കോൺഗ്രസിന്റെ വാദം പൊളിയുന്നു; കള്ളപ്പണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എംവി ഗോവിന്ദൻ
പാലക്കാട് പാതിരാ റെയ്ഡിൽ കോൺഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുക്കിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെ പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു. വ്യാജ ഐഡി കാർഡ് നിർമിച്ച ആളാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ട് വരേണ്ട കാര്യമുണ്ടോയെന്നും ഗോവിന്ദൻ ചോദിച്ചു
കുമ്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിന് ഇപ്പോൾ. കോൺഗ്രസും ബിജെപിയുമായിട്ടാണ് ഡീൽ. ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ട് വിഡി സതീശൻ എന്താണ് പ്രതികരിക്കാത്തതെന്നും ഗോവിന്ദൻ ചോദിച്ചു.