ടൂറിസം വികസനത്തിന് വിമാന കുതിപ്പ്; സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ലാൻഡ് ചെയ്തു
കേരളത്തിന്റെ ടൂറിസം വികസനത്തിന് പുത്തൻ കുതിപ്പേകാൻ കൊച്ചിയിൽ നിന്നും പറന്നുയർന്ന ജലവിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്നാണ് സീപ്ലെയിൻ പറന്നുയർന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡി ഹാവ് ലാൻഡ് കാനഡ കമ്പനിയുടെ സീപ്ലെയിനിൽ ഒരേസമയം 17 പേർക്ക് യാത്രചെയ്യാം. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി.
സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതൽ ഡെസ്റ്റിനേഷനുകൾ സന്ദർശിക്കാമെന്ന സാധ്യത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും വാട്ടർ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വർധിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് സീപ്ലെയിൻ പദ്ധതി.