മാധ്യമങ്ങളില്‍ വരുന്നത് എന്റെ അഭിപ്രായമല്ല, പാര്‍ട്ടി നടപടി അംഗീകരിക്കുന്നു: പി പി ദിവ്യ
വിശദീകരണം ഫേസ്ബുക്ക് പോസ്റ്റില്‍
കണ്ണൂര്‍: എ ഡി എമ്മിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന്് കണ്ടെത്തി സി പി എം തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്ത ശരിയല്ലെന്ന് കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ ഡി എമ്മിന്റെ മരണത്തില്‍ പ്രതിയുമായ പി പി ദിവ്യ.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സി പി എം നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നുവെന്ന വാര്‍ത്തക്കെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നും വ്യാജ വാര്‍ത്ത തള്ളിക്കളയണമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. ജനവികാരം ഉള്‍ക്കൊണ്ടാണ് സി പി എം ദിവ്യക്കെതിരെ നടപടി സ്വീകരിച്ചത്.
എന്നാല്‍, താന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഇത്തരം നടപടിയെടുക്കുന്നത് ശരിയല്ലെന്നും തന്നോട് അഭിപ്രായം ചോദിച്ചില്ലെന്നുമാണ് ദിവ്യ പറഞ്ഞതെന്നായിരുന്നു മാധ്യമങ്ങള്‍ ഇന്ന് ഉച്ചക്ക് വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് അവര്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: എന്റെ പ്രതികരണമെന്ന നിലയില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല . അത്തരമൊരു പ്രതികരണം ഞാന്‍ നടത്തിയിട്ടുമില്ല . മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .