സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനില്ല: മന്ത്രി ജിആർ അനിൽ
മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി ജി ആർ അനിൽ. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉത്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. ഉപയോഗിച്ച ഉത്പന്നങ്ങൾ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകൾക്ക് കർശന നിർദേശം നൽകിയിരുന്നതാണ്.
ഭക്ഷ്യവകുപ്പ് രണ്ട് റേഷൻ കടകളിലൂടെ വിതരണം ചെയ്ത ഉത്പന്നങ്ങൾ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സർക്കാർ വിതരണം ചെയ്തത് റേഷൻ കടകളിലൂടെയാണ്. അതിലും ആക്ഷേപം ഉണ്ടായിട്ടില്ല. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. വിഷയം പരിശോധിച്ച് കലക്ടർ റിപ്പോർട്ട് നൽകുമെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.
മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്ത വസ്തുക്കൾക്കെതിരെയാണ് പരാതി. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരിയും മാവ്, റവ തുടങ്ങിയ വസ്തുക്കളുമാണ് ദുരിത ബാധിതർക്ക് ലഭിച്ചത്. മൃഗങ്ങൾക്ക് പോലും കൊടുക്കാൻ സാധിക്കാത്ത ഉത്പന്നങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്നാണ് ദുരന്തബാധിതർ പറയുന്നത്.