പൗർണമി തിങ്കൾ: ഭാഗം 11
രചന: മിത്ര വിന്ദ
എടി എന്റെ ഇച്ചായൻ അതിന് ഡ്രാക്കുളയൊന്നുമല്ല,. നീ എന്തിനാ ഇത്രയ്ക്കങ്ങ് പേടിക്കുന്നത്,നിന്നോട് എന്റെ ഇച്ചായൻ എപ്പോഴെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ, പിന്നെന്തിനാ നീ ഇത്രയ്ക്ക് അങ്ങ് പറയുന്നത്. ഇനി നിനക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വേറെ കാര്യം നോക്കിക്കോ അല്ല പിന്നെ.
കാത്തുവിന് ചെറുതായി ദേഷ്യം വന്നു..അത് പൗർണമിക്ക് മനസ്സിലാവുകയും ചെയ്തു.
നിന്റെ ഇച്ചായനെ കുഴപ്പക്കാരൻ ആക്കിയൊന്നുമല്ല ഞാൻ പറയുന്നത്, ഞാനൊരു നാട്ടിൻപുറത്ത് ജനിച്ചു വളർന്ന സാധാരണ പെണ്ണാണ്. നിന്റെ അത്രയും പണവും പ്രതാപവും ഒന്നുമില്ല, ഒരു പാവപ്പെട്ട ഓട്ടോ ഡ്രൈവറുടെ മകളാണ് ഞാന്. സ്വാഭാവികമായിട്ടും ഏതൊരു അച്ഛനും അമ്മയും ചിന്തിക്കുന്നത് അവരും ചിന്തിച്ചിട്ടുള്ളൂ, നിന്റെ സഹോദരനാണ്, നല്ലൊരു മനുഷ്യനും ആണ്, പക്ഷേ എന്റെ നാട്ടിലെ ആരെങ്കിലും ഒരാള്, ഞാനിവിടെ ഇങ്ങനെ താമസിക്കുന്നു എന്നറിഞ്ഞാൽ, പിന്നെ എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നതെന്ന്, നീ ഊഹിക്കുന്നതിലും അപ്പുറമാണ്. അതേയുള്ളൂ..
പൗർണമി കാര്യകാരണം സഹിതം വിശദീകരിച്ചപ്പോൾ കാത്തുവിനും ഏറെക്കുറെ എല്ലാം പിടികിട്ടി.
എന്തായാലും നീ ഇന്ന് ഓഫീസിലേക്ക് ചെല്ല്, എന്നിട്ട് അവിടെ അടുത്ത് ഹോസ്റ്റൽ സൗകര്യം എന്തെങ്കിലും ഉണ്ടോ എന്ന് നമുക്ക് നോക്കാം, നീ ഇങ്ങനെ ടെൻഷനടിയ്ക്കുഒന്നും വേണ്ട പെണ്ണെ,, ഞാനല്ലേ പറയുന്നേ.
തൂവെള്ള നിറമുള്ള ഫ്ലോറൽ പെയിന്റിംഗ് ചെയ്ത ഒരു ക്രോപ്ടോപ്പ്, ഒപ്പം ബേബി പിങ്ക് നിറമുള്ള ലോങ്ങ് മിഡിയും ആയിരുന്നു കാത്തുവിന്റെ വേഷം. മുടി മുഴുവനായി എടുത്ത് ഒരു ബാൻഡ് ഇട്ട് ഉറപ്പിച്ചു, ലൈറ്റ് ആയിട്ട് മേക്കപ്പ് ചെയ്തു, വൈറ്റ് സ്റ്റോണിന്റെ ഒരു പൊട്ടുകുത്തി. ചുണ്ടിൽ അത്യാവശ്യ നന്നായി തന്നെ ലിപ്സ്റ്റിക് ഇട്ടു,, അപ്പോഴേക്കും അവൾ അതിസുന്ദരിയായി.
പൗർണമി അവളുടെ ഒരുക്കമൊക്കെ നോക്കി അങ്ങനെ ഇരിക്കുകയാണ്.
നീ റെഡിയാവുന്നില്ലേ, അതോ ഇപ്പോൾ തന്നെ നാട്ടിലേക്ക് വണ്ടി കയറാൻ ആണോ നിന്റെ പ്ലാന്.
കാത്തു ചോദിച്ചതും, പൗർണമി എഴുന്നേറ്റ് തന്റെ ബാഗ് തുറന്നു.
ഇളം മഞ്ഞ നിറമുള്ള ഒരു സൽവാർ ആയിരുന്നു അവൾ എടുത്തത്.
മുട്ടൊപ്പം കൈനീളം ഒക്കെയുള്ള വളരെ സിമ്പിൾ ആയിട്ടുള്ള സൽവാർ .ഓഫ് വൈറ്റ് നിറം ഉള്ള പാന്റും ദുപ്പട്ടയും.
ആകെക്കൂടി അവളുടെ ഒരുക്കം എന്ന് പറയാൻ നെറ്റിയിൽ തൊട്ട മെറൂൺ നിറമുള്ള ഒരു കുഞ്ഞിപൊട്ടായിരുന്നു.
എടി കുറച്ചു മേക്കപ്പ് ഒക്കെ ചെയ്ത് അല്പം മെനയായിട്ട് പോടീ..ഒന്നുല്ലെങ്കിലും ഫസ്റ്റ് ഡേഅല്ലേ
ഓഹ്.. ഇതൊക്കെ മതി..
പൗർണമി തന്റെ മുടിയെടുത്ത് ഒന്ന് ചീകി, ഇരു കാതുകൾക്കും പിന്നിൽ നിന്നും അല്പം എടുത്ത്, ഒരു ചെറിയ ക്ലിപ്പ് ഇട്ടു.
കാത്തു…
അലോഷി അവളെ ഉറക്കെ വിളിച്ചു.
ഞാനിപ്പോ വരാടി ഇച്ചായൻ വിളിക്കുന്നുണ്ട്…
കാത്തു പുറത്തേക്ക് ഇറങ്ങിപ്പോയി..
ഇന്നാടി ഹെലൻ ആണ്.
അവൻ ഉറക്കെ പറയുന്നുണ്ട്.
ഹലോ… ഇതെന്തൊക്കെയുണ്ട് വിശേഷം, നമ്മളെയൊക്കെ മറന്നോന്നേ, കാത്തു ചോദിക്കുന്നത് കേട്ട് കൊണ്ട് പൗർണമി തന്റെ ബാഗ്ഒക്കെ എടുത്തു വെച്ചു.
ഫോണ് എടുത്തു നോക്കിയപ്പോൾ അമലു ന്റെ മെസ്സേജ് വാട്ട്‌സപ്പിൽ വന്നു കിടപ്പുണ്ട്.അവൾക്ക് ആദ്യം ബാംഗ്ലൂർ ആയിരുന്നു കിട്ടിയത്, അവിടന്നു പക്ഷെ ഹൈദരാബാദ് നു മാറേണ്ടി വന്നു.
ഇല്ലായിരുന്നുങ്കിൽ മൂന്നുപേർക്കും കൂടി അടിച്ചു പൊളിയ്ക്കാരുന്നു അല്ലെടി.
അമലുന്റെ വോയിസ് മെസ്സേജ് കേട്ട് കൊണ്ട് പൗർണമി കരയുന്ന ഒരു സ്മൈലി അയച്ചു.
കാത്തുവും അലോഷിയും കൂടി പെങ്ങളോടും അളിയനോടും സംസാരിച്ചു കൊണ്ട് ഇരിപ്പുണ്ട്.
നേരം 8മണി കഴിഞ്ഞു.
ന്റെ മഹാദേവാ, ഇവർക്കുന്നു ഓഫീസില് പോകാനുള്ള പ്ലാൻ ഇല്ലെ ആവോ. എത്ര നേരമായി തുടങ്ങിട്ട്.ബ്ലോക്ക് ആണെന്നും ലേറ്റ് ആകുമെന്നും ഒക്കെ പറഞ്ഞിട്ട്, ദേ രണ്ടും കൂടി ലോക കാര്യം പറഞ്ഞു നിൽക്കുന്നു. ഇനിഎപ്പോ ഇവിടുന്നു ഇറങ്ങും,
രണ്ടും കല്പിച്ചു കൊണ്ട് പൗർണമി മുറിയിൽ നിന്നും ഇറങ്ങിചെന്നു
അലോഷി ബ്രേക്ഫാസ്റ്റ് കഴിക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു
അവിടേക്ക് ഇറങ്ങിച്ചെന്നതും പൗർണമിയൊന്നു ഞെട്ടി. അത് കണ്ടതും കാത്തു കാര്യം മനസ്സിലായത് പോലെ ഊറി ചിരിച്ചു…..തുടരും………