Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 122

രചന: റിൻസി പ്രിൻസ്

ഒപ്പിടുന്ന സമയം ഒരുതുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും അടർന്നു വീണിരുന്നു. ഒപ്പിട്ടു കഴിഞ്ഞതും അവൻ മീരയെ വിളിച്ചു അവൾ തയ്യാറാക്കി വച്ചിരുന്ന പെട്ടികളുമായി ഇറങ്ങി വന്നു. ആ നിമിഷം തന്നെ വിനോദ് എല്ലാം എടുത്ത് വണ്ടിയിൽ വച്ചു.

ആരെയും ഒന്ന് നോക്കാതെ അമ്മാവനോട് മാത്രം പോവുകയാണ് എന്ന് പറഞ്ഞു അവൻ മീരയുടെ കൈയും പിടിച്ച് വിനോദിന്റെ കാറിലേക്ക് കയറി

ഇടനെഞ്ചിലെ എന്തോ ഒരു പിടച്ചിൽ അറിയാതെയെങ്കിലും സതിക്ക് തോന്നിയിരുന്നു. പക്ഷേ അത് അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. സുധിയേ അത്രത്തോളം ഈ കുറഞ്ഞ കാലയളവുകൊണ്ട് അവർ വെറുത്തിരുന്നു. അവനായിരുന്നു ശരിയെന്ന് ഒരിക്കൽ കാലം തെളിയിക്കുമെന്ന് അപ്പോഴും പ്രകൃതി അവരോട് പറയാതെ പറയുന്നുണ്ടായിരുന്നു.

സുധിയും മീരയും കയറിയ വാഹനം വളരെ പെട്ടെന്ന് തന്നെ ഗേറ്റ് കടന്നു പോയിരുന്നു. ശേഷം അജയൻ മുന്നോട്ടേക്ക് വന്ന് ശ്രീജിത്തിന്റെ മുഖത്തേക്ക് നോക്കി,

“അപ്പോൾ അളിയന്റെ കയ്യിൽ പെട്ടെന്ന് ചോദിച്ചാൽ എടുക്കാൻ 5 ലക്ഷം രൂപയൊക്കെ ഉണ്ട് അല്ലേ..? ഒരു മാസത്തിനുള്ളിൽ ഞാൻ ഇത്രയും പൈസ എങ്ങനെ സംഘടിപ്പിക്കും എന്നൊക്കെ അളിയൻ ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു കടത്തിൽ നിൽക്കുകയാണ് എന്ന്

” ഇതെന്റെ കയ്യിലിരുന്ന പൈസയൊന്നുമല്ല, പലവിധത്തിൽ തിരിച്ചു മറിച്ച പൈസയാണ്.

താല്പര്യമില്ലാത്ത രീതിയിൽ ശ്രീജിത്ത്‌ പറഞ്ഞു.

” ഏതായാലും അളിയൻ വിചാരിച്ച ഇനി കുറച്ചു പൈസയും കൂടി തിരിച്ചു മറിക്കാൻ പറ്റുമല്ലോ. ശ്രീലക്ഷ്മിക്ക് പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ അത്രയൊന്നും സുഗന്ധിക്ക് കൊടുത്തിട്ടില്ലെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഈ വീട് ഭാഗം വയ്ക്കുമ്പോൾ അതിൽ ഒരു പങ്ക് ഇവക്കും കൂടിയുള്ളത് ആണ്. അത് നേരത്തെ തന്നെ അമ്മ പറഞ്ഞിട്ടുള്ളത് ആണ്. ഇപ്പോൾ പത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് എത്രയും പെട്ടെന്ന് ഇതെല്ലാം അളിയൻ അളിയന്റെ പേരിലേക്ക് മാറ്റുമെന്ന് എനിക്കറിയാം. അതിനുമുമ്പ് എന്താണെന്ന് വച്ചാൽ അത് സുഗന്ധിക്ക് കൊടുക്കണം, അതിപ്പോ പണമായിട്ടോ സ്ഥലം ആയിട്ടോ എങ്ങനെയാണെങ്കിലും അളിയന്റെ ഇഷ്ടം,

തല ചൊറിഞ്ഞുകൊണ്ട് അജയൻ പറഞ്ഞു.

“സുഗന്ധിചേച്ചിക്ക് കൊടുക്കാനുള്ളത് എല്ലാം കൊടുത്തു തന്നെയാണ് ഇവിടുന്ന് കെട്ടിച്ചു വിട്ടത്. കല്യാണത്തിന് മുമ്പ് ഒരു ഭാഗം ചേച്ചിയ്ക്ക് കൊടുക്കുന്ന ആരെങ്കിലും പറഞ്ഞതായിട്ട് അളിയൻ ഓർക്കുന്നുണ്ടോ.? അമ്മ അങ്ങനെ എന്തെങ്കിലും പറഞ്ഞു എന്ന് വച്ച് കല്യാണത്തിന് മുമ്പ് ഞങ്ങൾ ആരും അത് പറഞ്ഞിട്ടില്ല. അളിയന്റെ വീട്ടിൽ നിന്ന് വന്നവരോട് ചോദിച്ചു നോക്കൂ. അമ്മാവനും അമ്മയും അച്ഛനും ഒക്കെ വന്നിട്ടുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഇത് ഭാഗം വയ്ക്കുമ്പോൾ ഒരു പങ്ക് കൊടുക്കാമെന്ന് ആരോടേലും പറഞ്ഞോ.?

നീരസത്തോടെ ശ്രീജിത്ത് ചോദിച്ചപ്പോൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അജയൻ

“അത് നീ എന്ത് വർത്തമാനം ആണ് പറയുന്നത്. എന്താണെങ്കിലും ഒരു പങ്ക് ഇവൾക്കും കൂടി ഉള്ളത് ആണ്. അതിപ്പോ പ്രത്യേകം നമ്മൾ പറഞ്ഞില്ലെങ്കിലും ഭാഗം വയ്ക്കുമ്പോൾ കൊടുക്കണം. അത് ഞാൻ മനസ്സിൽ കരുതിയത് ആണ്

സതി പറഞ്ഞു

” എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യാം, അമ്മയുടെ ഭാഗം ചേച്ചിയ്ക്ക് എഴുതി കൊടുക്കാം. പിന്നെ അമ്മയേ ഇവിടെ കണ്ടേക്കരുത്. ഇവരുടെ കൂടെ പോയി നിന്നോണം. അവര് നോക്കണം. അങ്ങനെയാണെങ്കിൽ ഇപ്പോൾ തന്നെ അമ്മയുടെ ഭാഗം മകൾക്ക് എഴുതി കൊടുത്തോ

ദേഷ്യത്തോടെ ശ്രീജിത്ത് പറഞ്ഞപ്പോൾ സുഗന്ധിയും അജയനും പരസ്പരം നോക്കി. സതിയെ കൂടെ കൊണ്ടുപോകുന്നതിനോട് അവർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. കാരണം അജയന്റെ വീട്ടിൽ നിന്ന് തന്നെ പ്രശ്നമായതുകൊണ്ട് ഇരുവരും മാറി താമസിക്കുകയാണ്. മാത്രമല്ല സതിയുടെ സ്വഭാവം നന്നായി തന്നെ സുഗന്ധിയ്ക്ക് അറിയാം. അവരെ കൂടെ കൊണ്ടുപോയി നോക്കുന്നത് അത്ര എളുപ്പമല്ല എന്നും സുഗന്ധിക്കറിയാം. അതുകൊണ്ട് തന്നെ താല്പര്യമില്ലാത്ത രീതിയിലാണ് സുഗന്ധി നിന്നത്.

” ചുരുക്കം പറഞ്ഞാൽ ഒന്നും തരാൻ നീ ഉദ്ദേശിക്കുന്നില്ല. പറഞ്ഞതിന്റെ അർത്ഥം അതല്ലേ

ദേഷ്യത്തോടെ ചോദിച്ചു അജയൻ

” അതുതന്നെയാണ് അർത്ഥം. ഒന്നും തരാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. ഇതിൽ ഒരു പങ്ക് പോലും ചേച്ചിക്ക് തരാനില്ല. തരാനുള്ളതെല്ലാം തന്ന് തന്നെയാ ചേച്ചിയെ കെട്ടിച്ചുവിട്ടത്. പോരാത്തതിന് സുധിയേട്ടൻ ഗൾഫിൽ ഉണ്ടായിരുന്ന സമയത്ത് ആവലാതി ഒരുപാട് പറഞ്ഞ് അമ്മയുടെ കയ്യിലും സുധിയേട്ടന്റെ കൈയിലും നിന്നൊക്കെ കിട്ടാവുന്നതൊക്കെ ചേച്ചി ഊറ്റിയെടുത്തിട്ടുണ്ടല്ലോ. ഇനി എന്റെ കയ്യിൽ നിന്നും കൂടി വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല. ഇനിയിപ്പോ അമ്മയ്ക്ക് അത് കൊടുത്തേ പറ്റൂ എന്നാണെങ്കിൽ ഞാൻ പറഞ്ഞല്ലോ ശ്രീലക്ഷ്മിയുടെ പേരിൽ ഒരു വിൽപ്പത്രം തയ്യാറാക്കിയത് പോലെ ഞാനൊരു വിൽപ്പത്തിന് തയ്യാറാക്കാം അതിനുശേഷം അമ്മയ്ക്ക് ഈ വസ്തുവിൽ ഉള്ള ഷെയറിന്റെ ഒരു ഭാഗം നിങ്ങൾക്ക് നൽകാം. പക്ഷേ പിന്നെ ജീവിതാവസാനം വരെ അമ്മയെ നോക്കേണ്ടത് നിങ്ങൾ രണ്ടുപേരും ആണ്. അത് ഞാൻ പത്രത്തിൽ എഴുതി വയ്ക്കും. അങ്ങനെയാണെങ്കിൽ നമുക്ക് നോക്കാം.

ശ്രീജിത്ത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവനെ നോക്കി അജയൻ സുഗന്ധി യോടായി പറഞ്ഞു

” ഇതോടെ തീർന്നു നിന്റെ വീട്ടുകാരുമായിട്ടുള്ള എല്ലാ ബന്ധങ്ങളും. ഇനി മേലലിൽ വീട്ടിൽ പോണം എന്നോ അമ്മയെയോ ആങ്ങളയെയോ കാണണമെന്നോ പറഞ്ഞേക്കരുത്. കണ്ടല്ലോ അനിയന്റെ മനസ്സിൽ ഇരിപ്പ്. നിന്റെ അമ്മയെ നോക്കേണ്ടത് എന്റെ കടമയാണോ.? പിന്നെ നിനക്കെന്താ പണി?

ദേഷ്യത്തോടെ അജയൻ ശ്രീജിത്തിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു

” എന്റമ്മേ ഞാൻ തന്നെ നോക്കിക്കോളാം, പക്ഷേ ചോറ് ഇവിടെ കൂറവിടെ ആ പരിപാടി അമ്മയാണെങ്കിലും ശരി ഇവിടെ നടക്കില്ല. സുധിയേട്ടൻ അല്ല ഞാൻ. അതൊന്നു ഓർത്തുവച്ചാൽ കൊള്ളാം അളിയനും. പിന്നെ നിങ്ങൾ ഇങ്ങോട്ട് വരാതിരിക്കുന്നത് തന്നെയാണ് എനിക്ക് സന്തോഷം. ഇങ്ങോട്ട് വരുമ്പോൾ തന്നെ ചേച്ചിക്ക് എന്തൊക്കെ ആവശ്യങ്ങളാ. പണവും സ്വർണവും എന്തിന് കഴിക്കുന്ന ആഹാരം വരെ സുധിയേട്ടനെ കൊണ്ട് ആയിരുന്നല്ലോ വാങ്ങിപ്പിക്കുന്നത്. കരിമീനും ചിക്കനും മട്ടനും ഇതൊന്നുമില്ലാതെ നിങ്ങളുടെ പിള്ളേര് പോലും ആഹാരം കഴിക്കില്ലെന്ന് അല്ലേ പറയുന്നത്, ഇവിടെ വരുമ്പോഴൊക്കെ ചേച്ചി പറയുന്ന ഡയലോഗ് തന്നെയാണ് ഇത്. ഏതായാലും ഇനിയിപ്പോ അങ്ങനെ ഉണ്ടാക്കിത്തരാൻ ഇവിടെ ആരുമില്ല. അമ്മയുണ്ടാക്കി തരുമായിരിക്കും പക്ഷേ കൊണ്ട് കൊടുക്കാൻ സുധിയേട്ടൻ ഇവിടെ ഇല്ല. ഞാൻ ഏതായാലും ഇതൊന്നുo വാങ്ങിക്കൊണ്ടു തരാനും പോകുന്നില്ല. പിന്നെ അമ്മയ്ക്ക് പണ്ടൊരു പരിപാടി ഉണ്ടായിരുന്നു സുധിയേട്ടൻ ഇവിടെ വീട്ടിൽ ചെലവിന് വാങ്ങി വെക്കുന്നത് നല്ല സാധനങ്ങളൊക്കെ ചേച്ചി വരുമ്പോ തന്നു വിടുന്നത്. അമ്മ ഇനി ആ പരിപാടി കാണിക്കുകയാണെങ്കിൽ അമ്മയേയും ആ സാധനങ്ങളുടെ കൂടെ നിങ്ങളുടെ കൂടെ പറഞ്ഞയക്കും.. ഇവിടെ വാങ്ങി വയ്ക്കുന്ന സാധനങ്ങൾക്കൊക്കെ എനിക്ക് കൃത്യമായ കണക്കുണ്ടാവും. ഇവിടുത്തെ സാധനങ്ങളൊക്കെ ഇവിടുത്തെ ഉള്ളതാണ്. നിങ്ങടെ വീട്ടിൽ വല്ലതും ഉണ്ടാക്കണമെങ്കിൽ അളിയൻ പോയി അധ്വാനിക്കാൻ നോക്ക്. അല്ലാതെ ഭാര്യ വീട്ടിൽ നിന്ന് കിട്ടുന്നതെല്ലാം വാരി തിന്നാം എന്ന് കരുതിയാൽ ശരിയാവില്ല.

അത്രയും പറഞ്ഞു ശ്രീജിത്ത് അകത്തേക്ക് പോയപ്പോൾ മുഖത്ത് ഒരു അടി ഏറ്റെടുത്തത് പോലെ ആയിരുന്നു സതിക്കും അജയനും സുഗന്ധിക്കും….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button