേണ്ട,. നമ്മൾക്ക് എന്റെ വീട്ടിൽ പോകാം, കാര്യം ഇതാണെന്നൊന്നും പറയണ്ട.

നിർബന്ധം ആണെങ്കിൽ നീ പോയി നിന്നോ, എന്നേ വിളിക്കണ്ട..എനിക്ക് അതൊന്നും താല്പര്യവുമില്ല.

ഇക്കുറി അവന്റെ ശബ്ദം മാറി. പിന്നീട് കൂടുതലൊന്നും പറയാന് ശ്രുതി ശ്രെമിച്ചതുമില്ല.

യദു ഒരുപാട് തവണ കിച്ചനെ ഫോണിൽ വിളിച്ചു നോക്കി. ഒപ്പം പ്രിയയും. പക്ഷെ അവൻ കാൾ കട്ട്‌ ചെയ്തു സ്വിച്ച് ഓഫ്‌ ആക്കിവെച്ചു.

*†*
സമയം ഏകദേശം രാത്രി 10മണി ആയി. അമ്മു അടുക്കള ജോലികൾ ഒക്കെ ഒതുക്കിയ ശേഷം വെറുതെ ഹോളിൽ വന്നു ഇരിയ്ക്കുകയാണ്. ആ നേരത്ത് നകുലന്റെ ഫോൺ റിങ് ചെയ്തേ. നോക്കിയപ്പോൾ അമ്മായിയാണ്. കുറച്ചു മുന്നേ തന്നോട് സംസാരിച്ച കൊണ്ട് നാകുലനോട് എന്തേങ്കിലും പറയാൻ ആവുമെന്ന് കരുതി അമ്മു ഫോണുമായി ബെഡ് റൂമിലേക്ക് പോയി.

നകുലേട്ടാ…
കിടക്കയിൽ ചെരിഞ്ഞു കിടന്നുറങ്ങുന്നവന്റെ അടുത്തേക്ക് അമ്മു ചെന്നു നിന്നു.

മ്മ്……

ഉറങ്ങിയോ…

ഇല്ലാ, എന്താ അമ്മു.

ദേ, അമ്മായി വിളിക്കുന്നു.
അവൾ ഫോൺ അവന്റെ നേർക്ക് നീട്ടി.

ഓഫീസിൽ നിന്നും വന്നപ്പോൾ മുതൽ തുടങ്ങിയ തലവേദനയാണ്. അതുകൊണ്ട് നകുലൻ വന്നപാടെ കുളി കഴിഞ്ഞു ഒരു കട്ടനും കുടിച്ചു കേറി കിടന്നതായിരുന്നു.

ആഹ്… അമ്മയോ, ഇതെന്താ ഈ നേരത്ത്.

അവൻ എഴുന്നേറ്റു ഫോൺ മേടിച്ചു.

ഹലോ അമ്മേ…

ആഹ് കിടന്നാരുന്നോ മോനേ.

ഇല്ലമ്മേ… എന്താ പറഞ്ഞൊ.

ഹേയ് അങ്ങനെ വിശേഷിച്ചുന്നുമില്ല. പിന്നെ ആളുകൾ ഒക്കെ ഓരോന്ന് പറയുന്നു…

എന്നത്…?

കിച്ചനും അവന്റെ പെണ്ണും കൂടി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയെന്നു.

ങ്ങെ… നമ്മുടെ കിച്ചനോ.

ആഹ്..അതേടാ.

അമ്മയോട് ആരാ പറഞ്ഞത്.

അക്കരെലേ സുധർമ്മചേച്ചി, അവരുടെ കെട്ടിയോൻ അല്ലെ മേടയിൽ നാളികേരം പിരിയ്ക്കാൻ പോകുന്നെ.അയാളോട് അവിടെയുള്ള ആരോ പറഞ്ഞുന്നു.ശാന്തേച്ചിയെ ഇപ്പൊ വിളിച്ചു പറഞ്ഞതാ..

ചെ, അത് കഷ്ടം ആയില്ലോ… കിച്ചൻ അങ്ങനെ ഇറങ്ങിപോകാൻ അവിടെഎന്താ പറ്റീത്.

യദുന്റെ പെണ്ണും ആയിട്ട് ഉള്ള വഴക്കാണെന്ന്.. കല്യാണം കഴിഞ്ഞിട്ടെന്നാ നാളായി, ഇനി നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കഥ കിട്ടി.

ആഹ് ചിരിക്കട്ടെ, ഗിരിജ ചിറ്റേടെ അഹങ്കാരം ഒന്ന് കുറയാനും നല്ല മരുന്ന് കിട്ടിന്ന് കരുതിയാ മതി.

ഓഹ് അവളെന്നാ ചെയ്യാനാ.. വന്നു കേറിയ പെണ്ണുങ്ങൾ ശരിയല്ലേൽ അമ്മായിമ്മടേ നെഞ്ചത്ത് കേറിയാൽ മതിയോടാ….

അയ്യോ.. പാവം, അമ്മേടെ വക്കാലത്തു അവരുടെ മുന്നിൽ ഇറക്കിയാൽ മതി. എന്നോട് എഴുന്നള്ളിയ്ക്കാൻ നിൽക്കണ്ട.
പെട്ടെന്ന് നകുലൻ ശബ്ദം ഉയർത്തി.

ഇതാപ്പോ നന്നായെ.. നിന്നോടിത് പറയാൻവേണ്ടി വിളിച്ച എന്നേ പറഞ്ഞാൽ മതില്ലോ…

ഹമ് മതി മതി പറഞ്ഞെ … അമ്മ കിടക്കാൻ നോക്ക്, എനിക്ക് ആണെങ്കിൽ തലവേദനയായിട്ട് ഞാൻ കിടക്കുവാരുന്നു..

അയ്യോ.. അതെന്ന പറ്റി മോനേ, പനിയുണ്ടോട..

ഓഹ് ഇല്ലമ്മേ.. കുഴപ്പമൊന്നുമില്ല. അമ്മ ഫോൺ വെച്ചോ.

അമ്മു എന്ത്യേ.. അടുത്തുണ്ടോ..

ആഹ് ഉണ്ട്…

എന്നാലൊന്നു കൊടുത്തേ നീയ്.

ഇനി എന്തോ പറയാനാ, അവളെല്ലാം കേട്ടു. അമ്മ ഫോൺ വെയ്ക്കാൻ നോക്ക്. ഗുഡ് നൈറ്റ്‌..

നകുലൻ അമ്മയുടെ മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ ഫോൺ കട്ട്‌ ചെയ്ത്.

അമ്മു ആണെങ്കിൽ അവനെത്തന്നെനോക്കി നിന്നു.

ഹമ്.. എന്ത് പറ്റിടി…നീയെന്താ പന്തം കണ്ട പെരിച്ചാഴിടെകൂട്ട് നിൽക്കുന്നെ

അമ്മായി പറഞ്ഞതൊക്കെ സത്യമാണോ നാകുലേട്ടാ,കിച്ചേട്ടൻ അവിടന്ന് ഇറങ്ങി പോയോ.

അതൊന്നും എനിക്ക് അറിഞ്ഞൂടാ, ചിലപ്പോൾ പോയെന്ന് വരും, അതുപോലെ ഒരെണ്ണമല്ലേ വന്നു കേറികൂടിയത്.

നകുലൻ അല്പം ബാം എടുത്തു നെറ്റിയിൽ തേച്ചു. എന്നിട്ട് വാഷിംറൂമിലേക്ക് പോയി.

ഈശ്വരാ.. അത് കഷ്ട്ടം ആയില്ലോ, കിച്ചേട്ടനു അങ്ങനെ പോകാനും മാത്രം എന്താ പറ്റിയേ..

അമ്മു വീണ്ടും ആലോചനയോടെ താടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നു…തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button