ലെബനനില്‍ വെടിനിര്‍ത്തല്‍ നീക്കം; റഷ്യയുടെ പിന്തുണ തേടി ഇസ്രായേൽ
ടെല്‍അവീവ്: ലെബനനില്‍ വെടിനിര്‍ത്തലിന് തയാറായി ഇസ്രായേല്‍. ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ വെടിനിര്‍ത്തല്‍ നീക്കം. വെടിനിര്‍ത്തലിന് പിന്തുണ തേടി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍ റഷ്യ സന്ദര്‍ശിച്ചു. സ്ട്രാറ്റജിക് വകുപ്പ് മന്ത്രിയായ റോണ്‍ ഡെര്‍മര്‍ ആണ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയത്.
അമേരിക്കയും ഇസ്രായേലും ലെബനന്‍ സര്‍ക്കാരും ചേര്‍ന്ന് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് രൂപം നല്‍കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ഇതുവരേക്കും പ്രതികരണമുണ്ടായിട്ടില്ല. ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായാണ് വിവരം.
നിലവില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന റോണ്‍ ഡെര്‍മര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും. ലെബനന്‍ വെടിനിര്‍ത്തലിന് പുറമേ ഗസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്ന വിഷയവും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണ് വിവരം.
അതേസമയം, ഇസ്രായേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ നേതാവ് നയിം ഖാസിം നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വേണ്ടി ഇസ്രായേലിനോട് യാചിക്കില്ലെന്നും വെടിനിര്‍ത്തലിനായി ഇസ്രായേല്‍ മുന്നോട്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നുമാണ് ഖാസിം പറഞ്ഞത്. ഹിസ്ബുള്ളയുടെ നേതാവായി ചുമതലയേറ്റെടുത്തതിന് ശേഷം അജ്ഞാത കേന്ദ്രത്തില്‍ നിന്നും നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഹിസ്ബുള്ളയ്ക്ക് അംഗീകരിക്കാവുന്ന വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേല്‍ തന്നെ മുന്നോട്ട് വെക്കുന്നത് മാത്രമാണ് മാര്‍ഗം. ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ സൈനിക സമീപനം തന്നെയായിരിക്കും പിന്തുടരുക.
ഏത് വെല്ലുവിളിയും നേരിടാന്‍ ഹിസ്ബുള്ളയുടെ യുദ്ധ സന്നാഹങ്ങള്‍ സജ്ജമാണ്. എത്രകാലം യുദ്ധം തുടരുന്നുവോ അത്രയും കാലം എന്തും നേരിടാനുള്ള ശക്തി ഹിസ്ബുള്ളയ്ക്കുണ്ട്. ഹസന്‍ നസ്റല്ലയുടെയും മറ്റ് നേതാക്കളുടെയും കൊലപാതകത്തിന് ഇസ്രായേല്‍ കണക്ക് പറയേണ്ടതായി വരുമെന്നും ഇനി ഏത് യുദ്ധ തന്ത്രമാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഖാസിം പറഞ്ഞിരുന്നു.
അതേസമയം, പേജര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 40 പേരെ കൊലപ്പെടുത്തിയതായും 3,000 ത്തോളം പേര്‍ക്ക് പരിക്കേറ്റതായും നെതന്യാഹു അറിയിച്ചു.
അതേസമയം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 188 മാധ്യമപ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. ഏറ്റവും അവസാനം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പേരും ഗസ ആസ്ഥാനമായ സര്‍ക്കാര്‍ മീഡിയ ഓഫീസ് പുറത്തുവിട്ടു. അനഡോലു ന്യൂസ് ഏജന്‍സിയിലെ ജീവനക്കാരായ സഹ്‌റ മുഹമ്മദ് അബു സാഖില്‍, അഹമ്മദ് മുഹമ്മദ് അബൂ സാഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ട സഹോദരങ്ങളാണ് ഇരുവരും.
ജബലിയയില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നത്. ആക്രമണത്തില്‍ ഗസയില്‍ 44 പേരും ലെബനനില്‍ 31 പേരുമാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.