Kerala

തൊപ്പി മരിച്ചു; ഇനി നിഹാദ് ആയി ജീവിക്കും; മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് തൊപ്പി; വീട്ടുകാര്‍ പുറത്താക്കിയെന്ന് വിവാദ താരം

വിഷാദത്തിലാണെന്നും തൊപ്പിയെന്ന കഥാപാത്രം അവസാനിപ്പിച്ചു

 

കൊച്ചി: നെഗറ്റീവ് ഫെയിമിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ തൊപ്പിയെന്ന നിഹാദ് മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് ലൈവിലെത്തി. സോഷ്യല്‍ മീഡിയയിലൂടെ കൗമാരക്കാരെ കൈയ്യിലാക്കിയ നിഹാദ് മുടി മുറിച്ച് പുതിയ ജീവിതത്തിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കിയാണ് ലൈവിലെത്തിയത്. താന്‍ കഞ്ചാവല്ലെന്നും തനിക്ക് പുതിയ ജീവിതമാണെന്ന് വേണ്ടതെന്നും നിഹാദ് വ്യക്തമാക്കി. വീട്ടില്‍ നിന്ന് പുറത്താക്കിയതിനാല്‍ ഏറെ വിഷമത്തോടെയാണ് നില്‍ക്കുന്നതെന്നും എത്ര സമ്പാദിച്ചാലും വീട്ടുകാര്‍ പുറത്താക്കിയാല്‍ പിന്നെന്തുണ്ടായിട്ടെന്താണെന്ന് നിഹാദ് ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ കോടികള്‍ സമ്പാദിച്ച നിഹാദ് ആഡംബര ജീവിതമാണ് നയിക്കുന്നത്. ഉദ്ഘാടനങ്ങള്‍ക്കും മറ്റുമായി വിവിധ നഗരങ്ങളിലെത്തി വിവാദത്തിലായതോടെയാണ് തൊപ്പിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അശ്ലീല പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യങ്ങളിലെത്തുന്ന തൊപ്പിക്ക് കൗമാരക്കാരാണ് ആരാധകരായിട്ടുള്ളത്.

ലൈവിൽ  പറഞ്ഞത്

ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതല്‍ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു, ഉറങ്ങുന്നു, എഴുന്നേല്‍ക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോള്‍ ലൈവിട്ടതാണ്. ഞാന്‍ ലൈവ് ചെയ്തിട്ട് ഇപ്പോള്‍ ഒരു മാസമായോ.. ‘ഹാപ്പി ബെര്‍ത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാള്‍ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടൂ. എനിക്ക് പിറന്നാള്‍ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ.

ലൈവ് വരാനാണെങ്കില്‍ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടര്‍ അവസാനിപ്പിക്കാന്‍ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓര്‍ക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതില്‍ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാന്‍ സമയമായി. എനിക്ക് മടുത്തു.

ഞാന്‍ കഞ്ചാവാണെന്നാണ് പറയുന്നത്. ഞാന്‍ ഇങ്ങനെ തന്നെയാണ്. ജീവിതത്തില്‍ അത്രയും വിഷമിച്ച ഒരു ദിവസമുണ്ടായിട്ടില്ല. കഴിഞ്ഞ ഒരുമാസമായി ഞാനിങ്ങനെയാണ്. എല്ലാ ദിവസവും ഞാന്‍ ഇങ്ങനെ വന്ന് ലൈവ് ഇടണമെന്നാണോ നിങ്ങള്‍ പറയുന്നത്. എനിക്കാരുമില്ല.. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എന്റെ അവസ്ഥ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാന വഴി ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഒഴിയുകയാണ്. ഞാന്‍ എന്നിലേക്ക് തിരിച്ച് പോവുകയാണ് ഇനി എനിക്ക് സന്തോഷമായിരിക്കാനുള്ള ഏക വഴി. ഞാനൊരുപാട് ശ്രമിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഉരുളുകയാണ്. ഭക്ഷണം കഴിക്കാന്‍ പോലും പറ്റുന്നില്ല. നിങ്ങള്‍ക്കെല്ലാം ഞാനൊരു കോമാളി. ആളുകള്‍ എന്തെങ്കിലും കരുതട്ടേ. സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ്. ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ ശ്രമിക്കാത്ത വഴികളില്ല. മുഖം മൂടിയിട്ടാണ് ഓരോ തവണയും ലൈവില്‍ വരുന്നത്. ഇതില്‍ കൂടുതല്‍ എനിക്ക് പറ്റില്ല. എന്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം. ലൈവ് നിര്‍ത്താന്‍ തോന്നുന്നില്ല, നിര്‍ത്തിയാല്‍ സഹിക്കാന്‍ പറ്റാത്ത ഏകാന്തതയാണ്.’ എന്ന് പറഞ്ഞാണ് നിഹാദ് യൂട്യൂബ് വീഡിയോ അവസാനിപ്പിക്കുന്നത്.

വാർത്തകളിൽ ഇടം നേടാനുള്ള ട്രിക്കോ…?

അതേസമയം, മുടി മുറിച്ച് പുതിയ തരംഗമുണ്ടാക്കി മറ്റൊരു സോഷ്യൽ മീഡിയ പ്രാങ്കിനോ വിവാദം സൃഷ്ടിക്കലോ ആണോ തൊപ്പിയുടെ ലക്ഷ്യമെന്ന് ഇനിയുള്ള ദിവസങ്ങളിൽ കണ്ടറിയാം. ആരാധകർക്കിടയിൽ പുതിയ ചർച്ചാ വിഷയമുണ്ടാക്കി തനിക്കുള്ള സപ്പോർട്ട് ഉണ്ടാക്കിയെടുക്കലാകാം തൊപ്പിയുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്.  വാർത്തകളിൽ ഇടം ലഭിക്കാനുള്ള പുതിയ ട്രിക്കാണിതെന്നും സംശയിക്കാം.

 

Related Articles

Back to top button