Sports

രണ്ട് തവണ ചാന്‍സ് കിട്ടിയിട്ടും മുതലാക്കിയില്ല; ഹിറ്റ് മാന് ബാറ്റിംഗ് മറന്നോ…?

സോഷ്യല്‍ മീഡയയില്‍ വ്യാപക വിമര്‍ശം

മുംബൈ: ഐ പി എല്ലിലെ ഹോം ഗ്രൗണ്ട് ആയിട്ട് പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹിറ്റ് മാന്‍ എന്ന രോഹിത്ത് ശര്‍മക്ക് കാലിടറി. വാംഖഡെയിലെ ഇന്ത്യ – ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ നായകന് ബാറ്റിംഗില്‍ മികവ് പുലര്‍ത്താനായില്ല. രണ്ടു തവണ ആയുസ് നീട്ടിക്കിട്ടിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെയാണ് രോഹിത് ശര്‍മ ചെറിയ സ്‌കോറിനു മടങ്ങിയത്. ഇതോടെ വ്യാപക വിമര്‍ശനവുമായി ക്രിക്കറ്റ് പ്രേമികളും രംഗത്തെത്തി.

ന്യൂസിലാന്‍ഡിന്റെ പിഴവ് കാരണമാണ് തുടക്കത്തില്‍ രണ്ടു തവണ പുറത്താവലില്‍ നിന്നും രോഹിത് രക്ഷപ്പെട്ടത്. മാറ്റ് ഹെന്‍ട്രിയെറിഞ്ഞ അഞ്ചാമത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രക്ഷപ്പെടല്‍. അഞ്ചാം ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയോടെയാണ് രോഹിത് തുടങ്ങിയത്. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തേത് ലെഗ് സ്റ്റംപിനു പുറത്തേക്കു ഒരു ഷോര്‍ട്ട് ബോളായിരുന്നു ഹെന്‍ട്രി പരീക്ഷിച്ചത്. രോഹിത് ഇതു പുള്‍ ഷോട്ടിലൂടെ സിക്സറിലേക്കു പായിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡീപ്പ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ് ഏരിയയിലൂടെ ഓടിയെത്തിയ വില്‍ ഒറൂക്കി ബൗണ്ടറി ലൈനിന് അരികില്‍ വച്ച് ക്യാച്ചിനു ശ്രമിക്കുകയായിരുന്നു. പന്ത് അദ്ദേഹത്തിന്റെ കൈളിലേക്കു വന്നെങ്കിലും അതു വഴുതി മാറി. രണ്ടാം ശ്രമത്തില്‍ ക്യാച്ചിനു ശ്രമിച്ചെങ്കിലും ഇതും കൈകളിലൊതുങ്ങിയില്ല.

അജാസ് പട്ടേല്‍ എറിഞ്ഞ അടുത്ത ഓവറില്‍ രോഹിത് ഒരിക്കല്‍ക്കൂടി കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപ് ഏരിയയില്‍ വന്ന ബോള്‍ രോഹിത് മുന്നോട്ട് കയറി കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തട്ടി ഉയരുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ടോം ബ്ലെണ്ടലിന്റെ കൈകളില്‍ ഒതുങ്ങേണ്ടിയിരുന്ന ബോളാണിത്. പക്ഷെ അദ്ദേഹത്തിന്റെ ഗ്ലൗസില്‍ തട്ടിയ ശേഷം സ്ലിപ്പിലുണ്ടായിരുന്ന ടിം സൗത്തിക്കു മുകളിലൂടെ ബോള്‍ പിറകിലേക്കു പോവുകയായിരുന്നു. പക്ഷെ തൊട്ടടുത്ത ഓവറില്‍ തന്നെ രോഹിത് പുറത്താവുകയും ചെയ്തു. ഏഴാമത്തെ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് അദ്ദേഹത്തെ ഹെന്‍ട്രി വീഴ്ത്തിയത്. ഓണ്‍സൈഡിലേക്കു ഷോട്ടിനു ശ്രമിച്ച രോഹിത്തിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ടോതം പിടികൂടുകയായിരുന്നു.

ഇന്ത്യന്‍ ടീമിനു രോഹിത് ശര്‍മ ഇപ്പോള്‍ വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്നാണ് ഒരു കൂട്ടര്‍ ആരോപിക്കുന്നത്. രണ്ടു ക്യാച്ചുകള്‍ പാഴാക്കിയിട്ടു പോലും അദ്ദേഹത്തിനു റണ്ണെടുക്കാന്‍ സാധിക്കുന്നില്ലെന്നതു നിരാശാജനകമാണ്. വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിക്കുകയാണ് ചെയ്യേണ്ടതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നു.

നേരത്തേ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യന്‍ ടീമിനെ കനത്ത തോല്‍വിയിലേക്ക് വലിച്ചെറിഞ്ഞതില്‍ രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സി കാരണമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

Related Articles

Back to top button