കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
നീല ട്രോളി ബാഗുമായി ഫെനി നൈനാന് ഹോട്ടലിലേയ്ക്ക് എത്തുന്നത് വീഡിയോയിലുണ്ട്.
പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മുതല്‍ 11.30 വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല ട്രോളി ബാഗുമായി ഫെനി നൈനാന് ഹോട്ടലിലേയ്ക്ക് എത്തുന്നത് വീഡിയോയിലുണ്ട്. അതേസമയം, ബാഗില്‍ എന്താണെന്നുള്ള കാര്യം വ്യക്തമല്ല. വിഡീയോയില്‍ ഫെനി നൈനാന് പുറമേ രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരുണ്ട്.
രാത്രി പത്തിന് ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ ഹോട്ടലിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. വി കെ ശ്രീകണ്ഠന് വാഷ് റൂമിലേയ്ക്കും മറ്റുള്ളവര്‍ കോണ്‍ഫറന്‍സ് റൂമിലേയ്ക്കും പോയി. 10.32 ഓടെ രാഹുല്‍ മാങ്കൂട്ടത്തിലും ഹോട്ടലിലേയ്ക്ക് എത്തുന്നു. 10.39 ഓടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് റൂമിലേയ്ക്ക് പ്രവേശിക്കുന്നു. തൊട്ടുപിന്നാലെ ഫെനി നൈനാന് കോറിഡോറിലൂടെ നടന്ന് കോണ്‍ഫറന്‍സ് റൂമിലേയ്ക്ക് വരുന്നതും വീഡിയോയിയലുണ്ട്.
ഈ സമയം ഫെനിയുടെ കയ്യില്‍ പെട്ടിയില്ല എന്നത് സിസിടിവിയില്‍ വ്യക്തമാണ്.ഇതിന് ശേഷം 10.53 ന് ഫെനി നൈനാന് പുറത്തേയ്ക്ക് പോകുന്നുണ്ട്. 10.54 ന് ഫെനി നൈനാന് തിരിച്ച് കയറി വരുമ്പോള്‍ കൈയില്‍ നീല ട്രോളി ബാഗ് കാണാം. ഇതിന് ശേഷം ഫെനി നൈനാന് പെട്ടിയുമായി കോണ്‍ഫറന്‍സ് ഹാളില്‍ എത്തുന്നു. 10.55 ഓടെ ഫെനി പുറത്തിറങ്ങുന്നു. തൊട്ടുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും പുറത്തിറങ്ങി അല്പ നേരം സംസാരിക്കുന്നത് വീഡിയോയിലുണ്ട്. അതിന് ശേഷം ജ്യോതി കുമാര്‍ ചാമക്കാലയും പുറത്തിറങ്ങുന്നു.
രാഹുല്‍ മടങ്ങുമ്പോള്‍ ജ്യോതി കുമാറും ഷാഫിയും വീണ്ടും കോണ്‍ഫറന്‍സ് റൂമിലേയ്ക്ക് കയറുകയാണ്. ഈ സമയം രാഹുലും ഫെനിയും പുറത്തേയ്ക്കും പോകുന്നു. ഫെനിയുടെ കയ്യില്‍ നീല ട്രോളി ബാഗിന് പുറമേ മറ്റൊരു ബാഗും കാണാം.10.59 കഴിഞ്ഞ് 50 സെക്കന്‍ഡാകുമ്പോള്‍ ഫെനി നൈനാന് വീണ്ടും ഹോട്ടലിലേയ്ക്ക് പ്രവേശിക്കുന്നത് കാണാം. പിന്നാലെ ബോര്‍ഡ് റൂമിന് സമീപുള്ള മുറിയിലേക്കാണ് ഫെനി പോകുന്നത്. പതിനൊന്ന് മണിയോടെ ഫെനിയും മറ്റൊരാളും ചേര്‍ന്ന് മുറിയില്‍ നിന്ന് പുറത്തേയ്ക്ക് വരുന്നു. ഫെനിക്കൊപ്പമുള്ള ആളുടെ കൈയില്‍ ഒരു പെട്ടികാണാം. ഇതിന് ശേഷം ഫെനി പുറത്തേയ്ക്ക് പോകുകയാണ്. അതേസമയം കോണ്‍ഫറന്‍സ് ഹാളിലേയ്ക്ക് എന്തിന് പെട്ടി എത്തിച്ചു എന്ന കാര്യം ഇനിയും വ്യക്തമല്ല. കോണ്‍ഫറന്‍സ് ഹാളില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ അവിടെ സിസിടിവി ഇല്ലായെന്നതും ശ്രദ്ധേയമാണ്.