KeralaNational

ട്രെയിനില്‍ നിന്ന് കൈവീശി കേന്ദ്ര മന്ത്രി പെട്ടു; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

പരിഹാസ്യനായത് കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊച്ചി: കേരളത്തിലെ റെയില്‍ വേ സ്‌റ്റേഷനിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്ന കേന്ദ്ര മന്ത്രി. ആളൊഴിഞ്ഞ പ്ലാറ്റ് ഫോമിലേക്ക് നോക്കി നിറ പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്നു. മന്ത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ പ്ലാറ്റ് ഫോമിലൂടെ നീങ്ങുന്ന പോലീസുകാരടക്കമുള്ള നലഞ്ച് പേര്‍. വീഡിയോ അദ്ദേഹം തന്നെ എക്‌സില്‍ പോസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന്റെ കഷ്ടകാലത്തിന് ആ ട്രെയിന്‍ പോയത് ട്രോളുകളുടെ അമിട്ട് പൊട്ടിക്കുന്ന നാട്ടിലൂടെ. ഇനിയെന്ത് വേണം ഒരു കേന്ദ്ര മന്ത്രിയെ പൊങ്കാലയിടാന്‍.

കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷണവ് കേരളത്തിലൂടെയുള്ള ട്രെയിന്‍ യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ആലുവയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയിലെ ഇന്‍സ്‌പെക്ഷന്‍ റൂമിലിരുന്നാണ് അദ്ദേഹം വീഡിയോ എടുത്തത്. എന്നാല്‍, വീഡിയോ പോസ്റ്റ് ചെയതതോടെ മന്ത്രി പെട്ടുവെന്ന് തന്നെ പറയാം.

മന്ത്രിയെ പരിഹസിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. ഒരാളും തിരികെ അഭിവാദ്യം ചെയ്യുന്നില്ലെങ്കിലും മന്ത്രി കൈവീശിക്കാണിക്കുന്നത് വ്യാജമാണെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെച്ചത്.

എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍സ്‌പെക്ഷന്‍ ക്യാബിനിലാണ് മന്ത്രി സഞ്ചരിച്ചത്. ട്രെയിനിന്റെ പിന്നിലെ ക്യാബിനില്‍നിന്ന് പിറകോട്ടാണ് അശ്വിനി വൈഷ്ണവ് കൈവീശി അഭിവാദ്യം ചെയ്യുന്നത്. എന്നാല്‍ ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോമുകളിലുള്ള യാത്രക്കാരില്‍ ഒരാള്‍ പോലും മന്ത്രിയെ പ്രത്യഭിവാദ്യം ചെയ്യുന്നില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഇത് നേരില്‍ കണ്ടിട്ടും മന്ത്രി കൈവീശല്‍ തുടരുന്നത് എന്തിനാണെന്നു പലരും കമന്റുകളില്‍ ചോദിച്ചു.റെയില്‍ മിനിസ്റ്റര്‍ അല്ല, ഇത് റീല്‍ മിനിസ്റ്ററാണ് എന്നാണ് ഒരാള്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലും മന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തി. ‘അശ്വിനി വൈഷ്ണവിനെ തിരികെ കൈവീശിക്കാണിച്ചവരുടെ ആകെ എണ്ണം: ഒന്നുപോലും ഞങ്ങള്‍ക്ക് എണ്ണാന്‍ സാധിച്ചില്ല’ എന്നാണ് കെ.പി.സി.സിയുടെ എക്സ് അക്കൗണ്ട് വീഡിയോയ്ക്കൊപ്പം കുറിച്ചത്. ആം ആദ്മി പാര്‍ട്ടിയും മന്ത്രിയുടെ വീഡിയോ ‘റീല്‍ മന്ത്രി’ എന്ന പരിഹാസത്തോടെ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button