പാലക്കാട്ട് ഡി സി സി നിര്‍ദേശിച്ച സ്ഥാനാര്‍ഥി മുരളീധരന്; രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നെ ആരുടെ സ്ഥാനാര്‍ഥി
കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്
പാലക്കാട്: യു ഡി എഫിന് ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് മുന്‍ എംപി കെ മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരുടെ സ്ഥാനാര്‍ഥിയാണെന്ന ചോദ്യമാണ് ഉയരുന്നത്. ഡിസിസി പ്രസിഡന്റ് എ തങ്കപ്പന് ദേശീയ നേതൃത്വത്തിന് നല്കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വിഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുമുള്ള ദീപ ദാസ് മുന്‍ഷി എന്നിവര്‍ക്കൊപ്പം എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
പാലക്കാട് ബിജെപിയെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. പാലക്കാട് നിയോജക മണ്ഡലത്തില്‍ താഴേത്തട്ടിലടക്കം ജനപിന്തുണ നേടിയെടുക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണം. ഇടത് അനുഭാവികളുടെ അടക്കം വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥി വന്നാലേ മണ്ഡലത്തില്‍ ജയിക്കാനാവൂ. മണ്ഡലത്തിലെ താഴേത്തട്ടിലടക്കം വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി അഭിപ്രായം തേടിയ ശേഷം ഡിസിസി ഐകകണ്ഠേന കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. കത്തില്‍ പറയുന്നു.