National

ലാഭം 40 ഇരട്ടിയായി; പക്ഷേ ഫോണ്‍ പേയില്‍ തൊഴില്‍ നഷ്ടമായത് 60 ശതമാനം ജീവനക്കാര്‍ക്ക്

മുംബൈ: സാധാരണ കമ്പനിക്ക് ഉല്‍പാദനം കുറയുകയോ, സാമ്പത്തിക പ്രതിസന്ധി നേരിടുകയോ ഒക്കെ ചെയ്യുമ്പോഴാണ് ജീവനക്കാരെ പറഞ്ഞുവിടുക. എന്നാല്‍ തങ്ങളുടെ ലാഭം 40 ഇരട്ടിയായി വര്‍ധിച്ച ഘട്ടത്തില്‍ ജീവക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ് ഡിജിറ്റല്‍ പേയ്മെന്റ്, സാമ്പത്തിക സേവന കമ്പനിയാ ഫോണ്‍ പേ. ഒക്ടോബര്‍ 21ന് ഫോണ്‍ പേ സമര്‍പ്പിച്ച ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ 60 ശതമാനത്തോളം വെട്ടിക്കുറച്ചതായി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണിത്. സമീര്‍ നിഗം, രാഹുല്‍ ചാരി, ബര്‍സിന്‍ എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് 2015 ഡിസംബറിലാണ് ഫോണ്‍ പേ സ്ഥാപിച്ചത്. ഇന്ത്യയിലുടനീളം 22,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഫോണ്‍ പേ ഡിജിറ്റല്‍ പേയ്‌മെന്റ് സിസ്റ്റത്തെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും അതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങള്‍ എത്തിക്കുന്നതിനുനുമായി 1,500-ലധികം എഞ്ചിനീയര്‍മാരാണ് ഈ കമ്പനിക്ക് കീഴില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്.

ഏജന്റുമാരുടെ എണ്ണം മുന്‍കാലത്ത് 1,100ല്‍ അധികമായിരുന്നെങ്കില്‍ ഇത് 400-ലധികം ജീവനക്കാരായി വെട്ടിക്കുറച്ചു. എഐ പവര്‍ സൊല്യൂഷനുകളിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ മാറ്റം സംഭവിച്ചതാണ് തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അതിന്റെ നെറ്റ് പ്രൊമോട്ടര്‍ സ്‌കോറി(എന്‍പിഎസ്)ലെ സ്ഥിരതയുള്ള വര്‍ദ്ധനവ് ഇതിന് തെളിവാണ്. പ്രോസസ് ഓട്ടോമേഷന്‍, യൂണിറ്റ് ഇക്കണോമിക്‌സ് എന്നീ കാര്യങ്ങളില്‍ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ഫോണ്‍ പേയ്ക്ക് വലിയ തോതില്‍ ലാഭം നേടാന്‍ സാധിക്കുന്നത്.

40 മടങ്ങ് വളര്‍ച്ചയാണ് ഫോണ്‍ പേ 2019 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ നേടിയത്. ഒരേ മേഖലയില്‍ ഒന്നിലധികം കമ്പനികള്‍ മത്സരിക്കുമ്പോള്‍ 4 വര്‍ഷം കൊണ്ട് 40 മടങ്ങ് വളര്‍ച്ചയെന്നാല്‍ സ്വപ്‌നതുല്യമായ നേട്ടമാണ്. പ്രത്യേകിച്ചും കടുത്ത മത്സരം ഈ മേഖലയില്‍ നടക്കുമ്പോള്‍. ഫോണ്‍ പേ പല കാര്യങ്ങളിലും ചെലവ് കുറച്ചിട്ടും ജീവനക്കാരെ ഒഴിവാക്കിയിട്ടും ഫോണ്‍ പേയുടെ ഉപയോക്താക്കള്‍ ഹാപ്പിയാണെന്നതാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles

Back to top button