വരും ജന്മം നിനക്കായ്: ഭാഗം 32
രചന: ശിവ എസ് നായർ
“ഗായത്രീ… ഈ മാസം നിനക്ക് പീരിയഡ്സ് ആയില്ലേ?” രാവിലെ കിച്ചണിൽ ഊർമിളയെ സഹായിക്കുകയായിരുന്നു ഗായത്രി. അപ്പോഴാണ് അവരുടെ ആ ചോദ്യം.
“ഇല്ലമ്മേ… ആയിട്ടില്ല.” അവളുടെ ശബ്ദമൊന്ന് പതറി.
“രണ്ട് മൂന്ന് ദിവസമായില്ലേ…” ഊർമിള അടുത്ത ചോദ്യമെറിഞ്ഞു.
“ഉം…”
“എങ്കിൽ നിനക്കൊരു പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കിക്കൂടെ. ഇവിടെ വന്നിട്ട് നിനക്കിത് വരെ ഇങ്ങനെ ലേറ്റ് ആയിട്ടില്ലല്ലോ.”
“അതിന് എനിക്ക് പ്രെഗ്നൻസിയുടെ യാതൊരു ലക്ഷണവും ഇല്ലമ്മേ. പിന്നെ ഇത്രയും നാൾ കറക്റ്റ് ആയി ഡേറ്റ് ആയതുകൊണ്ട് ഇനി തെറ്റി കൂടെന്നും ഇല്ലല്ലോ.”
“എല്ലാവർക്കും ഗർഭിണിയുടെതായ ലക്ഷണങ്ങൾ കാണിക്കണമെന്ന് നിർബന്ധമൊന്നുമില്ല. ടെസ്റ്റ് ചെയ്ത് നോക്കിയാൽ അറിയാം സത്യാവസ്ഥ.”
“അമ്മ വെറുതെ അങ്ങനെയൊന്നും ചിന്തിക്കണ്ട. എനിക്ക് ഡേറ്റ് തെറ്റിയത് ഇത് കൊണ്ടൊന്നും ആവില്ലെന്നാ എനിക്ക് തോന്നുന്നത്.” ഉള്ളിലെ പേടി മറച്ച് സ്വാഭാവികതയോടെ അവൾ പറഞ്ഞു.
“ഇനി പ്രെഗ്നന്റ് എങ്ങാനും ആണെങ്കിൽ ഞങ്ങളെ അറിയിക്കാതെ കളയാൻ വല്ലോം ആണോ നിന്റെ മനസ്സിലിരിപ്പ്.”
“അമ്മായിങ്ങനെ എഴുതാപ്പുറം വായിക്കരുത്. ഇങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല.”
“അല്ല… നിങ്ങൾക്കിപ്പോ കുട്ടികൾ വേണ്ടെന്നാണ് തീരുമാനമെങ്കിൽ എന്നോർത്ത് പറഞ്ഞതാ. ഇപ്പോഴത്തെ പിള്ളേർക്ക് ഓരോരോ വേണ്ടാത്ത ആഗ്രഹങ്ങളല്ലെ.”
“ഞാൻ പ്രെഗ്നന്റ് അല്ലെന്ന് എനിക്കുറപ്പുണ്ട്. ഇനി അമ്മയ്ക്ക് സംശയം ഉണ്ടെങ്കിൽ ഞാൻ എന്തായാലും ഒരു കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്ത് കാണിക്കാം. അപ്പോഴെങ്കിലും വിശ്വസിക്കുമല്ലോ.” ഊർമിളയുടെ സംസാരം കേട്ടപ്പോൾ പെട്ടെന്നവരോട് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.
പറഞ്ഞു കഴിഞിട്ടാണ് ഗായത്രിക്ക് അബദ്ധം മനസ്സിലായത്. ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ കഷ്ടകാലത്തിനു താൻ ഗർഭിണിയാണെങ്കിൽ അവരോട് അക്കാര്യം മറച്ചു വയ്ക്കാൻ പിന്നെ പറ്റില്ല. അഥവാ താനിപ്പോൾ പ്രെഗ്നന്റ് ആണെങ്കിൽ തന്നെ ആരുമറിയാതെ അതില്ലാതാക്കണം എന്നൊക്കെയായിരുന്നു ഗായത്രിയുടെ മനസ്സിൽ. കാരണം ശിവപ്രസാദുമായുള്ള ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോയ ശേഷം മതി ഒരു കുഞ്ഞെന്ന ചിന്തയായിരുന്നു അവളിൽ.
തങ്ങളുടെ ജീവിതം ഒരു നിലയ്ക്കെത്താതെ കുഞ്ഞ് കൂടി ഉണ്ടാവുന്നത് സത്യത്തിൽ ആ കുഞ്ഞിനോട് കാണിക്കുന്ന ദ്രോഹമാണ്. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുമിച്ച് അനുഭവിച്ചു വളരാൻ ജനിക്കുന്ന കുഞ്ഞിനും അവകാശമുണ്ട്. മാതാപിതാക്കളുടെ ജീവിതം നല്ല രീതിയിലല്ല പോകുന്നതെങ്കിൽ അത് കുഞ്ഞിനേയും ബാധിക്കും.
തുടക്കത്തിൽ തന്നെ കല്ല് കടിയോടെ തുടങ്ങിയ ലൈഫാണ് ഗായത്രിയുടെയും ശിവപ്രസാദിന്റെയും. അവനെ അവൾ മനസ്സ് കൊണ്ട് അക്‌സെപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ടാണ് അവൾക്ക് ഉടനെ ഒരു കുഞ്ഞിനെ കുറിച്ച് താല്പര്യമില്ലാത്തത്. അത് പക്ഷേ മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ല.
“എന്തായാലും നിനക്ക് ഡേറ്റ് തെറ്റിയിട്ട് കുറച്ചു ദിവസമായില്ലേ. നമുക്കിന്ന് തന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കാം. സന്തോഷ വാർത്തയെങ്ങാനും ഉണ്ടെങ്കിൽ കയ്യോടെ തന്നെ ഡോക്ടറിൽ നിന്ന് വേണ്ട ചികിത്സയും ഉപദേശവുമൊക്കെ കിട്ടുമല്ലോ.” ഊർമിള സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ടതും ഗായത്രിക്ക് താൻ പെട്ടത് പോലെ തോന്നി.
“ഇന്ന് തന്നെ പോണോ. എനിക്ക് കോളേജിൽ പോകാനുണ്ട്.”
“ഹോസ്പിറ്റലിൽ പോയിട്ട് അതുവഴി നീ കോളേജിൽ പൊയ്ക്കോ. ശിവ കൊണ്ട് വിടുമല്ലോ.”
ഊർമിളയുടെ നിർബന്ധം കാരണം ഗായത്രിക്ക് ഒഴിവ് കഴിവൊന്നും പറയാൻ പറ്റിയില്ല.
🍁🍁🍁🍁🍁
ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഉടനീളം ഗായത്രി നല്ല ടെൻഷനിൽ തന്നെയായിരുന്നു. എന്തായിരിക്കും അറിയാൻ പോകുന്ന റിസൾട്ട് എന്നോർത്ത് അവൾക്ക് ആകെയൊരു ശരീരം മൊത്തം കുഴയുന്ന പോലെയും വയറു വേദനയും നെഞ്ചിലൊരു ഭാരം കയറ്റി വച്ചത് പോലെയൊക്കെ ആയിരുന്നു.
ഒപിയിൽ ചെന്ന് ടോക്കൺ എടുത്തുകൊണ്ട് വന്നത് ശിവപ്രസാദാണ്.
ഗായത്രിക്ക് പത്താം നമ്പരാണ് കിട്ടിയത്.
ഡോക്ടർ പരിശോധിക്കാൻ എത്തിയതും ഓരോ ടോക്കണായി വിളിച്ചു തുടങ്ങി.
തന്റെ ടെൻഷൻ മുഖത്ത് കാണിക്കാതെ വളരെ സ്വാഭാവികമായി നിൽക്കാൻ ഗായത്രി നന്നേ പാടുപെട്ടു. അവൾക്ക് ഡേറ്റ് തെറ്റിയെന്ന് കേട്ടപ്പോൾ മുതൽ ശിവപ്രസാദും ഊർമിളയും പ്രതീക്ഷയിലാണ്. ഇരുവരുടെയും സന്തോഷം കാണുമ്പോൾ ഗായത്രിക്ക് നെഞ്ചിടിപ്പ് കൂടും.
ഉടനെ കുഞ്ഞുങ്ങൾ വേണ്ടെന്ന് അവളോട് പറഞ്ഞിരുന്ന ശിവപ്രസാദ് ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങുമ്പോൾ പറഞ്ഞത് ദൈവമായിട്ട് നമുക്കൊരു കുഞ്ഞിനെ തന്നെങ്കിൽ നമുക്കതിനെ സ്വീകരിക്കാം എന്നാണ്. തനിക്ക് മാത്രമാണ് ഒരു കുഞ്ഞെന്ന മോഹം ഇല്ലാത്തതെന്ന് അവളോർത്തു. ഈ കാര്യത്തിലെങ്കിലും ദൈവം തന്റെ മനസ്സ് കണ്ടറിഞ്ഞു പ്രവർത്തിക്കണേ എന്ന് ഗായത്രി നെഞ്ചുരുകി പ്രാർത്ഥിച്ചു.
പത്താമത്തെ ടോക്കൺ വിളിച്ചപ്പോൾ ഗായത്രിക്കൊപ്പം ശിവപ്രസാദും ഊർമിളയും ഡോക്ടറുടെ മുറിയിലേക്ക് ചെന്നു.
“എന്താ പ്രശ്നം?” ഡോക്ടർ റഷീദ് ഗായത്രിയോടായി ചോദിച്ചു.
“ഡേറ്റ് തെറ്റിയിട്ട് അഞ്ചു ദിവസം കഴിഞ്ഞു ഡോക്ടർ.” അവൾ പറഞ്ഞു.
“ഇതുവരെ മോൾക്ക് ഇത്രയും ദിവസം ഡേറ്റ് മാറിയിട്ടില്ല ഡോക്ടർ. ആദ്യമായിട്ടാ ഇങ്ങനെ. കല്യാണം കഴിഞ്ഞിട്ട് ഏഴു മാസമായേ.” ഊർമിള പെട്ടെന്ന് ചാടിക്കേറി പറഞ്ഞു.
“പ്രെഗ്നൻസിയുടെതായ എന്തെങ്കിലും ലക്ഷണങ്ങൾ തോന്നുന്നുണ്ടോ?” ഡോക്ടർ ചോദിച്ചു.
“ഇല്ല ഡോക്ടർ…”
“പ്രെഗ്നൻസി കിറ്റ് വാങ്ങി നോക്കിയിരുന്നോ?”
“ഇല്ല…”
“ഞാനൊരു യൂറിൻ ടെസ്റ്റിന് എഴുതി തരാം. റിസൾട്ട് വരുമ്പോൾ എന്നെ കൊണ്ട് വന്ന് കാണിക്കൂ.”
“ശരി ഡോക്ടർ…” ഗായത്രി ആ പ്രിസ്ക്രിപ്‌ഷൻ വാങ്ങി.
“മോൾക്ക് വിശേഷം ഉണ്ടാവോ ഡോക്ടർ.” ഊർമിള ആവേശത്തോടെ ചോദിച്ചു.
“ആദ്യം ആ കുട്ടി ടെസ്റ്റ് ചെയ്തിട്ട് വരട്ടെ. ഡേറ്റ് തെറ്റിയത് കൊണ്ട് അത് പ്രെഗ്നൻസി തന്നെയാവണം എന്നൊന്നും നിർബന്ധമില്ല. പല കാരണം കൊണ്ടും പീരിയഡ്സ് വൈകാം.” ഡോക്ടർ റഷീദ് അങ്ങനെ പറഞ്ഞപ്പോൾ ഊർമിളയുടെ മനസ്സിടറി.
🍁🍁🍁🍁🍁
ലാബിൽ പോയി യൂറിൻ ടെസ്റ്റിന് കൊടുത്തിട്ട് മൂവരും അതിനുള്ള കാത്തിരിപ്പിലായി. ശിവപ്രസാദിനും ഊർമിളയ്ക്കും നല്ല പ്രതീക്ഷയുണ്ട്. ആദ്യം ഗായത്രിക്കൊരു ടെൻഷൻ തോന്നിയെങ്കിലും ഇപ്പോ അവൾക്കൊരു സമാധാനം തോന്നുന്നുണ്ട്. ഒപ്പം ദൈവം തന്നെ കൈവിടില്ല എന്നൊരു പ്രതീക്ഷയും.
അര മണിക്കൂർ കഴിഞ്ഞപ്പോൾ റിസൾട്ട് കിട്ടി. യൂറിൻ പ്രെഗ്നൻസി ടെസ്റ്റ് നെഗറ്റീവ് എന്ന റിസൾട്ട് വായിച്ചതും അമ്മയുടെയും മോന്റെയും മുഖം കടലാസ് പോലെ വിളറി. ഗായത്രി മാത്രം ഉള്ള് കൊണ്ട് സന്തോഷിച്ചു.
“അമ്മയോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇത് അതൊന്നും ആവില്ലെന്ന്.” അവൾ പറഞ്ഞത് കേട്ട് ഊർമിള ചുണ്ട് കൂർപ്പിച്ചു.
“ഇളയ മോന് കുഞ്ഞായി… മൂത്തവന് ഒന്നും വേണ്ടേ എന്ന് എല്ലാവരും എന്നോട് ചോദിക്കുമ്പോൾ ഞാൻ ഓരോന്നു ആഗ്രഹിച്ചു പോവും. നിങ്ങളോട് ആരുമൊന്നും ചോദിക്കുന്നില്ലെന്ന് കരുതി എന്നോട് അങ്ങനെ ആവില്ലല്ലോ.”
“അമ്മ വാ… നമുക്ക് ഡോക്ടറെ കണ്ടിട്ട് പോകാം.” നിരാശ മറച്ച് ശിവപ്രസാദ് പറഞ്ഞു.
മൂവരും റിസൾട്ട് കാണിക്കാൻ വീണ്ടും ഡോക്ടറെ സമീപം വന്നു.
“ഗായത്രി പ്രെഗ്നന്റ് അല്ല… റിസൾട്ട് നെഗറ്റീവാണ്.” റിപ്പോർട്ട് നോക്കി റഷീദ് ഡോക്ടർ പറഞ്ഞു.
“ഗർഭിണി അല്ലെങ്കിൽ പിന്നെ ഡേറ്റ് തെറ്റാൻ എന്താ ഡോക്ടറെ കാരണം.” ഊർമിള ചോദിച്ചു.
“അതിപ്പോ കാരണം പലതാവാം. എന്തായാലും ഈ വീക്ക് കൂടി ഒന്ന് നോക്കു. പീരിയഡ്സ് ആവുന്നില്ലെങ്കിൽ ഒന്ന് രണ്ട് ടെസ്റ്റ് കൂടി ചെയ്യേണ്ടി വരും. പിസിഒടിയോ തൈറോയ്ടോ എന്തും ആവാം റീസൺ… നമുക്ക് കണ്ട് പിടിക്കാം. പിന്നെ ഓവർ സ്‌ട്രെസ് കൊണ്ടും ലേറ്റ് ആവാം.” ഡോക്ടർ പറഞ്ഞത് കേട്ട് ഗായത്രിക്ക് ഏറെ ആശ്വാസം തോന്നി.
🍁🍁🍁🍁🍁
ഹോസ്പിറ്റലിൽ നിന്നും തിരികെയുള്ള യാത്രയിൽ തങ്ങളുടെ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തെറ്റിയ വിഷമത്തിലായിരുന്നു ശിവപ്രസാദും ഊർമിളയും. ആരും പരസ്പരം അധികമൊന്നും സംസാരിച്ചില്ല. അമ്മയെ വീട്ടിലാക്കി ഗായത്രിയെ കോളേജിൽ വിട്ടിട്ട് അവൻ ഓഫീസിലേക്കും പോയി.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഗായത്രിയെ ഉറക്കിയിട്ടുള്ള ശിവപ്രസാദിന്റെ പ്രവർത്തികൾ തുടർന്ന് കൊണ്ടിരുന്നു.
ഒരാഴ്ചയും രണ്ടാഴ്ചയും കഴിഞ്ഞു പോയിട്ടും ഗായത്രിക്ക് പീരീഡ്സായില്ല. വീണ്ടും റഷീദ് ഡോക്ടറെ കണ്ട് ടെസ്റ്റുകളും സ്കാനിംഗും ഒക്കെ ചെയ്തപ്പോഴാണ് അവൾക്ക് ഓവറിയിൽ സിസ്റ്റ് വളരുന്നത് കണ്ടെത്തിയത്. ഒപ്പം ചെറിയ രീതിയിൽ തൈറോയ്ഡുമുണ്ട്. ഡോക്ടർ മെഡിസിൻസ് നൽകി. ആറു മാസം കൃത്യമായി മെഡിസിൻ ഫോളോ ചെയ്യാൻ പറഞ്ഞു.
എല്ലാം നോർമൽ ആയാലേ ഗായത്രി പ്രെഗ്നന്റ് ആവുള്ളു എന്ന് ഡോക്ടർ പറഞ്ഞു അറിഞ്ഞപ്പോൾ ശിവപ്രസാദ് കൂടുതൽ നിരാശനായി. ആറു മാസം കറക്റ്റ് ആയിട്ട് മരുന്ന് കഴിച്ചു മാറ്റാവുന്നതേയുള്ളൂ. അതുവരെ താനിനി കാത്തിരിക്കണമല്ലോ എന്നതാണ് അവനെ വിഷമിപ്പിച്ചത്. അത് പക്ഷേ ഗായത്രിക്ക് ആശ്വാസമായി തീർന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ശിവപ്രസാദ് തന്റെ നിരാശ അവളുടെ മുന്നിൽ പ്രകടിപ്പിച്ചില്ല. അവൻ സാധാരണ പോലെത്തന്നെ ഗായത്രിയോട് പെരുമാറി പോന്നു.
🍁🍁🍁🍁🍁
ദിനങ്ങൾ കൊഴിഞ്ഞു പോകുന്നതിന് അനുസരിച്ച് ഗായത്രിയും ശിവപ്രസാദും നോർമൽ ലൈഫിലേക്ക് വന്ന് കൊണ്ടിരുന്നു. അവൾ എല്ലാ രീതിയിലും അവനുമായി സഹകരിച്ചു തുടങ്ങിയപ്പോൾ ശിവപ്രസാദ് ബാത്‌റൂമിലും ബെഡ്‌റൂമിലും ഉണ്ടായിരുന്ന ക്യാമറകൾ എടുത്തു മാറ്റി. പക്ഷേ അവൾക്ക് ഇടയ്ക്കിടെ ഉറക്ക ഗുളിക കൊടുക്കുന്ന പ്രവണത മാത്രം അവനുപേക്ഷിച്ചില്ല. അവൻ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഗായത്രിക്ക് ബോധമുണ്ടാവാൻ പാടില്ലെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. കാരണം ശരീരം വേദനിക്കുന്ന രീതിയിലുള്ള ഒരു പരിപാടിക്കും അവളെ കിട്ടില്ലെന്ന് അവനറിയാം. അതുകൊണ്ടാണ് ഈ വളഞ്ഞ വഴി.
ഇടയ്ക്കിടെ ശരീരത്തിനുണ്ടാവുന്ന വേദനയുടെയും കാര്യമായ ക്ഷീണത്തിന്റെയും പൊരുൾ അറിയാതെ ഗായത്രിയാകെ കൺഫ്യൂഷനിൽ ആവാറുണ്ട്. അക്കാര്യം ശിവയോട് സൂചിപ്പിച്ചപ്പോൾ ഈ ആരോഗ്യ പ്രശ്നങ്ങൾ ഒരുപക്ഷെ ഗായത്രി കഴിക്കുന്ന മെഡിസിൻ കാരണമാവാം എന്ന അവന്റെ മറുപടി കേട്ട് ചിലപ്പോൾ അതായിരിക്കും ശരീര വേദനയുടെയും ക്ഷീണത്തിന്റെയും കാരണമെന്ന് അവളും വിചാരിച്ചു.
🍁🍁🍁🍁🍁
അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. ഉച്ച മയക്കം കഴിഞ്ഞ് വൈകുന്നേരം ഉറക്കമുണർന്ന ഗായത്രി ബാത്‌റൂമിൽ പോയി മുഖമൊക്കെ കഴുകി പുറത്തേക്ക് വരുമ്പോൾ കാണുന്നത് അലമാരയിൽ നിന്ന് എന്തോ എടുത്ത് കൊണ്ട് ധൃതിയിൽ താഴേക്ക് പോകുന്ന ശിവപ്രസാദിനെയാണ്.
അവൾ അത് അപ്പോൾ കാര്യമാക്കിയില്ലെങ്കിലും താഴേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഊർമിള ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ച ചായയിൽ അവനെന്തോ കലക്കുന്നത് അവൾ കണ്ടു…..കാത്തിരിക്കൂ………