Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 119

രചന: റിൻസി പ്രിൻസ്

എന്നെ തിരിച്ച് ഗൾഫിലേക്ക് വിട്ടതിനു ശേഷം പഴയ പ്രണയം എല്ലാ അർത്ഥത്തിലും ചെറിയച്ഛൻ ശ്രദ്ധിച്ചു കേൾക്കണം “എല്ലാ അർത്ഥത്തിലും” തുടരണം.

സുധി അത് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും മുൻപിൽ ചെറുതായി പോകുന്നതു പോലെ അർജുന് തോന്നി

” അതായത് അവൻ പറയുന്നത് എന്താണെന്ന് മനസ്സിലായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു പെണ്ണിനോട് പ്രണയിക്കണമെന്ന് ഒരു പുരുഷന് ആവശ്യപ്പെടുകയാണെങ്കിൽ അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാനുള്ള മിനിമം കോമൺസൻസ് ഒക്കെ ചെറിയച്ഛന് ഉണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനിപ്പോൾ പറയാൻ വന്നത് എന്താണെന്ന് വച്ചാൽ ഇവന് അത്രയ്ക്ക് മീരയെ മറക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ അവളോട് സംസാരിക്കാം. അതിനുശേഷം അവളെ ഇവിടെ കൊണ്ടുവന്ന് ആക്കാം. പക്ഷേ നിങ്ങളുടെ രണ്ടുപേരുടെയും അനുഗ്രഹവും സമ്മതവും വേണം. കാരണം ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നതാണ് അവളെ. അതുകൊണ്ട് അവളെ അങ്ങനെ വഴിയാധാരമാക്കി കളയാൻ എനിക്ക് പറ്റില്ല. നിങ്ങൾക്ക് സമ്മതമാണെന്നുണ്ടെങ്കിൽ ഞാൻ മുന്നിട്ട് നിന്ന് ഇവരുടെ കല്യാണം നടത്തി ഈ വീട്ടിലേക്ക് കൊണ്ടുവരാം. അവൾ ഇത്തിരി ബുദ്ധിമുട്ടുകളും കാര്യങ്ങളൊക്കെ വീട്ടിൽ അനുഭവിക്കുന്നുണ്ട് അതൊക്കെ മാറി അവൾ നന്നായി ജീവിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും.

” എന്നാ ചെറിയച്ചാ ഞാൻ അവളെ കൂട്ടിക്കൊണ്ടുവരട്ടെ..?

അവനത് ചോദിച്ചപ്പോൾ എല്ലാവരും ഒരേപോലെ അമ്പരന്നു പോയിരുന്നു.

” സുധി ഇവനൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ഇവൻ പറഞ്ഞിരുന്നു. നീ പറഞ്ഞതു പോലെ ഒന്നൊന്നര വർഷത്തിനു മുമ്പ് തന്നെയാണ് അത് സംഭവിച്ചത്. ആ പ്രണയത്തിന് സമ്മതമല്ലെന്ന് പറഞ്ഞത് ഞാനും ഇവളും കൂടിയാണ്. ഇവനൊക്കെ മറന്നു എന്ന് തന്നെ ആണ് ഞങ്ങൾ വിശ്വസിച്ചത്. നിന്റെ ഭാര്യയായിരുന്നു ആ കുട്ടി എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. നിന്റെ ഭാര്യയോട് ഇവൻ ഇങ്ങനെയൊക്കെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ലെന്ന് മാത്രമല്ല വലിയ തെറ്റാണ്. നീ ചെയ്തതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. അർജുന്റെ ഭാഗത്തു നിന്നും വന്നുപോയ ഈ വലിയ തെറ്റിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുകയാണ്. മറ്റൊന്നും ഈ നിമിഷം എനിക്ക് ചെയ്യാൻ സാധിക്കില്ല… നിന്റെ ഭാര്യ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നു പറഞ്ഞത് ആ കുട്ടിയുടെ നല്ല സ്വഭാവത്തിന്റെ മികവ് തന്നെയാണ്. ഓരോ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഇങ്ങനെയാണ്. എന്റെ മകൻ ഇത്രയ്ക്ക് മോശപ്പെട്ട ഒരു പ്രവർത്തി ചെയ്യുമെന്ന് ഞാൻ അറിഞ്ഞില്ല. നിന്റെ കാലുപിടിച്ച് ഞാൻ മാപ്പ് പറയുകയാണ് സുധി, ഇനി ഇതിന്റെ പേരിൽ നീ ഒരു പ്രശ്നത്തിന് നിൽക്കരുത്. അവന്റെ ഭാഗത്തു നിന്നും ഇനി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും നിന്റെ ഭാര്യയ്ക്ക് ഉണ്ടാവില്ല.

അയാൾ അങ്ങനെ സംസാരിച്ചപ്പോൾ അർജുന് വല്ലാത്ത വേദന തോന്നിയിരുന്നു. താൻ കാരണമാണ് തന്റെ അച്ഛൻ സുധിയുടെ മുൻപിൽ ഇത്രത്തോളം താണു വീഴുന്നത്. മീര ഒരിക്കലും എല്ലാ കാര്യങ്ങളും പറയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഭയം അവന്റെ മുഖത്തെ നിഴലിച്ചിരുന്നു.

” ഒരു ശല്യവും ഇവന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പു തരേണ്ടത് ചെറിയച്ഛൻ അല്ല, ഇവനാണ്. ഇവൻ പറയണം ഇനി എന്റെ മീരയുടെ കൺവെട്ടത്ത് പോലും ഇവൻ വരില്ല എന്ന്. അങ്ങനെയാണെങ്കിൽ ഇപ്പോൾ ഈ സംഭവം നമ്മൾ നാലുപേരും മാത്രമേ അറിയൂ. ഇല്ലെങ്കിൽ…

സുധി പറഞ്ഞപ്പോൾ ആത്മാഭിമാനം നഷ്ടപ്പെട്ടവനെപ്പോലെ ചെറിയച്ഛൻ അവന്റെ മുഖത്തേക്ക് നോക്കി.

” സുധി പറഞ്ഞത് കേട്ടില്ലേ നിനക്കെന്താ ഇനി അതിന് മറുപടി പറയാൻ ബുദ്ധിമുട്ട്..? നിന്റെ ഭാഗത്തു നിന്നും ഒരു ബുദ്ധിമുട്ടും ആ കുട്ടിക്ക് ഇനി ഉണ്ടാവാൻ പാടില്ല. അത് നീ സുധിയോട് ഉറപ്പു പറയണം.

ചെറിയച്ഛൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” ഞാൻ കാരണം ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല

സുധിയുടെ മുഖത്തേക്ക് നോക്കിയാണ് അവനത് പറഞ്ഞത്

” അത് പോരാ അവൻ ഇപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് നീ മാപ്പ് പറയണം

ചെറിയച്ഛൻ പറഞ്ഞപ്പോൾ ഉരുകി ഇല്ലാതാവുന്നതുപോലെ തോന്നിയിരുന്നു അർജുന്

” സുധിയേട്ടൻ ക്ഷമിക്കണം ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.

അവൻ അത്രയും പറഞ്ഞപ്പോൾ ആരോടും മറുപടിക്ക് പറയാതെ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയതിനു ശേഷം സുധി വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു.. നിറഞ്ഞ കണ്ണുകളോടെ ചെറിയമ്മ അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ അറപ്പോടെ മുറിയിലേക്ക് കയറിപ്പോയി. ആ നോട്ടവും പോക്കും അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പെറ്റമ്മ തന്നെ നോക്കിയ നോട്ടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവനോട് ഒന്നും സംസാരിക്കാതെയാണ് ചെറിയച്ഛനും മുറിയിലേക്ക് കയറി പോയത്. താൻ വല്ലാതെ അപഹാസ്യനായി പോകുന്നത് പോലെ അവന് തോന്നി. അവൻ പെട്ടെന്ന് തന്നെ മുറിയിലേക്ക് കയറി തന്റെ ആവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെ ഒരു ബാഗിൽ ആക്കി ആരോടും യാത്ര പറയാൻ നിൽക്കാതെ പുറത്തേക്ക് പോയിരുന്നു

തിരികെയെത്തിയ സുധി അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായിത്തന്നെ മീരയോടെ പറഞ്ഞിരുന്നു. എല്ലാം കേൾക്കെ അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കി.

” ഇനി അവന്റെ ഭാഗത്തു നിന്ന് നിനക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ ഇനി അവനെ നീ മൈൻഡ് ചെയ്യുകയും വേണ്ട. അമ്മയോടും ചേച്ചിയോടും ഒക്കെ പറയും എന്ന് പറഞ്ഞ് അല്ലേ ഭീഷണി, പറഞ്ഞു എന്ന് കരുതട്ടെ എനിക്കെല്ലാം അറിയാല്ലോ, ഇനി ആരറിഞ്ഞാൽ എന്താ.? മാത്രമല്ല ഇപ്പോൾ ഇതറിഞ്ഞാലും ഇല്ലെങ്കിലും തന്നോട് പ്രത്യേകിച്ച് ഇഷ്ടകൂടുതൽ ഒന്നും ചേച്ചിക്കും അമ്മയ്ക്കും ഉണ്ടാവാൻ പോകുന്നില്ല. അവന്റെ ഭീഷണിയും കേട്ട് മിണ്ടാതിരിക്കേണ്ട കാര്യമൊന്നും തനിക്കില്ല.

സുധി അത്രയും പറഞ്ഞപ്പോൾ അവൾ ഏറെ ആശ്വാസത്തോടെ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.. അവൻ ഏറെ സ്നേഹത്തോടെ അവളുടെ തലമുടി ഇഴകളിൽ ആർദ്രമായി തഴുകി

” ഇത്രയും നാളിതു പറയാതെ താൻ എത്രത്തോളം മാനസിക സങ്കർഷം അനുഭവിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നെ വേദനിപ്പിക്കേണ്ട എന്ന് കരുതിയാണ് ഇതൊക്കെ ഒളിച്ചുവച്ചതെന്നും മനസ്സിലായി. പക്ഷേ ഇനി ഒരിക്കലും ഇങ്ങനെ വേണ്ട, എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് കൂടി പറയണം. അങ്ങനെ ഒറ്റയ്ക്ക് നീ ഒന്നും സഹിക്കേണ്ട.

അവൻ പറഞ്ഞു

“അപ്പൊൾ സുധിയേട്ടൻ എന്നോട് പറയാതെ ഒറ്റയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ആണ് സഹിക്കുന്നത്..? ഇങ്ങനെ ഒറ്റയ്ക്ക് ഉരുകുമ്പോൾ എനിക്കും ഇതേ വേദന ആണ് തോന്നുന്നത്. ഇങ്ങനെ ഒറ്റയ്ക്ക് വേദന തിന്നാതെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് അപ്പോൾത്തന്നെ പറയണം

” ആയിക്കോട്ടെ മേടം

അവൻ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് ആ കൈകളിൽ ഒരു മുത്തം നൽകി. പിന്നെ ഏറെ പ്രണയത്തോടെ അവളെ തന്നിലേക്ക് ചേർത്ത് അധരങ്ങളിൽ ഒരു നേർത്ത ചുംബനവും.

” കുറച്ചു ദിവസമായിട്ട് ടെൻഷനും കാര്യങ്ങളൊക്കെ ആയതുകൊണ്ട് എന്റെ കൊച്ചിനെ വേണ്ടവിധത്തിൽ ഒന്ന് കാണാൻ പറ്റിയില്ല. പ്രശ്നങ്ങളൊക്കെ ഒതുങ്ങട്ടെ. നന്നായെന്ന് കാണുന്നുണ്ട്..

അവളെ ഒന്ന് അടിമുടി നോക്കി മീശ പിരിച്ച് ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ പെട്ടെന്ന് അവളിൽ നാണത്തിന്റെ അലയൊലികൾ മൊട്ടിട്ടിരുന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button