ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശബ്ദ പ്രചാരണം; ജനം നാളെ വിധിയെഴുതും
ചേലക്കരയിലും വയനാട്ടിനും ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. പരാമവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് സ്ഥാനാർഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും
പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും. ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക.
ചേലക്കര നിയമസഭ മണ്ഡലത്തിൽ 2,13,103 വോട്ടർമാരാണുള്ളത്. ഇതിൽ 1,01,903 പുരുഷൻമാരും 1,11,197 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു. 10,143 പേർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പേര് ചേർത്ത പുതിയ വോട്ടർമാരാണ്
ചേലക്കരയിൽ തുടർ വിജയം പ്രതീക്ഷിച്ചാണ് എൽഡിഎഫ് ഇറങ്ങുന്നത്. എന്നാൽ രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തൃശ്ശൂർ പിടിച്ചത് പോലെ ചേലക്കരയും പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.