Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 121

രചന: റിൻസി പ്രിൻസ്

ഇയാളാണോ ഏട്ടന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്..?
ഈ കാര്യത്തിൽ സുധിയേട്ടന് അഭിപ്രായം ഒന്നും പറയാനില്ലേ..?

പ്രതീക്ഷയോടെ ശ്രീജിത്ത് സുധിയുടെ മുഖത്തേക്ക് നോക്കി.. എല്ലാവരും അവന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്

“സുധിയേട്ടന് സ്വന്തമായിട്ട് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നാണോ  ഈ മൗനത്തിന് അർത്ഥം.

കുറെ സമയമായിട്ടും സുധി ഒന്നും മറുപടി പറയുന്നില്ല എന്നറിഞ്ഞതും ശ്രീജിത്ത് ചോദിച്ചു.

”  വിനോദ് പറഞ്ഞതിനപ്പുറം മറ്റൊന്നും എനിക്ക് സംസാരിക്കാറില്ല.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുധിയത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ ശ്രീജിത്ത് സുധിയുടെ മുഖത്തേക്ക് നോക്കി.

”  ഇതിന് പറയുന്നത് ചെറ്റത്തരം എന്നാണ്. ആദ്യം ഒരു കാര്യം പറയുക പിന്നീട് അത് മാറ്റി പറയുക എന്താ സുധിയേട്ടാ ഇത്? നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ കൂടി വേണമായിരുന്നെങ്കിൽ അത് നേരത്തെ പറയണമായിരുന്നു. ഇനി അവസാന നിമിഷം ഞാൻ എവിടെ നിന്നുണ്ടാക്കാൻ ആണ് ഈ പണം.

“ഞാൻ ആദ്യം മുതലേ പത്ത് ലക്ഷം രൂപ എനിക്ക് വേണം എന്നല്ലേ നിന്നോട് പറഞ്ഞത്.? എനിക്ക് തരാനുള്ള 5 ലക്ഷം രൂപ കൂടി അതിൽ നീ കൂട്ടിയത് ആരുടെ തെറ്റാണ്.?  കണക്ക് തെറ്റിയത് എനിക്കില്ല, നിനക്കാണ്.

സുധി പറഞ്ഞു

” പിന്നെ നീ പറഞ്ഞില്ലേ ഞാൻ ചെറ്റത്തരം കാണിച്ചു എന്ന്,  ഞാൻ ചെറ്റത്തരം കാണിച്ചിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ പറയാൻ നീ ഉണ്ടാവില്ലായിരുന്നു.  വിനോദിനോട് നീ പറഞ്ഞല്ലോ ഇത് നമ്മുടെ കുടുംബ കാര്യമാണെന്ന്.  നമ്മുടെ കുടുംബം അങ്ങനെ ഒന്ന് എനിക്ക് നഷ്ടപ്പെട്ടിട്ട് ഇപ്പോൾ ഒരു മാസത്തിന് മുകളിൽ ആവുന്നു.  ഒരു മനുഷ്യന് ഒരു മോശം സമയം വരുമ്പോഴാണ് ആരൊക്കെ കൂടെ ഉണ്ടാവുമെന്ന് മനസ്സിലാകുന്നത്.  ജീവൻ കൊടുത്ത് സ്നേഹിച്ച കൂടപ്പിറപ്പുകളെക്കാൾ സ്നേഹം ഉണ്ടായിരുന്നു എന്റെ കൂടെ പിറന്നില്ലെങ്കിൽ പോലും എന്നെ ജീവനായി കരുതിയ അവന്.  അതുകൊണ്ട് ഇനി നമ്മുടെ കുടുംബം വീട് അങ്ങനത്തെ വർത്താനങ്ങൾ ഒന്നും എന്നോട് വേണ്ട, നീ തരാനുള്ള പണം തന്നാൽ ആ നിമിഷം തീരും എന്റെ ഈ വീട്ടിലെ എല്ലാ ബന്ധങ്ങളും.  ശരി 5 ലക്ഷം രൂപ ഞാൻ രജിസ്ട്രേഷന്റെ അന്ന് തരാം,

” പറ്റില്ല..! അഞ്ചലക്ഷം രൂപ തന്നില്ലെങ്കിൽ ഞാൻ പറഞ്ഞല്ലോ ഓരോ മാസവും ഒരു ലക്ഷം രൂപ വീതം തരേണ്ടി വരും.  അതനുസരിച്ച് എനിക്ക് തോന്നുന്ന സമയത്ത് മാത്രമേ ഞാൻ രജിസ്ട്രേഷനും ഒപ്പിടാനും ഒക്കെ വരുള്ളൂ. അതല്ല ഇപ്പോഴാണെങ്കിൽ ഇതൊരു ഒറ്റതവണ തീർപ്പാക്കി പദ്ധതിയാണ്. 5 ലക്ഷം രൂപ തന്നാൽ ഞാനും എന്റെ ഭാര്യയും ഇവിടെ നിന്ന് ഈ നിമിഷം ഇറങ്ങും. പിന്നെ സുധീയേ കൊണ്ട് നിങ്ങൾക്ക് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.

ദേഷ്യത്തോടെ ശ്രീജിത്ത് അകത്തേക്ക് പോയി

കുറച്ചു സമയങ്ങൾക്ക് ശേഷം ഒരു കവറിൽ കുറച്ചു പണവുമായി അവൻ വന്നു. അത് മേശപ്പുറത്ത് വെച്ചു

” 5 ലക്ഷം രൂപയുണ്ട്.

ഒരു നിമിഷം വിനോദുo സുധിയും പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്നു.  ഇത്രത്തോളം പണം അവന്റെ കൈയിൽ ഉണ്ടായിട്ടാണോ അവൻ ഇങ്ങനെയൊക്കെ ചെയ്തത് എന്നായിരുന്നു ഒരു നിമിഷം സുധി കരുതിയത്.  അപ്പോൾ തനിക്ക് പണം നൽകരുതെന്നും തന്റെ കയ്യിൽ നിന്നും 5 ലക്ഷം രൂപ വാങ്ങണമെന്നും അവൻ നേരത്തെ തീരുമാനിച്ചതായിരുന്നു.  അതുകൊണ്ടാണല്ലോ തനിക്ക് പണം തരാതിരുന്നത്. അവന്റെ കണ്ണിൽ നിന്നും കണ്ണുനീരുതിരാൻ വേണ്ടി നിന്നുവെങ്കിലും സമർത്ഥമായി അവൻ അത് ഒളിപ്പിച്ചു. അവന് ആ പണം എടുത്തതിനു ശേഷം വിനോദിനെ ഒന്നു നോക്കി.

”  ഇനി ഒപ്പിടാനുള്ളത് എന്താണെന്ന് വെച്ചാൽ എടുത്തു കൊണ്ടുവാ, വേഗം തീർത്തിട്ട് വേണം എനിക്ക് ഇറങ്ങാൻ.

സുധി പറഞ്ഞു

ആ നിമിഷം അവൻ എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടാകും എന്ന് വിനോദിന് വ്യക്തമായിരുന്നു.  അവൻ മുദ്രപത്രവുമായി എത്തിയ സമയം തന്നെ വിനോദിനെ ഒന്നുകൂടി സുധി നോക്കിയിരുന്നു.  നോട്ടത്തിന്റെ അർത്ഥം മനസ്സിലായി എന്നത് പോലെ വിനോദ് പുറത്തേക്ക് പോയി ഒരു ഫയലുമായി ആണ് തിരിച്ചു വന്നത്.

ആ ഫയൽ അവൻ സുധിയ്ക്ക് നേരെ നീട്ടി. ഞാനിതിൽ ഒപ്പിടുന്നതിന് മുൻപ് നീ ഇതിലൊന്ന് ഒപ്പിടണം ശ്രീജിത്തിനെ നേരെ ഫയൽ നീക്കി വെച്ചുകൊണ്ട് സുധി പറഞ്ഞു.  കാര്യം എന്താണെന്ന് മനസ്സിലാവാതെ ശ്രീജിത്ത്‌ സുധിയെ നോക്കി

”  ഇതിൽ വലുതായിട്ടുള്ള സംഭവങ്ങൾ ഒന്നുമില്ല,  എനിക്ക് ഇവിടെ നിന്ന് ഇറങ്ങുമ്പോൾ മനസമാധാനത്തോടെ ഇറങ്ങണം.  മറ്റാരുടെയും കാര്യത്തിൽ എനിക്ക് ഒരു വിഷമവുമില്ല.

സതിയുടെ  മുഖത്തേക്ക് നോക്കി കൊണ്ടാണ് സുധി അങ്ങനെ പറഞ്ഞത്.

” പക്ഷേ ഉള്ള് നീറുന്ന ഒരു വിഷമവും ആയിട്ട് എനിക്ക് ഉള്ളത് ശ്രീലക്ഷ്മിയാണ്. അവളുടെ പഠിത്തം തീരാൻ ഇനിയും കുറച്ചു നാളുകൾ കൂടിയുണ്ട്. അതുവരെയുള്ള അവളുടെ പഠിത്തവും വിവാഹവും ഒക്കെ നീ നടത്തി കൊടുക്കണം.  സുഗന്ധിക്കു കൊടുത്തത് വെച്ച് നോക്കുമ്പോൾ ശ്രീലക്ഷ്മിക്ക് കുറഞ്ഞത് ഒരു 50 പവനും രണ്ടര ലക്ഷം രൂപയും എങ്കിലും കൊടുത്തു തന്നെ കെട്ടിക്കണം. അത് നീ ചെയ്യണം.  ഞാനായിരുന്നു ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഞാൻ അങ്ങനെ ചെയ്യുമായിരുന്നു

”  ശ്രീലക്ഷ്മിയുടെ കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുള്ളതല്ലേ.

ശ്രീജിത്ത്‌ താല്പര്യം ഇല്ലാതെ പറഞ്ഞു

”  അങ്ങനെ വെറുതെ പറഞ്ഞാൽ പോര നിനക്ക് വാക്ക് മാറ്റാൻ ഒരു മടിയില്ലാത്തവൻ ആണെന്ന് എനിക്ക് കുറച്ച് നാളുകൊണ്ട് തന്നെ മനസ്സിലായതാ.  അതുകൊണ്ട് അതിനൊക്കെ ഒരു എഗ്രിമെന്റ് വേണം.  നിനക്ക് വേണമെങ്കിൽ വായിച്ചു നോക്കാം.  ഈ കാര്യങ്ങളൊക്കെ വ്യക്തമായിട്ട് ഒരു അഡ്വക്കേറ്റിനെ കണ്ട് എഗ്രിമെന്റ് ആക്കി വെച്ചിട്ടുള്ളതാണ് ഇത്. ഇതിലേതെങ്കിലും ഒരു കാര്യം നീ തെറ്റിച്ചാൽ എനിക്ക് നിയമപരമായിട്ട് മുന്നോട്ട് പോകാനുള്ള എല്ലാ അധികാരങ്ങളും എഴുതിയിട്ടുള്ള ഒരു കോൺട്രാക്ട്. അതിൽ നീ ഒപ്പിടണം..

പെട്ടെന്ന് അവൻ ആ മുദ്രപത്രം എടുത്ത് ഒന്ന് വായിച്ചു നോക്കി ശ്രീലക്ഷ്മിയുടെ പഠനവും വിവാഹവും അടക്കമുള്ള ചിലവുകളെ കുറിച്ചാണ് അതിൽ എഴുതിയിരിക്കുന്നത് ഇതെല്ലാം താൻ ഏറ്റെടുക്കാം എന്ന് എഴുതി ഒപ്പിട്ടു കൊടുക്കണം. തെറ്റിക്കുക ആണ് എന്നുണ്ടെങ്കിൽ സുധിയ്ക്ക് തനിക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ സാധിക്കും.  അവൻ തന്നെ തന്ത്രപരമായി പൂട്ടിയതാണെന്ന് ഒരു നിമിഷം ശ്രീജിത്തിന് തോന്നി.

അതുവരെ ഇല്ലാത്ത ഒരു വാശിയും ദേഷ്യവും ഒക്കെ സുധിയോട് ആ നിമിഷം ശ്രീജിത്തിന് തോന്നിയിരുന്നു.

” ഇത് എന്താണ് ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒപ്പിടാൻ ഏട്ടൻ മടിക്കുന്നത്.

” എനിക്കൊരു മടിയില്ല,  നീ ഇതിൽ ഒപ്പിട്ടാൽ മതി. ഈ പറഞ്ഞ പോലെ 50 പവനും 3 ലക്ഷം രൂപയൊക്കെ ഞാൻ എവിടുന്ന് ഉണ്ടാക്കാനാ.?  അതും ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വിലയ്ക്ക്,

“നീയല്ലേ പറഞ്ഞത് എങ്ങനെയാണെങ്കിലും നീ ശ്രീലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുമെന്ന്.  പിന്നെ 50 പവന്റെ കാര്യം  നിന്നെ പോലെ ഈ വീട്ടിൽ അവൾക്കും ഒരു ഓഹരിയുണ്ട് അത് നീ കൊടുക്കില്ലെന്ന് എനിക്ക് പൂർണമായിട്ട് ഉറപ്പാ. അതുകൊണ്ട് ഇങ്ങനെ ഒരു കാര്യം ഞാൻ ചെയ്തത്.  ഒന്നെങ്കിൽ അവളുടെ വിവാഹം ഞാൻ ഈ പറഞ്ഞ രീതിയിൽ നടത്തണം.  ഇല്ലെന്നുണ്ടെങ്കിൽ അതിൽ പറഞ്ഞതുപോലെ ഒരു 15 ലക്ഷം രൂപ അവളുടെ പേരിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടിരിക്കണം.  അവള് അതുകൊണ്ട് ജീവിച്ചോളും.

” സമ്മതം…!

“എന്തുമാവട്ടെ എന്ന് കരുതി ദേഷ്യത്തോടെ പേന വാങ്ങി അതിൽ ഒപ്പിട്ട് ആ പേപ്പർ സുധിയ്ക്ക് നേരെ അവൻ നീട്ടിയിരുന്നു.  വലിയ സമാധാനത്തോടെ ശ്രീജിത്ത് നീട്ടിയ മുദ്രപത്രം നന്നായി ഒന്ന് വായിച്ചു നോക്കിയതിനു ശേഷം ഒപ്പിടാൻ ഒരുങ്ങി സുധി. ഒരു നിമിഷം അവന്റെ കൈയൊന്ന് വിറച്ചു.  അച്ഛൻ തന്നെ ഏൽപ്പിച്ചു തന്നതാണ് ഇപ്പോൾ താൻ അവനു  നൽകുന്നത്.  മരിക്കുന്നതിനു മുൻപ് അച്ഛൻ തന്നോട് ഒരു വാക്കേ പറഞ്ഞുള്ളൂ.  സഹോദരങ്ങളെ നന്നായി നോക്കണം അവർക്ക് അച്ഛനില്ല എന്നുള്ള കുറവ് നീ വരുത്തരുത് എന്ന്. അതീ നിമിഷം വരെ താൻ പാലിച്ചു  എന്നു തന്നെയാണ് വിശ്വാസം.  അതുകൊണ്ടാണല്ലോ ഇവരൊക്കെ തനിക്ക് നേരെ നിന്ന് സംസാരിക്കാൻ തുടങ്ങിയത്.  ഒപ്പിടുന്ന സമയം ഒരുതുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും അടർന്നു വീണിരുന്നു.  ഒപ്പിട്ടു കഴിഞ്ഞതും അവൻ മീരയെ വിളിച്ചു അവൾ തയ്യാറാക്കി വച്ചിരുന്ന പെട്ടികളുമായി ഇറങ്ങി വന്നു. ആ നിമിഷം തന്നെ വിനോദ് എല്ലാം എടുത്ത് വണ്ടിയിൽ വച്ചു.

ആരെയും ഒന്ന് നോക്കാതെ അമ്മാവനോട് മാത്രം പോവുകയാണ് എന്ന് പറഞ്ഞു അവൻ മീരയുടെ കൈയും പിടിച്ച് വിനോദിന്റെ കാറിലേക്ക് കയറി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button