കാണിച്ചത് മഹാ മണ്ടത്തരം; മുഹമ്മദ് സിറാജിനെതിരെ രൂക്ഷ വിമര്‍ശം
ഔട്ടാണെന്ന് ഉറപ്പായിട്ടും റിവ്യൂ കൊടുത്തു
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തീരാനിരിക്കെ മഹാവിഡ്ഡിത്തരം കാണിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. കളിയില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. അതു മാത്രമല്ല വളരെ നിര്‍ണായകമായ ഒരു റിവ്യു കൂടി പാഴാക്കിയാണ് സിറാജ് തിരികെ പോയത്. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്.
18ാം ഓവറില്‍ ക്രീസില്‍ ഒന്നാംദിനത്തിലെ കളി തീരാന്‍ വെറും മൂന്നോവറുകള്‍ മാത്രം ശേഷിക്കെയാണ് മുഹമ്മദ് സിറാജ് ക്രീസിലെത്തിയത്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്സ് ടോട്ടലായ 235 റണ്‍സിന് മറുപടിയില്‍ ഇന്ത്യ ഒരു വിക്കറ്റിനു 78 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ഇതേ രീതിയില്‍ തന്നെ ആദ്യദിനത്തിലെ കളിയും ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സ്പിന്നര്‍ അജാസ് പട്ടേല്‍ എറിഞ്ഞ 18ാമത്തെ ഓവര്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച യശസ്വി ജയ്സ്വാള്‍ (30) ഓവറിലെ രണ്ടാമത്തെ ബോളില്‍ ക്ലീന്‍ ബൗള്‍ഡായി. ഇതോടെയാണ് നൈറ്റ് വാച്ച്മാനായി മുഹമ്മദ് സിറാജിനെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. ഇന്നത്തെ ശേഷിച്ച ബോളില്‍ പിടിച്ചുനില്‍ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ റോള്‍.
ഔട്ടാണെന്ന് വളരെ വ്യക്തമായിരുന്നിട്ടും നൈറ്റ് വാച്ച്മാന്‍ മാത്രമായ സിറാജ് എന്തിനാണ് വിലപ്പെട്ട ഒരു റിവ്യു നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ സിറാജിനെ ആരാധകര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.
മിഡില്‍-ലെഗ് ഏരിയയില്‍ പിച്ച് ചെയ്ത ബോളിനെതിരേ മുന്നോട്ട് ആഞ്ഞ് പ്രതിരോധിക്കാനാണ് സിറാജ് ശ്രമിച്ചത്. പക്ഷെ ബോള്‍ കണക്ടായില്ല. അദ്ദേഹത്തിന്റെ കാലിലാണ് ബോള്‍ പതിച്ചത്. കിവി താരങ്ങളുടെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ബോള്‍ സ്റ്റംപുകളിലാവും പതിക്കുകയെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമായിരുന്നു. പക്ഷെ അതു ഔട്ടല്ലെന്ന വിശ്വാസത്തിലായിരുന്നു സിറാജ്. നോണ്‍ സ്ട്രൈക്കറായ ശുഭ്മന്‍ ഗില്ലുമായി സംസാരിച്ച ശേഷം സിറാജ് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നു തെളിഞ്ഞു. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ ടച്ചില്ലെന്നും കാലില്‍ നേരിട്ടാണ് ബോള്‍ പതിച്ചതെന്നും വ്യക്തമായി.
ബോള്‍ ട്രാക്കിങില്‍ അതു സ്റ്റംപുകളില്‍ പതിക്കുമെന്നും തെളിഞ്ഞതോട സിറാജിന്റെ റിവ്യു അംപയര്‍ തള്ളുകയും ചെയ്തു. അതിനു ശേഷം ഡ്രസിങ് റൂമിലെത്തിയിട്ടും വളരെയധികം ഞെട്ടലിലും നിരാശയിലുമാണ് താരം കാണപ്പെട്ടത്.