നിയമലംഘനങ്ങളില്‍നിന്ന് പിഴയടച്ച് രക്ഷപ്പെടാം
ശിക്ഷയെക്കാള്‍ പിഴ ചുമത്തിയാല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
മസ്‌കത്ത്: നിയമ ലംഘനങ്ങളില്‍ ഒത്തുതീര്‍പ്പുകള്‍ സാധ്യമാക്കാന്‍ നടപടികളുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്ത്. വിവിധ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമ നടപടികളും കോടതി വ്യവഹാരങ്ങളും പരമാവധി ഒഴിവാക്കി മന്ത്രിതലത്തിലുള്ള ഇടപെടലിലൂടെ പരിഹാരം കാണാനുള്ള പുതിയ നീക്കമാണ് ഒമാന്‍ ഭരണകൂടം ആരംഭിച്ചിരിക്കുന്നത്.
ഒമാന്‍ പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് സ്വദേശിവത്കരണം നടത്തിയ മേഖലകളില്‍ പ്രവാസികളെ ജീവനക്കാരായി നിയമിക്കുക, വളഞ്ഞവഴികളിലൂടെ ജോലി കരസ്ഥമാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കോടതിയും ജയിലുമെന്ന പതിവ് രീതിക്കു പകരം പിഴ അടച്ച് രക്ഷപ്പെടാന്‍ സാധിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ശിക്ഷയെക്കാള്‍ പിഴ ചുമത്തിയാല്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവര്‍ 1,000 റിയാല്‍ പിഴയായി അടച്ചാല്‍ നിയമ നടപടികളില്‍നിന്ന് മുക്തരാവുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ അവസരം അനധികൃതമായി ജോലിയില്‍ തുടരുന്നവര്‍ ഉപയോഗപ്പെടുത്തണമെന്നും ഇല്ലെങ്കില്‍ കര്‍ശനമായ നടപടിയിലേക്കു കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.