Novel

മംഗല്യ താലി: ഭാഗം 17

രചന: കാശിനാഥൻ

എനിയ്ക്ക് ഇവിടം വിട്ടു പോരാൻ മനസ് വരുന്നില്ല, സത്യമായിട്ടും എന്റെ സ്വർഗം ഇതാരുന്നു.
ആ വീട്ടിൽ എല്ലാവർക്കും ഞാനൊരു അധികപ്പറ്റാണ്, അതുകൊണ്ട ടീച്ചറേ.

അവൾ ശബ്ദം താഴ്ത്തി കേണു.

മോളങ്ങനെയൊന്നും കരുതേണ്ട,
എല്ലാം ശരിയാകും, പെട്ടെന്ന് ആയതുകൊണ്ട് നിന്നെ അംഗീകരിക്കുവാൻ എല്ലാവർക്കും അല്പം ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവും, ശരിയാണ്,പക്ഷേ മഹാലക്ഷ്മിയമ്മ മോളെ പൊന്നുപോലെ നോക്കും ഉറപ്പ്.പിന്നെ ഹരിയും എന്റെ കുട്ടിയെ വൈകാതെ മനസ്സിലാക്കി തുടങ്ങും.

മീര ടീച്ചറാണ് ഭദ്രയ്ക്ക് കയറുവാനായി കാറിന്റെ ഡോർ തുറന്നു കൊടുത്തത്..

ടീച്ചറെ എന്നാൽ പിന്നെ പോയേക്കുവാ കേട്ടോ നേരം ഒരുപാട് ആയി..
ഹരി അല്പം കുനിഞ്ഞ് മീരടീച്ചറെ നോക്കി പറഞ്ഞു.

അവർ തലയാട്ടികൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

അപ്പോഴേക്കും ഭദ്രയുടെ മിഴികൾ നിറഞ്ഞുതൂവി കവിളിലൂടെ ഒലിച്ചിറങ്ങി..

അയ്യേ,, ഇതെന്താ മോളെ, ഇങ്ങനെ കരഞ്ഞോണ്ടാണോ ഇവിടുന്ന് പോകുന്നത്, ടീച്ചർക്ക് സങ്കടായി ട്ടൊ.കഷ്ട്ടമുണ്ട്

അവർ ഭദ്രയുടെ തോളിൽ തട്ടി അവളെ സമാധാനിപ്പിച്ചു.

ഗേറ്റ് കടന്നു ഹരിയുടെ വണ്ടി പോകുന്നതും നോക്കി മീര നിറ മിഴികളോട് നിന്നു.

ടീച്ചറേ… കയറി വാ, എത്ര നേരമായി ഈ നിൽപ്പ് തുടങ്ങിട്ട്, തണുപ്പടിച്ചു ഇനി വല്ല അസുഖവും പിടിപ്പിക്കല്ലേ….

ദേവിയമ്മ വന്നിട്ട് അവരുടെ തോളിൽ പിടിച്ചു.

കണ്ണീർ തുടച്ചു മാറ്റി, അവരോടൊപ്പം മീര അകത്തേക്ക് നടന്നു.

***
എനിയ്ക്ക് എന്റെ ടീച്ചറോടൊപ്പം നിൽക്കുന്നതായിരുന്നു ഏറെ ഇഷ്ടം,

കുറച്ചു ദൂരം പിന്നിട്ട ശേഷം ഭദ്ര ഹരിയെ നോക്കി പറഞ്ഞു.

അവനാണെങ്കിൽ മറുത്ത ഒരക്ഷരം പോലും അവളോട് സംസാരിച്ചില്ല.

ഹരിയേട്ടാ, ഏട്ടന്റെ വീട്ടിൽ എല്ലാവർക്കും ഞാനൊരു ബാധ്യതയാണ്, എന്തിനാ വെറുതെ നിങ്ങളുടെയൊക്കെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ ഞാനൊരു വിലങ്ങു തടിയായി നിൽക്കുന്നത്.
ലക്ഷ്മി അമ്മയോട് ഒന്ന് പറയുമോ, എന്നെ എന്റെ ഓർഫനേജിലേക്ക് തിരിച്ചയക്കാൻ. അല്ലെങ്കിൽ ഹരിയേട്ടൻ എന്നെ അവിടെ ആക്കിയിട്ട് പൊയ്ക്കോളൂ,പ്ലീസ്.
അവൾ അവനോട് കെഞ്ചി.

അവിടേക്ക് പോകുമ്പോൾ നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു, അതു മനസ്സിലാക്കുവാനുള്ള പ്രായം തനിക്ക് ആയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഇമ്മാതിരി ഡയലോഗുകൾ ഒന്നും ഇനി എന്റെ അടുത്ത് ഇറക്കേണ്ട, കേട്ടല്ലോ.

അവൻ അല്പം ഗൗരവത്തിൽ ഭദ്രയോട് പറഞ്ഞു.

നിറഞ്ഞു തൂവിയ മിഴികളോടുകൂടി അവൾ വണ്ടിയിൽ ഇരുന്നു. പിന്നീട് ഒന്നും സംസാരിച്ചതെയില്ല.

ഭദ്ര ആ ചോക്ലേറ്റ് എടുത്തു കഴിച്ചോളൂ വീട് എത്താറായി.

ഹരി പറഞ്ഞതും അവൾ ഒന്ന് മുഖം തിരിച്ചു നോക്കി..

എനിയ്ക്കിതൊന്നും വേണ്ട, ഞാൻ ഇതുവരെയായിട്ടും കഴിച്ചിട്ടുമില്ല,.

പെട്ടെന്നായിരുന്നു ഹരി ആ ചോക്ലേറ്റ് ബാർ വലിച്ചെടുത്ത് ഗ്ലാസ് താഴ്ത്തി വെളിയിലേക്ക് എറിഞ്ഞു കളയാൻ തുടങ്ങിയത്.

അത് കണ്ടതും ഭദ്ര അത് അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി.

എന്നിട്ട് ആ പായ്ക്കറ്റ് പൊട്ടിച്ചു, പകുതിയൊടിച്ച് ഹരിയുടെ നേർക്ക് നീട്ടി..

താൻ കഴിച്ചോളൂ എനിക്ക് വേണ്ട..

ഇതു മുഴുവനും ഞാനൊറ്റയ്ക്ക് കഴിക്കില്ല ഹരിയേട്ടാ,അതുകൊണ്ടല്ലേ…

അവൾ പിന്നെയും പറഞ്ഞപ്പോൾ ഹരി പിന്നീട് ആ ചോക്ലേറ്റ് മേടിച്ചു.

ഒരു താങ്ക്സ് പറഞ്ഞേക്കാം എന്ന് കരുതി അവൻ അവളുടെ മുഖത്തേക്ക് നോക്കി.

പൂർണ്ണ ചന്ദ്രനെപ്പോലെ ശോഭയോടുകൂടി അവൾ പുഞ്ചിരിച്ചു.

പെട്ടെന്ന് അവൻ മിഴികൾ വലിച്ച് മുൻപോട്ടു നോക്കിയിരുന്നു വണ്ടിയോടിച്ചുപോയ്‌.

ഹരിയേട്ടന് വിശക്കുന്നുണ്ടാവും അല്ലേ, എനിക്ക് ദേവിയമ്മ ഭക്ഷണമൊക്കെ തന്നിരുന്നു. ഹരിയേട്ടനെ നിർബന്ധിയ്ക്കാഞ്ഞത് ഏട്ടന് അവിടെയിരുന്നു കഴിക്കാൻ ഇഷ്ടമാവില്ലന്ന് കരുതിയാണ് കേട്ടോ…

ഹ്മ്മ്… Its ഓക്കേ… രണ്ടു വളവും കൂടി കഴിഞ്ഞാൽ വീടെത്തും.

ഹരി പറഞ്ഞു.

ഹരിയുടെ കാർ അകത്തേക്ക് കയറി വരുമ്പോൾ മഹാലക്ഷ്മി ഉമ്മറത്തുണ്ട്.

അമ്പലത്തിൽ പോയോന്ന് അമ്മ ചോദിക്കുകയാണെങ്കിൽ താൻ എന്തു മറുപടി പറയും.?

പോയില്ലെന്ന്,,,

പകരം എവിടെയായിരുന്നു എന്ന് ചോദിച്ചാലോ..?

ഓർഫനേജിൽ, മീര ടീച്ചറെയും ദേവിയമ്മയെയും കാണാൻ പോയെന്നു പറയും..

വേണ്ട തൽക്കാലം അങ്ങനെയൊന്നും പറയണ്ട…

അയ്യോ, പിന്നെ ലക്ഷ്മിയമ്മോടെ ഞാൻ എന്തു പറയും?

എന്റെ പിന്നാലെ വന്നാൽമതി, അമ്മ എന്തെങ്കിലും ചോദിച്ചാൽ ഞാൻ മറുപടി പറഞ്ഞോളാം,പോരേ.

ഹ്മ്മ്… അവൾ തല കുലുക്കി.

വണ്ടി പോർച്ചിലേക്ക് കയറ്റി ഇട്ടശേഷം ഹരിയായിരുന്നു ആദ്യം ഇറങ്ങിയത്.അവന്റെ പിന്നാലെ ഉമ്മറത്തേക്ക് നടക്കുമ്പോൾ ഭദ്രയുടെ മുഖം കുനിഞ്ഞു.

താനെന്തിനാ ഇങ്ങനെ പേടിക്കുന്നത്, മുഖമുയർത്തി നടക്കു ഭദ്രേ.

ഹരിയുടെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി. എന്നാൽ അവൻ പറഞ്ഞതുപോലെ നടക്കുവാൻ ഭദ്രയ്ക്കു ഭയമായിരുന്നു.

ചെരിപ്പ് ഊരി വെച്ച ശേഷം ഭദ്ര അകത്തേക്ക് കയറുമ്പോൾ മഹാലക്ഷ്മി മകനെ ഉച്ചത്തിൽ ശകാരിക്കുന്നത് അവൾ കേട്ടുഎം

നിങ്ങൾ ഇത് ഇത്രനേരം എവിടെയായിരുന്നു ഹരി, ഞാൻ ഫോൺ വിളിച്ചപ്പോൾ അറ്റ്ലീസ്റ്റ് അതെടുത്ത് എന്നോടൊന്ന് സംസാരിക്കുവാനുള്ള മാനേഴ്സ് പോലും നിനക്കില്ലല്ലേ..

ഇന്നലെ കല്യാണം കഴിഞ്ഞ് ഞാനും എന്റെ ഭാര്യയും കൂടി, ഒന്ന് പുറത്തേക്ക് പോയത് അത്ര വലിയ അപരാധമായോ അമ്മയ്ക്ക്.

പെട്ടെന്നുള്ള ഹരിയുടെ മറുപടി അവരെ അമ്പരപ്പിച്ചു എന്ന് വേണം പറയാൻ..

ഇവിടുന്ന് പോകുംവരേക്കും തന്നോട്, ഭദ്രയുടെ പേരിൽ കിടന്നു തുള്ളിയ മകനാണ്. ഇപ്പോൾ അവളെ അവന്റെ ഭാര്യ എന്നുകൂടി അഭിസംബോധന ചെയ്തിരിക്കുന്നു. ഇതെങ്ങനെ സാധിപ്പിച്ചെടുത്തു.

മഹാലക്ഷ്മി ഹരിയുടെ പിന്നിലായി നിന്നിരുന്ന ഭദ്രയെ ഒന്ന് നോക്കി.

എവിടെയായിരുന്നു എന്ന് അവളോട് ചോദിയ്ക്കുവാൻ പിന്നീട് അവർക്ക് തോന്നിയില്ല.

ഭദ്രേ… പോയി കുളിച്ചു, ഈ വേഷമൊക്കെ മാറ്റി വരൂ എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം, നേരം കുറെ ആയില്ലേ, ഐശ്വര്യയും അനിക്കുട്ടനുമൊക്കെ കിടന്നു കഴിഞ്ഞു.

അയ്യോ ലക്ഷ്മിയമ്മേ, എനിയ്ക്കിനി ഒന്നും വേണ്ട… ദേവി അമ്മ എനിക്ക് നല്ല അസ്സൽ മാമ്പഴ പുളിശ്ശേരി ഒക്കെ കൂട്ടി ചോറ് തന്നു..

പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് സത്യത്തിൽ ഭദ്ര ചിന്തിച്ചത്.

അരികിലായി നിന്നിരുന്ന ഹരിയെ അവളൊന്നു നോക്കി.. ആ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button