Novel

മംഗല്യ താലി: ഭാഗം 19

രചന: കാശിനാഥൻ

മഹാലഷ്മി എഴുന്നേറ്റ് അകത്തേക്ക് നടന്നതും പെട്ടെന്ന് ആരോ പിടിച്ചുകെട്ടിയ പോലെ അവരവിടെ നിന്നു..

അമ്മേടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഹരി തിരിഞ്ഞു നോക്കി.

അവരെ ഇരുവരെയും നോക്കി ഒരു മന്ദഹാസത്തോടെ നിൽക്കുകയാണ് ഭദ്ര.

എന്നാൽ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു.

ഹരിയേട്ടന്റെ ഫോൺ കുറെ നേരമായിട്ട് റിങ് ചെയ്തു. അത് പറയാൻ വേണ്ടി താഴേക്ക് വന്നത്.

ഭദ്ര അവളുടെ കയ്യിലിരുന്ന ഫോൺ ഹരിയുടെ നേർക്ക് നീട്ടി..
അവൻ അത് വാങ്ങി, കോൾ ലിസ്റ്റ് പരിശോധിച്ചു.

മഹാലക്ഷ്മി ആണെങ്കിൽ അടിയേറ്റത് പോലെ നിൽക്കുകയാണ്, എങ്കിലും അവരുടെ ഉള്ളിൽ ഒരു സംശയം. താനും ഹരിയും പറഞ്ഞ കാര്യങ്ങളൊക്കെ ഭദ്ര കേട്ടോ എന്ന്..
കാരണം തങ്ങളുടെ പിന്നിലായി എപ്പോഴാണ് ഭദ്രവന്നു നിന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു.
മഹാലക്ഷ്മി നോക്കുന്നത് കണ്ടതും ഭദ്ര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അമ്മ ഭക്ഷണമൊക്കെ കഴിച്ചോ..?
പെട്ടന്ന് അവൾ ചോദിച്ചു.

ഹ്മ്മ്…
വല്ലായ്മയോടെ അവരൊന്നു മൂളി..

ഭദ്ര വരൂ… നമ്മൾക്ക് കിടക്കാം.
ഹരി അവളുടെ കൈത്തണ്ടയിൽ പിടിച്ചു. അത് കണ്ടതും മഹാലക്ഷ്മി ഒന്നും ഞെട്ടി.
ഹരിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി..

അമ്മയുടെ നോട്ടത്തിന്റെ അർത്ഥം അവനു വ്യക്തമായി.

ഭദ്രേ വരൂ നമുക്ക് കിടക്കാം… അവൻ പഴയ പല്ലവി തന്നെ ആവർത്തിച്ചു ശേഷം അവളുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്തു പിടിച്ചു..

എന്നിട്ട് മുകളിലേക്കുള്ള സ്റ്റെപ്സ് ഒന്നൊന്നായി കയറി.അവന്റെ ആ ചെയ്തിയിൽ ഭദ്ര വിറച്ചു പോയിരിന്നു. മെല്ലെ അത് ഹരിയിലേക്കും ബാധിച്ചു
അത് കണ്ടതും മഹാലക്ഷ്മിക്ക് പരവശമായി.
ശരിക്കും പറഞ്ഞാൽ അവന് ഭദ്രയോട് വെറുപ്പായിരിക്കും എന്നും, അതുകൊണ്ട് അവര് തമ്മിൽ, ഒരു അകൽച്ച ആയിരിക്കും എന്നും, ഭാര്യ ഭർത്താക്കന്മാരായി ഒരിക്കലും കഴിയില്ല, എന്നും ഒക്കെയാണ് മഹാലക്ഷ്മിയുടെ കണക്കുകൂട്ടൽ.

സത്യത്തിൽ ഹരിക്ക് അവളോട് തീർത്താൽ തീരാത്ത പകയും വെറുപ്പും ആയിരുന്നു താനും. ആ ഒരു വിഷമത്തിൽ ഭദ്ര എല്ലാമിട്ടെറിഞ്ഞു പോകുമോ എന്ന ഭയത്തിലാണ് മഹാലക്ഷ്മി അവളെ കൂടെ കിടത്തിയത് പോലും.

എന്നാൽ എപ്പോഴൊക്കെയോ അവരുടെ മനസ്സിന്റെ കോണിൽ അവളോട് ഒരിഷ്ടം തോന്നിയിരുന്നു , പക്ഷെ അവരിലെ സ്വാർത്ഥത, അതിൽ അവർ എല്ലാം മറന്നു.

ഹരിയുടെ ജാതകത്തിൽ ഇരു വിവാഹങ്ങൾക്ക്, യോഗം ഉണ്ടെന്ന്, അറിഞ്ഞതും, അവരുടെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു. ഇതിനെന്താണ് ഒരു പോംവഴി എന്ന് കണ്ടുപിടിക്കുവാൻ മഹാലക്ഷ്മി ഒരുപാട് അലഞ്ഞു.

സഹോദരന്റെ മകൾ മൃദുലയുമായി, മകന്റെ വിവാഹം വരെ പറഞ്ഞു വച്ചതാണ്, ഹരിക്കും ചെറിയതോതിൽ അവളോട് ഇഷ്ടം ഉണ്ടായിരുന്നു,രണ്ടാളും നല്ല ചേർച്ചയാണ്,, മൃദുലയാണെങ്കിൽ ഒറ്റ മോള്, ഇഷ്ടംപോലെ സ്വത്തും, ഹരിയെ അവിടെഎല്ലാവർകും ജീവന്റെ ജീവനായിരുന്നു.എല്ലാം വെറുതെയായല്ലോ എന്നോർത്ത് വിഷമിച്ചിരുന്നപ്പോഴാണ് ഭട്ടതിരിയെ ഒന്ന് വന്നു കണ്ടു നോക്കുവാൻ സുഹൃത്തായ beena ഉപദേശിച്ചത്

ഒട്ടും അമാന്തിച്ചില്ല, നേരെ ഭട്ടതിരിയെ കാണുവാനായി പോയി, മൂന്ന് തവണ പ്രശ്നം വെച്ച ശേഷമാണ്, ഈയൊരു പോംവഴി അദ്ദേഹം നിർദ്ദേശിച്ചത്.

രണ്ടു വിവാഹങ്ങൾക്ക് യോഗം ഉള്ളതിനാൽ, ആ വിവാഹങ്ങൾ നടക്കുക തന്നെ വേണം. അതിൽ യാതൊരു തടസവും പാടില്ല. ആദ്യ വിവാഹം എത്രയും പെട്ടെന്ന് തന്നെ ആവണം, ഇല്ലെങ്കിൽ വീണ്ടും ജാതകത്തിൽ ദോഷമാണത്രേ.

ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ, കണ്ടുപിടിച്ച ഈ കർത്തവ്യം അങ്ങ് നടത്തുക.
അതായിരുന്നു ഭട്ടതിരി ഉപദേശിച്ചത്..

അപ്പോഴാണ് ഓർഫനേജിലെചില കാര്യങ്ങൾ ഓർമ്മ വന്നത്.അവിടെ കണ്ടിരുന്ന മുഖങ്ങളിൽ,കൂടുതൽ പരിചിതമായത് ഭദ്രയെ ആയിരുന്നു..

പിന്നെ ഒന്നും ഓർത്തില്ല,കൂടുതൽ ചിന്തിച്ച് സമയവും പാഴാക്കിയില്ല, നേരെ മീര ടീച്ചറുടെ അടുത്ത് ചെന്ന് സംസാരിച്ചു. ഈ കാര്യങ്ങൾ ഒന്നും അവരോട് പറയാൻ കൂട്ടാക്കിയില്ല. തികച്ചും നാച്ചുറൽ ആയിട്ട് അവരുടെ മുന്നിൽ അഭിനയം കാഴ്ചവച്ചതോർത്ത് മഹാലക്ഷ്മി ബെഡിലേക്ക് അമർന്നിരുന്നു.

ഈ സമയത്ത് മുകളിലെ മുറിയിൽ ഏറിവന്ന സങ്കടത്തോടെ, ഭദ്ര ഇരിപ്പുണ്ടായിരുന്നു.

ഹരി ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് ബാൽക്കണിയിലാണ്. നേരം കുറച്ചായി സംസാരം തുടങ്ങിയിട്ട്. ഇംഗ്ലീഷിലാണ് പറയുന്നത്.

എന്തൊക്കെയോ അറ്റോം മുറിയുംമൊക്കെ മാത്രം മനസ്സിലായി..

പക്ഷെ അതിലൊന്നും അല്ലായിരുന്നു അവളുടെ ശ്രദ്ധ.

ഇത്ര വലിയൊരു ചതിവ് തന്നോട് മഹാലക്ഷ്മി അമ്മ ചെയ്തല്ലോ, ഓർക്കും തോറും അവളുടെ നെഞ്ചകം വിങ്ങിപ്പൊട്ടി.

മേശമേൽ മുഖം ചേർത്ത് വെച്ച് അവൾ മുന്നോട്ട് ചാരിയിരുന്നു
മിഴിനീരങ്ങനെ ഒഴുകുകയാണ് കവിളിലൂടെ,,

ഇത്രയും വലിയൊരു കുടുംബത്തിലേക്ക്, തന്നെ വിവാഹം കഴിച്ചു കൊണ്ട് വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന്, ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു.

തന്നെ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഹരിയേട്ടൻ, ഈ ബന്ധത്തിന് സമ്മതിച്ചോ എന്ന് സംശയം തോന്നി.

അപ്പോഴൊക്കെ എന്റെ സൗഭാഗ്യത്തെ വാനോളം പുകഴ്ത്തി, എല്ലാവരും അരികിൽ വട്ടം കൂടി നിന്നു.

ദേവിയമ്മയ്ക്ക് ആയിരുന്നു ഏറ്റവും സന്തോഷമെന്നു ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു.

ഭദ്ര ഉറങ്ങിയോ…
ഹരിയുടെ ശബ്ദം കേട്ടതും അവൾ ഒന്നു തിരിഞ്ഞു. എന്നിട്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

എന്തിനാടോ ഇങ്ങനെ ഞെട്ടുന്നത്, ഞാന് ജസ്റ്റ് ഒന്ന് ചോദിച്ചതല്ലേ ഉള്ളൂ. അപ്പോഴേക്കും പേടിച്ചു വിറച്ചോടൊ താന്.
ഹരി വന്നിട്ട് അവളുടെ ചുമലിൽ തട്ടി.

അവനോട് തിരിച്ചൊന്നും പറയാതെ അവൾ മുഖം താഴ്ത്തി നിന്നു.

അതിനെ എന്തിനാണ് എപ്പോഴും ഇങ്ങനെ നിലത്തേക്ക് തന്നെ നോക്കുന്നത്, ആരെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് ഒന്നും നോക്കണ്ടേ, അല്ലെങ്കിൽ ഒന്ന് ശ്രദ്ധിക്കേണ്ടേ..

ചെറുതായി അവൻ ഒന്ന് ശാസിച്ചപ്പോൾ അവൾ മെല്ലെ മുഖമുയർത്തി, എന്നിട്ട് ഹരിയുടെ മുഖത്തേക്ക് നോക്കി.

ഹരിയേട്ടാ… ഏട്ടന്റെ ജീവിതത്തിൽ രണ്ടു വിഭാഗങ്ങൾക്ക് യോഗം ഉണ്ടെന്നല്ലേ കുറച്ചു മുന്നേ ലക്ഷ്മി അമ്മ പറഞ്ഞത്, എന്തായാലും ഒരു വിവാഹം കഴിഞ്ഞല്ലോ, ഇനി ഞാൻ ഇവിടെ നിൽക്കുന്നത് അർത്ഥമില്ല, നാളെത്തന്നെ ഞാൻ തിരിച്ചു പോകുവാ ഹരിയേട്ടാ, ഇല്ലെങ്കിൽ ഇതെല്ലാംകൂടി ഓർത്ത് ഞാൻ ചങ്ക് പൊട്ടി ചത്തുപോകും. അതുകൊണ്ടാണ്, ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കണം…

അതു പറയുമ്പോൾ പാവം ഭദ്രയുടെ അധരം വിറകൊണ്ടു.

ഹ.രിയാണെങ്കിൽ അവളെ സാകൂതം നിരീക്ഷിച്ചു.

താനും അമ്മയും തമ്മിൽ പറഞ്ഞതെല്ലാം ഭദ്ര കേട്ടു എന്നുള്ളത് അവനുറപ്പായി..

പലപ്പോഴും എനിക്ക് സംശയം തോന്നിയിരുന്നു, എന്തുകൊണ്ടാണ് ഈ ഓർഫനേജിൽ വന്നു ലക്ഷ്മി അമ്മ പെണ്ണാലോചിക്കുന്നതെന്ന്..പിന്നെ ഒരുപാട് ചിന്തിക്കാൻ പോലും ഇടവരുത്താതെ, മീരടീച്ചറും ദേവിയമ്മയും അവിടെയുള്ള ബാക്കി ആളുകളും ഒക്കെ എന്നേ അങ്ങട് പുകഴ്ത്തി..

ഒരു നിമിഷത്തേക്ക് ഞാനും ഒന്ന് സ്വപ്നം കണ്ടുവെന്നു തോന്നുന്നു. പക്ഷെ സാരമില്ല കെട്ടോ, എനിക്ക് യാതൊരു പ്രശ്നവുമില്ല.
ഈശ്വരനായിട്ട് ഇപ്പൊ ഇതല്ലാം കേൾപ്പിച്ചു തന്നത്, അതുകൊണ്ട് നാളെത്തന്നെ എനിയ്ക്ക്ഇവിടുന്നു പോകാല്ലോ
ഹരിയേട്ട, അതാണ് ഇനി നല്ലത്

എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ ഭദ്ര പറഞ്ഞു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button