World

4 മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന കോളജ് ഡ്രോപ് ഔട്ടിന്റെ മാസ വരുമാനം 14.94 ലക്ഷം

ന്യൂയോര്‍ക്ക്: എല്ലാ യുവാക്കളുടെയും ആഗ്രഹം ഏറ്റവും മികച്ച ജോലിയാണ്. മികച്ചതെന്നത് മിക്കപ്പോഴും അര്‍ഥമാക്കുന്നത് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നത് എന്നതാണ്. നല്ല വരുമാനമുള്ള ജോലിക്ക് ചെറുപ്പത്തില്‍ നന്നായി പഠിക്കണമെന്നും ഏവരും പറയാറുണ്ട്. അത് വാസ്തവവുമാണ്. പക്ഷേ, എന്നാല്‍ ഇന്ന് കാലം ആവശ്യപ്പെടുന്നത് കഠിനാധ്വാനമല്ല, സ്മാര്‍ട്ട് വര്‍ക്കാണ്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് കോളേജ് ഡ്രോപ്പ്ഔട്ടായ ആമി ലാന്‍ഡിനോ.

സോഷ്യല്‍ മീഡിയകളില്‍ വീഡിയോകള്‍ സൃഷ്ടിക്കാനുള്ള ആമിയുടെ ഒടുങ്ങാത്ത അഭിനിവേശമാണ് അവളുടെ തലവര മാറ്റിവരച്ചത്. ഇന്ന് അവള്‍ക്ക് പ്രതിമാസം 18,000 ഡോളര്‍(ഏകദേശം 14.94 ലക്ഷം) സമ്പാദിക്കാന്‍ കഴിയുന്നുണ്ട്. തന്റെ പാഷന്‍ കരിയറാക്കി മാറ്റാന്‍ സാധിച്ചതാണ് ഈ മിന്നുംവിജയത്തിനു കാരണമായത്. 15 വര്‍ഷം മുമ്പാണ് ആമിക്ക് കോളേജ് പഠനം ഉപേക്ഷിക്കേണ്ടിവന്നത്. വിദ്യാര്‍ത്ഥി വായ്പകളുടെ നൂലാമാലകളും കഠിനമായ തൊഴില്‍ വിപണിയുമായിരുന്നു അതിലേക്ക് നയിച്ചത്.

ജീവിതത്തില്‍ നിരാശ തോന്നിയ ആ ഘട്ടത്തിലാണ് തനിക്ക് ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കാനുള്ള അസാധാരണമായ കഴിവുണ്ടെന്ന് അവള്‍ തിരിച്ചറിയുന്നത്. യൂട്യൂബില്‍ വിനോദ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു അവളുടെ ഇന്നിങ്‌സ് ആരംഭിച്ചത്. തന്റെ വിഡിയോകള്‍ വളരെ പെട്ടെന്ന് ആളുകള്‍ ഏറ്റെടുക്കുന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു. വീഡിയോ മേക്കിംഗ് ഹോബി ഒരു കരിയറാക്കി മാറ്റണമെന്ന സൃഹൃത്തിന്റെ ഉപദേശമായിരുന്നു ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്.

ചെറുകിട ബിസിനസുകള്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആമി ആരംഭിക്കുന്നതോടെ ജീവിതത്തിന് അര്‍ഥം കൈവന്നു. ക്ലയന്റ് ലിസ്റ്റ് വളര്‍ന്നപ്പോള്‍ അവള്‍ക്ക് ഹോബി മുഴുവന്‍ സമയ ജോലി ആക്കേണ്ടി വന്നു. വീഡിയോ ഉള്ളടക്കങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് കമ്പനികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓണ്‍ലൈന്‍ കോഴ്‌സും ഇതിനിടെ ആരംഭിച്ചു. അവളുടെ ആദ്യ ഇമെയില്‍ കാമ്പെയ്ന്‍ 1,000 ഡോളര്‍ വരുമാനം നേടിയതോടെ ഓണ്‍ലൈന്‍ കോഴ്‌സുകളുടെ സാധ്യത അവള്‍ കൂടുതലായി അറിയുകയായിരുന്നു.

യൂട്യൂബ് ചാനലായ AmyTVയില്‍ ഇന്ന് 1,000-ലധികം വീഡിയോകളുണ്ട്. പരസ്യങ്ങള്‍, അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് പങ്കാളിത്തം, ഉല്‍പ്പന്ന വില്‍പ്പന എന്നിവയിലൂടെയാണ് പ്രതിമാസം ആമി ഇന്ന് 15 ലക്ഷം രൂപയോളം സമ്പാദിക്കുന്നത്.

Related Articles

Back to top button