ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ടെലഗ്രാം; സ്റ്റോറി ഫീച്ചർ ഉടൻ എത്തും
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാം. ഇത്തവണ സ്റ്റോറികൾ പങ്കുവെക്കാൻ സാധിക്കുന്ന ഫീച്ചറാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ സ്റ്റോറികൾക്ക് സമാനമാണ് ഈ ഫീച്ചർ. ജൂലൈ ആദ്യവാരം സ്റ്റോറി ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ടെലഗ്രാം ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സിഇഒ പവൽ ദുറോവ് പങ്കുവെച്ചിട്ടുണ്ട്.
വാട്സ്ആപ്പിന്റെ പ്രധാന എതിരാളിയായി ടെലഗ്രാമിനെ വിശേഷിപ്പിക്കാറുണ്ട്. വാട്സ്ആപ്പിലെ പോലെ തന്നെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്. അതിനാൽ, സ്റ്റോറികൾ ആരൊക്കെ കാണണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ സാധിക്കും. എവരി വൺ, കോൺടാക്ട്സ്, തിരഞ്ഞെടുത്ത കോൺടാക്ട്സ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉൾപ്പെടുത്തുക.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ, സ്റ്റോറികൾക്ക് ക്യാപ്ഷൻ നൽകാനും, ടാഗ് ചെയ്യാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സ്റ്റോറിയുടെ കാലാവധിയുമായി ബന്ധപ്പെട്ട സമയവും ഉപഭോക്താവിന് തന്നെ നിശ്ചയിക്കാവുന്നതാണ്.