ഹോട്ടല്‍ വരാന്തയില്‍ നിന്ന് നായയെ ഓടിച്ച യുവാവ് ജനലിലൂടെ താഴേക്ക് വീണു; ഹൈദരബാദില്‍ 24 കാരന് ദാരുണാന്ത്യം
പോലീസ് കേസ് എടുത്തു
ഹൈദരബാദ്: ഹൈദരാബാദില്‍ നായയെ പിന്തുടരുന്നതിനിടെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് അബദ്ധത്തില്‍ വീണ് 23കാരന് ദാരുണാന്ത്യം. ചന്ദാ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവി പ്രൈഡ് ഹോട്ടലില്‍ താമസിച്ചിരുന്ന ഉദയ് എന്നയാളാണ് മരിച്ചത്.
സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ ഞായറാഴ്ച ഹോട്ടലില്‍ മുറിയെടുത്തതായിരുന്നു യുവാവ്. തന്റെ മൂന്നാം നിലയിലെ മുറിയുടെ ബാല്‍ക്കണിയില്‍, ഉദയ് ഒരു നായയെ കണ്ടു, അതിനെ ഓടിക്കാനുള്ള ശ്രമത്തില്‍, അബദ്ധത്തില്‍ ജനലിലൂടെ വീഴുകയായിരുന്നു. സംഭവത്തിന്റെ സി സി ടിവി വീഡിയോ പുറത്തുവന്നു. .
ഹോട്ടലിന്റെ മൂന്നാം നിലയിലെ ഇടനാഴിയില്‍ ഒരു നായ കറങ്ങുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. ഉദയ് അതിനെ കണ്ടു ഒരറ്റം മുതല്‍ മറ്റൊരറ്റം വരെയും തിരിച്ചും പിന്നാലെ പാഞ്ഞു. ജനലിന്റെ ഒരു ഭാഗം തുറന്നിരുന്നു, നായയെ പിന്തുടരുന്നതിനിടെ ഉദയ് കാല് വഴുതി തന്റെ വേഗത നിയന്ത്രിക്കാനാകാതെ തുറന്ന ജനലിലൂടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയ സുഹൃത്ത് ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും മറ്റുള്ളവരെ അറിയിക്കുന്നതും സഹായത്തിനായി താഴേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയുണ്ടായ വീഴ്ചയില്‍ ഉദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഹോട്ടലിന്റെ മൂന്നാം നിലയിലേക്ക് നായ എങ്ങനെ പ്രവേശിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.