National

എല്‍പിജി കണക്ഷന്‍ ഉള്ളവര്‍ക്ക് പ്രീമിയം നല്‍കാതെ 50 ലക്ഷംവരെ ഇന്‍ഷൂറിന് അര്‍ഹതയുണ്ട്; പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിയില്ലെന്ന് മാത്രം

 

ന്യൂഡല്‍ഹി: നമ്മുടെ സ്ത്രീകളുടെ അടുക്കളയിലെ ജീവിത ദുരിതങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കിയ വന്‍ വിപ്ലവമായിരുന്നു പാചക വാതകമായ എല്‍പിജിയുടെ വരവ്. വിറകും അടുപ്പും പുകയും കരിയുമെല്ലാം അടുക്കളകളില്‍നിന്നും എടുത്തെറിയപ്പെട്ട വിപ്ലവം. പാചക ഗ്യാസ് ഏറെ അപകടം പിടിച്ച ഒന്നായതിനാല്‍തന്നെ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ അപകടവും മരണവുമെല്ലാം ഉണ്ടാക്കിയേക്കാം.

ഇതെല്ലാം മുന്നില്‍ കണ്ടാണ് ഓരോ തവണയും എല്‍പിജി സിലിണ്ടറിനായി ബുക്ക് ചെയ്യമ്പോള്‍, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും അവരുടെ കുടുംബത്തിനുമായി 50 ലക്ഷം രൂപവരെ ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി എണ്ണ കമ്പനികള്‍ നല്‍കുന്നത്. പക്ഷേ മിക്കവര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നതാണ് യാഥാര്‍ഥ്യം.

ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പ്രീമിയം തുകയൊന്നും നല്‍കേണ്ട എന്നതാണ് ഏറെ ആകര്‍ഷകമായ കാര്യം. അതായത്, തികച്ചും സൗജന്യമായാണ് ഓരോ ഗ്യാസ് ബുക്കിങ്ങിലും 50 ലക്ഷത്തിന്റെ പരിരക്ഷ ലഭിക്കുന്നത്. കുടുംബത്തിലെ ഓരോ അംഗത്തിനും 10 ലക്ഷം രൂപ വീതമാണ് ഇന്‍ഷൂര്‍ ലഭിക്കുന്നത്. ഒരു കുടുംബത്തിനുള്ള പരമാവധി പരിരക്ഷ 50 ലക്ഷം രൂപയാണ്.

കെട്ടിടത്തിനും വസ്തുവകകള്‍ക്കും കേടുപാട് പറ്റിയാല്‍ രണ്ട് ലക്ഷം രൂപവരെ ക്ലെയിം ചെയ്യാനാകും. അതുപോലെ ഏതെങ്കിലും കുടുംബാംഗം അപകടത്തില്‍ മരണപ്പെടുകയാണെങ്കില്‍ വ്യക്തിഗത അപകട പരിരക്ഷയായി ആറ് ലക്ഷം രൂപ അവകാശികള്‍ക്ക് ലഭിക്കും. പരുക്കേറ്റാല്‍ ഒരു അംഗത്തിന് രണ്ട് ലക്ഷം രൂപ വീതം കുടുംബത്തിന് പരമാവധി 30 ലക്ഷം രൂപവരെ ചികിത്സാ സഹായവും ഈ ഇന്‍ഷുറന്‍സ് കവറേജില്‍ വ്യക്തികള്‍ക്ക് കിട്ടും.

എന്താണ് ഇതിനായി ചെയ്യേണ്ടത്?

ഗ്യാസ് പൊട്ടിത്തെറിച്ചോ മറ്റോ അപകടമുണ്ടായാല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം ഉപഭോക്താവ് ഉടന്‍ തന്നെ വിതരണക്കാരനെയും ഇക്കാര്യം രേഖാമൂലം അറിയിച്ചിരിക്കണം. തുടര്‍ന്ന് വിതരണക്കാരന്‍ ബന്ധപ്പെട്ട എണ്ണക്കമ്പനിയെയും ഇന്‍ഷുറന്‍സ് കമ്പനിയെയും അപകടത്തെക്കുറിച്ച് അറിയിക്കുന്നതാണ് ഇതിന്റെ രീതി. ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതില്ലെന്ന് ചുരുക്കം. എല്‍പിജി അപകടങ്ങള്‍ കാരണം വീടോ, കെട്ടിടമോ, വാഹനമോ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ക്ക് നാശനഷ്ടങ്ങള്‍ നേരിട്ടാലും ഉപഭോക്താവിന് ക്ലെയിം ചെയ്യാന്‍ സാധിക്കും.

എന്തൊക്കെ രേഖകള്‍ നല്‍കണം?
പരിരക്ഷ ലഭ്യമാവാന്‍ എന്തൊക്കെ രേഖകള്‍ ആവശ്യമാണെന്ന് നോക്കാം. അപകടത്തില്‍ മരണം നടന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റി(കളുടെ)ന്റെ ഒറിജിനല്‍ മരണങ്ങളുടെ കാര്യത്തില്‍ ബാധകമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്(കള്‍)/കൊറോണേഴ്‌സ് റിപ്പോര്‍ട്ട്/ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പരിക്കുകളാണെങ്കില്‍ യഥാര്‍ത്ഥ മെഡിക്കല്‍ ബില്ലുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടി ഒറിജിനലില്‍ മരുന്ന് ബില്ലുകളുടെ വാങ്ങല്‍ ഡിസ്ചാര്‍ജ് കാര്‍ഡ് യഥാര്‍ത്ഥത്തില്‍ ആശുപത്രിവാസവുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും സമര്‍പ്പിക്കേണ്ടി വരും. ഗ്യാസ് ഏജന്‍സി ഏത് എണ്ണക്കമ്പനിയുടേതാണോ ആ കമ്പനിക്കാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്.

Related Articles

Back to top button