National

രാസ സംയുക്തങ്ങള്‍ അടങ്ങിയ കാജല്‍ സ്റ്റിക്കുകള്‍ക്ക് ബൈ പറയാം: എളുപ്പത്തില്‍ കണ്‍മഷി വീട്ടിലുണ്ടാക്കാം, നോക്കുന്നോ

മുംബൈ: കണ്ണിനെ വര്‍ണിക്കുന്ന കവികളും എഴുത്തുകാരുമെല്ലാം കരിനീല മിഴികളെന്ന് പറയാറുണ്ട്. മഷി എഴുതിയ കണ്ണുകളെന്നാണ് ഇതിനെ പൊതുവേ അര്‍ഥമാക്കാറ്. ഏത് ആഘോഷവേളകളിലും പെണ്ണിന് അണിഞ്ഞൊരുങ്ങിയാല്‍ മാത്രം പോരാ, പിന്നെ കണ്ണെഴുതുകയെന്നത് മിക്കവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണ്. ഒരു മേക്കപ്പും ചെയ്തില്ലെങ്കിലും കണ്ണില്‍ കരി വരച്ച് അല്‍പം പൗഡര്‍ കവിളില്‍ തേയ്ക്കാതെ പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ അത്യപൂര്‍വമാണ്.

ഇന്ന് കണ്‍മഷിയുടെ നിര്‍മാണവും ലോകം മുഴുവന്‍ കോടികളുടെ ബിസിനസായി വളര്‍ന്നിരിക്കുന്നു. കാലം മാറിയതിനനുസരിച്ച് കണ്മഷിയുടെയും രൂപവും ഭാവവും മാറിമറിഞ്ഞിരിക്കുന്നു. ഇന്ന് പല പ്രമുഖ ബ്രാന്‍ഡുകളുടെയും കാജല്‍ സ്റ്റിക്കുകള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയില്‍ മിക്കതിലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വസ്തുത.

മിക്കവരും ഇതുവാങ്ങി ഉപയോഗിക്കുന്നവരുമാണ്. എന്നാല്‍ ഈ ദീപാവലിക്ക് വീട്ടില്‍ തന്നെ നമുക്ക് ആവശ്യമായ കണ്മഷി നിര്‍മ്മിച്ചാലോ ആവശ്യമായ വസ്തുക്കള്‍ വലിയ ചെലവില്ലാതെ അധികം സമയമെടുക്കാതെ മികച്ച ഒരു കണ്‍മഷി വീട്ടില്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ നല്ലതല്ലെ?

ചേരുവകള്‍ നോക്കാം.
നെയ്യ്/കടുകെണ്ണ – 2 ടേബിള്‍സ്പൂണ്‍
കോട്ടണ്‍ തുണി തിരി – 3 എണ്ണം
ഒപ്പം മണ്‍വിളക്ക്, സ്റ്റീല്‍ പ്ലേറ്റ്, സ്പൂണ്‍, അരിച്ചെടുക്കാനുള്ള തുണി എന്നിവയാണ് ഇതിനായി അവശ്യമുള്ളത്.

തയ്യാറാക്കുന്ന വിധം
മണ്‍വിളക്കില്‍ ഏകദേശം മുക്കാല്‍ ഭാഗം വരെ നെയ്യോ കടുകെണ്ണയോ നിറയ്ക്കുക. അതിനുള്ളിലേക്ക് കോട്ടണ്‍ തിരി വയ്ക്കുക. തിരി എണ്ണയില്‍ നന്നായി കുതിര്‍ന്നുവെന്ന് ഉറപ്പാക്കണം. ഇതിനുശേഷം വിളക്ക് കത്തിക്കാം(ആളിക്കത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). ഈ സമയത്ത് കരി രൂപപ്പെടാന്‍ തുടങ്ങും. ഒരു സ്റ്റീല്‍ പ്ലേറ്റ് വിളക്കിനുമുകളില്‍ പിടിച്ച് ഉയര്‍ന്നുവരുന്ന കറുത്ത പുക ശേഖരിക്കണം.

10 -15 മിനിറ്റുകള്‍ക്കുള്ളില്‍ പ്ലേറ്റില്‍ കറുത്ത നിറത്തിലുള്ള പുക അടിഞ്ഞുകൂടും. ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ചെറിയ തരികളാണ് ആവശ്യമെങ്കില്‍ ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ഇതോടെ ആവശ്യമായ കണ്മഷി റെഡി ആയിക്കഴിയും. പിന്നീട് വായു കടക്കാത്ത ചെറിയ ഗ്ലാസ് ബൗളിലാക്കി സൂക്ഷിക്കാം. അലര്‍ജി ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കണ്ണില്‍ തേയ്ക്കുന്നതിന് മുന്‍പ് കൈയിലെ തൊലിയില്‍ അല്‍പം തേച്ച് പാച്ച് ടെസ്റ്റ് നടത്തിയാല്‍ ഇത്തരം ബുദ്ധിമുട്ടും ഒഴിവാക്കാന്‍ സാധിക്കും.

Related Articles

Back to top button