Kerala

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: കരുതൽ വിടരുത്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.

അതേസമയം മലപ്പുറം കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നുവെന്ന് റിപ്പോർട്ട്. പ്രദേശത്ത് നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകള്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതോടെ വീണ്ടും മഞ്ഞപ്പിത്തത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ. രോ​ഗം വരാതെ നോക്കുക എന്നതുമാത്രമാണ് ആകെയുള്ള പ്രതിവിധി , വന്നാൽ തന്നെ കൃത്യമായി ഡോക്ടർ പറയുന്ന നിർദേശങ്ങൾ പാലിക്കുക. സ്വയം ചികിത്സ ഒഴുവാക്കുക.

എങ്ങനെയൊക്കെ പകരും ?

മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ, വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുകവഴിയും പകരാം.

​‌രോ​ഗത്തെ പ്രതിരോധിക്കാനുള്ള ഏകമാർ​ഗം നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുക എന്നതാണ്. പുറത്തുനിന്ന് വെള്ളം കുടിക്കാതിരിക്കുകയാണ് ബുദ്ധി. വർഷകാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനമാവാനിടയുണ്ട്. 60 ഡിഗ്രി ചൂടിൽ ഒരു മിനിറ്റ് തിളച്ചാൽത്തന്നെ വൈറസുകൾ നശിക്കും. അതിനുശേഷം ആറ്റി ഉപയോഗിക്കാം.

മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ

ചെറിയ പനിയാണ് തുടക്കം. നല്ല ക്ഷീണം . തലവേദനയും മനംപിരട്ടലും ഛർദ്ദി. മൂത്രത്തിനും മലത്തിനും നിറവ്യത്യാസം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ. അപ്പോൾ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകൾ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.

Related Articles

Back to top button