വരും ജന്മം നിനക്കായ്: ഭാഗം 26
രചന: ശിവ എസ് നായർ
അർദ്ധമനസ്സോടെ ആണെങ്കിലും ഗായത്രി അവനോട് സമ്മതം മൂളുമ്പോൾ ശിവപ്രസാദ് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ആ നിമിഷം അവന്റെ കണ്ണിൽ നിന്നും വീണ നീർതുള്ളികൾ ഗായത്രിയുടെ മുഖത്തേക്ക് ഇറ്റ് വീണു.
ശിവപ്രസാദിന്റെ അധരങ്ങൾ അവളുടെ നെറുകയിൽ അമരുമ്പോൾ ഗായത്രി അവനിൽ നിന്നും ഞെട്ടലോടെ അകന്ന് മാറി.
“എനിക്ക് പറ്റുന്നില്ല ശിവേട്ടാ…” അവനെ നോക്കാതെ അവൾ ബെഡിൽ വന്നിരുന്നു.
“ഇട്സ് ഓക്കേ… താൻ കിടന്നോളു.” അവനും ബെഡിൽ വന്നിരുന്നു.
“നാളെ ഇവനിയസ് കോളേജിൽ വച്ച് എനിക്കൊരു ഇന്റർവ്യൂ ഉണ്ട്. രാവിലെ ഞാൻ അങ്ങോട്ടൊന്ന് പോകും.” ഗായത്രി അവന് നേരെ മുഖം ചരിച്ചു വച്ച് കിടന്നു.
“ഞാൻ ഓഫീസിൽ പോകുന്നത് അതുവഴിയാണ്. ഗായത്രിക്ക് വിരോധമില്ലെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.”
“ശിവേട്ടന് തിരക്കില്ലെങ്കിൽ ഡ്രോപ്പ് ചെയ്തോളു. എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.” ചെറു ചിരിയോടെ അവൾ ശിവപ്രസാദിനെ നോക്കി കിടന്നു.
“കല്യാണം കഴിഞ്ഞും പ്രണയിക്കുന്നതിൽ ഒരു സുഖമുണ്ടെന്ന് ഇപ്പോ തന്നിലൂടെ ഞാൻ അറിയുന്നുണ്ട്.” അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഗായത്രിക്കവനോട് സഹതാപം തോന്നി.
താൻ വിചാരിച്ച പോലൊരു ദുഷ്ടനൊന്നുമല്ല അവനെന്ന് അവൾ ചിന്തിച്ചു.
അതേസമയം കുറച്ചു കഷ്ടപ്പെട്ടെങ്കിലും ഗായത്രി തന്റെ വഴിക്ക് വന്ന് തുടങ്ങിയല്ലോ എന്നാലോചിച്ച് സന്തോഷം കൊണ്ട് മനസ്സിൽ തുള്ളിച്ചാടുകയായിരുന്നു ശിവപ്രസാദ്.
🍁🍁🍁🍁🍁
പിറ്റേന്ന് രാവിലെ ശിവപ്രസാദും ഗായത്രിയും ഒരുമിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. അവളെ ഇന്റർവ്യൂന് കോളേജിൽ കൊണ്ട് പോയി ഡ്രോപ്പ് ചെയ്തത് അവനാണ്. ഇന്റർവ്യൂ തുടങ്ങാൻ പതിനൊന്നു മണിയാകും. കുറെപേരുണ്ട് ഇന്റർവ്യൂന്. അത് കണ്ടപ്പോൾ ഗായത്രിക്ക് കുറച്ചു ടെൻഷൻ തോന്നാതിരുന്നില്ല.
“ശിവേട്ടാ… എന്റെ ഫസ്റ്റ് ഇന്റർവ്യൂ ആണ്. ഈ ജോലി കിട്ടയാൽ മതിയായിരുന്നു എന്നാ എന്റെ ആഗ്രഹം. ഞാൻ പിജിക്ക് പഠിച്ച കോളേജിൽ തന്നെ പഠിപ്പിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്.” കാറിൽ നിന്ന് ഇറങ്ങാൻ നേരം അവളവനോട് പറഞ്ഞു.
“താൻ ഒന്ന് കൊണ്ടും പേടിക്കണ്ട ഗായു… ഈ ജോലി തനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും കിട്ടും. താൻ കോൺഫിഡൻസ് കൈവിടാതെ ഇന്റർവ്യൂൽ നന്നായി പെർഫോം ചെയ്യൂ.” ശിവപ്രസാദ് അവൾക്ക് ആത്മവിശ്വാസം നൽകി.
“എന്തായാലും ഇന്റർവ്യൂ കഴിയാൻ കുറെ സമയമെടുക്കും. ശിവേട്ടൻ കാത്ത് നിന്ന് മുഷിയണ്ട.”
“ഇത് കഴിയുമ്പോ താൻ വിളിക്ക്. ഞാൻ ഓഫീസിൽ ഉണ്ടാവും. ഉച്ചക്ക് ശേഷം ലീവ് പറഞ്ഞിട്ടുണ്ട് ഞാൻ. ഇന്റർവ്യൂ കഴിയാൻ കുറഞ്ഞത് ഒരു മണി കഴിയും. അപ്പോഴേക്കും ഞാൻ ഇറങ്ങും.”
“എങ്കിൽ ശരി… ഇത് കഴിഞ്ഞു ഞാൻ വിളിക്കാം.” ഗായത്രി പുഞ്ചിരിയോടെ അവനെ യാത്രയാക്കി.
പഴയ ഒരു വീർപ്പുമുട്ടൽ മാറി ശിവപ്രസാദിനോട് ഇപ്പോൾ ഫ്രീയായി ഇടപഴകാൻ പറ്റുന്നുണ്ടല്ലോ എന്ന് ഗായത്രി സ്വയം ഓർത്തു. ഭർത്താവെന്ന രീതിയിൽ കാണാൻ കഴിയുന്നില്ലെങ്കിലും ഒരു സൗഹൃദം അവനോടിപ്പോ അവൾക്ക് തോന്നുന്നുണ്ട്. അത് ഗായത്രി തിരിച്ചറിയുകയും ചെയ്തു.
സമയം അപ്പോൾ ഒൻപതര ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. പഠിച്ചിരുന്ന കോളേജ് ആയതുകൊണ്ട് നേരത്തെ ഇങ്ങോട്ട് പോന്നതാണ്. കാന്റീനിലും ലൈബ്രറിയിലും ഡിപ്പാർട്മെന്റിലുമൊക്കെ ഒന്ന് പോയി എല്ലാരേം കാണാലോ എന്നവൾ ചിന്തിച്ചു.
ആദ്യം ഡിപ്പാർട്മെന്റിൽ പോയി ടീച്ചേഴ്സിനെയും സാറന്മാരെയൊക്കെ കണ്ട് അനുഗ്രം വാങ്ങി. പിന്നീട് നേരെ പോയത് കാന്റീനിലേക്കാണ്. അപ്പോഴേക്കും ബെൽ അടിച്ചത് കൊണ്ട് സ്റ്റുഡന്റസൊക്കെ ക്ലാസ്സിൽ പോയി തുടങ്ങി. അതുകൊണ്ട് കാന്റീനിൽ കുട്ടികളുടെ തിരക്കൊന്നുമുണ്ടായിരുന്നില്ല.
അവൾ ഒരു കോഫിയും പഴംപൊരിയും വാങ്ങി പണ്ട് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന ടേബിളിൽ വന്നിരുന്നു. ഫോൺ എടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്ത് മെസ്സേജസ് ഓരോന്നായി ഓപ്പൺ ചെയ്ത് നോക്കുമ്പോൾ രേവതിയുടെ കുറെ മെസ്സേജ് വന്ന് കിടക്കുന്നത് ഗായത്രി കണ്ടു.
കഴിഞ്ഞ കുറെ നാളുകളായി അച്ഛന് സുഖമില്ലാത്തത് കൊണ്ട് അവൾ വാട്സാപ്പിൽ ഒന്നും അധികം ആക്റ്റീവ് ആയിരുന്നില്ല. ഗായത്രിയുടെ വിശേഷങ്ങളൊക്കെ വാട്സാപ്പ് വഴി ചോദിച്ചറിഞ്ഞിരുന്ന രേവതി അവളുടെ മെസ്സേജ് കാണാതായപ്പോൾ ഒരു ദിവസം ഫോണിൽ വിളിച്ചിരുന്നു. അന്ന് വേണു മാഷിന് സുഖമില്ലാതായ കാര്യം അവൾ സൂചിപ്പിച്ചിരുന്നു. പിന്നീട് രേവതിയെ വിളിക്കാനോ മെസ്സേജ് അയക്കാനോ ഒക്കെ ഗായത്രി വിട്ട് പോയി.
രേവതിക്കുള്ള മെസ്സേജ് ടൈപ്പ് ചെയ്യാൻ മടിച്ചു ഗായത്രി അവളെ വിളിച്ചു.
റിങ് തീരാറായപ്പോൾ അപ്പുറത്ത് കാൾ കണക്ട്ടായി.
“ഹലോ… ഗായു… എന്തുണ്ട് വിശേഷം. അച്ഛൻ ഓക്കേയല്ലേ… മെസ്സേജ് ഒന്നും കാണാതായപ്പോ ഞാൻ പേടിച്ചു പോയി.” കാൾ എടുത്തപാടെ രേവതി പറഞ്ഞു.
“അച്ഛനിപ്പോ കുഴപ്പമില്ല… സുഖമായി വരുന്നുണ്ട്. ഒരു മാസം ഞാൻ എന്റെ വീട്ടിൽ തന്നെയായിരുന്നു.”
“ആണോ… അപ്പോ ശിവേട്ടനോ?”
“ശിവേട്ടൻ എന്നും വന്ന് കണ്ടിട്ട് പോകും.”
“എന്റെ അമ്മായി എങ്ങനെ ഉണ്ട്. നിന്നോട് പോരെടുക്കോ ഇപ്പോഴും.”
“ഏയ്… ഇല്ല… അമ്മയ്ക്കിപ്പോ എന്നെ നല്ല പേടിയുണ്ട്.” ഗായത്രി, ശിവപ്രസാദിന്റെ വീട്ടിൽ നടന്നതൊക്കെ രേവതിയോട് വിശദീകരിച്ചു.
“നീ ആള് കൊള്ളാലോ ഗായു… അമ്മായിക്ക് പറ്റിയ മരുമകളെ തന്നെയാ കിട്ടിയത്. ഇപ്പഴാ എനിക്കൊന്ന് സമാധാനമായത്. അന്ന് ഞാൻ പോരുമ്പോൾ എല്ലാം കൊണ്ടും തകർന്ന് നിൽക്കുന്ന നിന്നെ കണ്ടിട്ടല്ലേ ഇറങ്ങിയത്. അമ്മയും മോനും കൂടി നിന്നെ പൊരിക്കുമോ എന്നോർത്തു ആധിയായിരുന്നു എനിക്ക്.”
“ഇനി അതൊന്നും ഓർത്ത് ടെൻഷൻ വേണ്ട. അന്നത്തെ സങ്കടമൊക്കെ ഇപ്പോ മാറി. സാഹചര്യങ്ങൾക്ക് അനുസരിച്ചു മൂവ് ഓൺ ആവാൻ ഞാനും പഠിച്ചു. എന്റെ സങ്കടങ്ങളൊക്കെ എന്റെ സ്വകാര്യതയല്ലേ. അത് പുറമേ പ്രകടിപ്പിച്ചു മറ്റുള്ളവരെ കൂടി അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കാൻ എനിക്കിപ്പോ കഴിയുന്നുണ്ട്.” ഗായത്രി അത് പറയുമ്പോൾ ഒരിറ്റ് നീർ തുള്ളി അവളുടെ കൺ കോണിൽ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.
“ഇങ്ങനെയൊക്കെ കേൾക്കുമ്പോ നല്ല സന്തോഷം തോന്നുന്നുണ്ട് എനിക്ക്. പിന്നെ, ശിവേട്ടൻ നിന്നോട് എങ്ങനെയാ? മുരടൻ സ്വഭാവം ആണോ? അതോ പാവമായോ?”
“വന്ന ദിവസം കണ്ട കലിപ്പൊന്നും ഇപ്പോ ഇല്ല. പോരാത്തതിന് അമ്മയെ പോലെ ശിവേട്ടനും എന്നെ പേടിയുണ്ടെന്ന് തോന്നുന്നു. രേവതി പറഞ്ഞ ആളെ അല്ല ഇപ്പോ. മൊത്തത്തിൽ ഒരു മാറ്റം കാണുന്നുണ്ട്.”
“അത് ചിലപ്പോൾ ഗായത്രി ഇത്ര ബോൾഡ് ആയതുകൊണ്ടാവും. സ്ത്രീകൾ ദുർബലരാണെന്ന് കണ്ടാലാണ് പുരുഷന്മാർ നമ്മളുടെ അടുത്ത് ആൺ മേൽക്കോയ്മ കാണിക്കാൻ വരുന്നത്. അതേസമയം നമ്മൾ തന്റേടി ആണെന്ന് കണ്ടാൽ പത്തി താഴ്ന്നോളും.”
“കല്യാണം കഴിഞ്ഞു വന്ന് കയറിയ ദിവസം നിന്നപോലെ ആയിരുന്നെങ്കിൽ അമ്മയും മോനും എന്നെ അടിമപ്പണി ചെയ്യിച്ചേനെ. ഇങ്ങനെ ആയത് കൊണ്ട് എനിക്കും അൽപ്പം മനഃസമാദാനം ഉണ്ട്. അതിനൊക്കെ ചേർത്ത് അമ്മായി അമ്മ പോര് ഗൗരിക്ക് നല്ലോണം കിട്ടുന്നുണ്ട്.” ഗായത്രി അമർത്തി ചിരിച്ചു.
“അവൾക്ക് അത് തന്നെ കിട്ടണം. ചില്ലറ അഹങ്കാരം ഒന്നുമല്ലല്ലോ. അവൾടെ ഒറ്റ ഒരുത്തിയുടെ പിടിവാശി അല്ലെ ഗായത്രിയുടെ ജീവിതം ഇങ്ങനെയാക്കിയത്. അതുകൊണ്ട് അവള് അനുഭവിക്കട്ടെ. അവൾക്ക് ഈശ്വരനായിട്ട് കൊടുത്ത ശിക്ഷയാ.”
“ഞാനും ഗൗരിയുടെ കാര്യത്തിൽ തലയിടാൻ പോവാറില്ല. അവര് അമ്മായി അമ്മയും മരുമോളും തമ്മിൽ തല്ലി തീർത്തോട്ടെ.”
“ഇങ്ങനെ തന്നെ മുന്നോട്ടു പോയ മതി ഗായു. എന്റെ ഫുൾ സപ്പോർട്ടുമുണ്ട് നിനക്ക്.” രേവതി ആവേശത്തോടെ പറഞ്ഞു.
“നീയിപ്പോ എന്റെ നല്ലൊരു ഫ്രണ്ടാണ്. രണ്ട് മൂന്ന് മാസത്തെ പരിചയമേ ഉള്ളുവെങ്കിലും ഒരുപാട് നാളത്തെ ആത്മബന്ധം തോന്നുന്നുണ്ട്.”
“എനിക്കും അങ്ങനെ തന്നെയാ ഗായു. പിന്നെ ശിവേട്ടൻ എങ്ങനെയാ റൊമാന്റിക് ആണോ?”
“ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങനെയുള്ള റിലേഷൻ ഒന്നും ഉണ്ടായിട്ടില്ല രേവതി.” ഗായത്രി പറഞ്ഞത് അവിശ്വസനീയതയോടെയാണ് അവൾ കേട്ടത്.
“നീ പറയുന്നത് സത്യമാണോ? ഇതുവരെ ഒന്നും നടന്നില്ലേ?”
“ഇല്ലെന്ന്… ഞാൻ എന്തിന് നിന്നോട് കള്ളം പറയണം.”
“നിന്നെപ്പോലൊരു പെണ്ണ് അടുത്ത് കിടന്നിട്ടും അതും ഭാര്യ ആയിരുന്നിട്ടും അങ്ങേർക്ക് ഇത്രയൊക്കെ കണ്ട്രോൾ കിട്ടുന്നോ?” രേവതിയുടെ പറച്ചിൽ കേട്ട് ഗായത്രി ചിരിച്ചുപോയി.
“എനിക്ക് കുറച്ചു ടൈം തന്നിട്ടുണ്ട്… ഞാനും ഇപ്പോൾ മനസ്സ് കൊണ്ട് ഈ ലൈഫ് അക്സെപ്റ്റ് ചെയ്യാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്.”
“എല്ലാം നല്ല ലക്ഷണങ്ങൾ ആണല്ലോ. നീ ബോൾഡായി നിന്നത് കൊണ്ടാ ഗായു നിനക്ക് അവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നത്. പിന്നെ, ഞാൻ കണ്ടിട്ടുള്ള ശിവേട്ടൻ തനി മുരടനും മുൻകോപിയുമൊക്കെ ആയിരുന്നു. അതിൽ നിന്നൊക്കെ ഇങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് നിന്റെ കഴിവാണ്. നിന്റെ മനസ്സ് നല്ലതാ പെണ്ണെ. അതുകൊണ്ട് നല്ല ജീവിതം തന്നെ നിനക്ക് കിട്ടും.” ആത്മാർത്ഥമായിട്ടാണ് രേവതി പറഞ്ഞത്.
“ഞാനിപ്പോ ഇവാനിയസ് കോളേജിൽ ഇന്റർവ്യൂന് വന്നിരിക്കുകയാണ്. എന്നെ ഇവിടെ കൊണ്ട് വിട്ടത് ശിവേട്ടനാ.”
“പഴയ ശിവേട്ടൻ ആയിരുന്നെങ്കിൽ നീ ജോലിക്കും പോണ്ട ഒന്നിനും പോണ്ട മര്യാദക്ക് അടങ്ങി വീട്ടിലിരുന്നോ എന്ന് പറഞ്ഞേനെ.”
“ഈ ജോലി കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് രേവതി. നീ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.”
“നിനക്ക് കിട്ടും ഗായു.”
“നീ എന്നാ വീട്ടിലേക്ക് വരുന്നത്. അന്ന് പോയതിൽ പിന്നെ നമ്മൾ കണ്ടിട്ടേയില്ല.”
“നെക്സ്റ്റ് വീക്ക് ഞാൻ അങ്ങോട്ടിറങ്ങാം. അമ്മയും അവിടെ വരുന്ന കാര്യം കുറച്ചായി പറയുന്നു.”
“എങ്കിൽ അടുത്ത ആഴ്ച അമ്മയെയും അനിയത്തിയെയും കൊണ്ട് ഇങ്ങോട്ട് പോര്.”
“വരാം..”
“എങ്കിൽ ശരി ഞാൻ വയ്ക്കുവാ… ഇന്റർവ്യൂന് ടൈം ആയിട്ടുണ്ട്.” വാച്ചിലേക്ക് നോക്കി ഗായത്രി പറഞ്ഞു.
“ഓക്കേ ഡിയർ… ബെസ്റ്റ് ഓഫ് ലക്ക്.”
“താങ്ക്സ് രേവു…” ഗായത്രി ഫോൺ കട്ട് ചെയ്തിട്ട് നോക്കുമ്പോ ശിവപ്രസാദും ഒരു ബെസ്റ്റ് ഓഫ് ലക്ക് അയച്ചിരിക്കുന്നത് കണ്ടു. അവനും ഒരു താങ്ക്സ് അയച്ചിട്ട് അവൾ ഇന്റർവ്യൂ നടക്കുന്ന ഹാളിലേക്ക് നടന്നു….കാത്തിരിക്കൂ………